മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരം ഒഴിയണം. – വി.എം.സുധീരന്‍

കൊലക്കുറ്റവും ഗൂഢാലോചനയും തെളിയിക്കപ്പെട്ട പെരിയ ഇരട്ടകൊലപാതക കേസിലുണ്ടായ കോടതിവിധി അക്രമ രാഷ്ട്രീയത്തിനും അതിനെ കണ്ണുമടച്ചു പ്രോത്സാഹിപ്പിച്ചുവരുന്ന പിണറായി സര്‍ക്കാരിനെതിരെയുള്ള കനത്ത പ്രഹരമാണ്. തുടക്കംമുതല്‍ തന്നെ കേസ് അട്ടിമറിക്കുന്നതിന് ശ്രമിച്ചുവരുന്ന സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യ സമൂഹത്തിന്റെ മുന്നില്‍ പ്രതിക്കൂട്ടിലാണ്.
കൊടും കുറ്റവാളികളായ പ്രതികളെ രക്ഷിക്കുന്നതിന് സി.ബി.ഐ. അന്വേഷണം ഒഴിവാക്കുന്നിതിനായി സര്‍ക്കാര്‍ പണം ദുര്‍വിനിയോഗം ചെയ്ത് സുപ്രീം കോടതിവരെ പൊരുതിയ പിണറായി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ഭരണഘടനയെയും നിയമ വ്യവസ്ഥിതിയെയും ചോദ്യം ചെയ്യുകയായിരുന്നു.
ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ബാദ്ധ്യസ്ഥമായ സംസ്ഥാന ഭരണകൂടം കൃപേഷിന്റെയും ശരത്‌ലാലിന്റെയും ജീവനെടുത്ത ക്രിമിനലുകള്‍ക്ക് രക്ഷാകവചം ഒരുക്കിയത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം തന്നെയാണ്.
ഭരണഘടനയുടെ അന്തസത്തയെയും നിയമവാഴ്ചയെയും വെല്ലുവിളിച്ച് കുറ്റവാളികളായ പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ എല്ലാ അടവുകളും പ്രയോഗിക്കുന്നതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായിക്ക് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത സമ്പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമൊഴിയാന്‍ തയ്യാറായേ മതിയാകൂ.
പത്തോളം പ്രതികളെ വെറുതെവിടാനിടയായ സാഹചര്യത്തെക്കുറിച്ച് സി.ബി.ഐ. ആഴത്തില്‍ പരിശോധിക്കണം. എല്ലാ പ്രതികള്‍ക്കും അര്‍ഹതപ്പെട്ട പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ തുടര്‍നിയമ നടപടിക്ക് തയ്യാറാവുകയും വേണം.
ഈ കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് നിയമപരമായ പ്രതിരോധം തീര്‍ത്ത് സി.ബി.ഐ. അന്വേഷണത്തിന് കളമൊരുക്കുന്നതില്‍ നിര്‍ണ്ണായകമായ ഇടപെടല്‍ നടത്തിയ അഡ്വ.ആസഫ്അലി സമാധാന കാംക്ഷികളായ മുഴുവന്‍ പേരുടേയും മുക്തകണ്ഠം പ്രശംസ അര്‍ഹിക്കുന്നു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading