കൊല്ലം:പുതുവത്സര ദിനത്തിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കമ്പി വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. മയ്യനാട് കൂട്ടിക്കട ആക്കോലിൽ ആലപ്പുര വീട്ടിൽ ഗിരീഷിന്റെ മക്കളായ സച്ചു(22), ബിച്ചു(20), മയ്യനാട് കൂട്ടിക്കട വെളിയിൽ വീട്ടിൽ സൈനുലബ്ദ്ദീൻ മകൻ സൈദലി(21), കൂട്ടിക്കട ആലപ്പുരം വീട്ടിൽ നടേശൻ മകൻ രഞ്ജൻ(50) മയ്യനാട്, കൂട്ടിക്കട ആലപ്പുര വീട്ടിൽ രാജൻ മകൻ കിരൺ(23), മയ്യനാട് വയലിൽ വീട്ടിൽ കിഴക്കതിൽ സന്തോഷ് മകൻ അഖിൽ(22) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. മയ്യനാട് ആക്കോലിൽ മൂലവട്ടം തൊടിയിൽ വീട്ടിൽ വിജേഷിനേയും ഇയാളുടെ ഇളയ സഹോദരനായ വിന്ദേഷിനേയുമാണ് പ്രതികൾ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. മയ്യനാട് ആമ്മാച്ചൻമുക്കിലുള്ള വിജേഷിന്റേയും വിന്ദേഷിന്റേയും വീടിന് സമീപത്ത് നിന്നുകൊണ്ട് പുതുവത്സര ദിനം പുലർച്ചെ 1.30 മണിയോടെ പ്രതികൾ ഉച്ചത്തിൽ ചീത്ത വിളിച്ചത് ചോദ്യം ചെയ്യ്ത വിരോധത്തിൽ പ്രതികൾ ഇരുമ്പ് കമ്പിയും വടിയുമായി എത്തി ഇരുവരേയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ വിന്ദേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. വിജേഷിനും മർദ്ദനത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇരവിപുരം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നരഹത്യാശ്രമത്തിന് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം പിടികൂടുകയായിരുന്നു. ഇരവിപുരം പോലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ ജയേഷ്, സിപിഒ മാരായ അനീഷ്, സുമേഷ്, രാജീവ്, അനുപ്രസാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.