തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടർ, മണിപ്പാൽ യൂണിവേഴ്സിയുടെ ആദ്യ വി.സി തുടങ്ങിയ പദവികൾ അലങ്കരിച്ച ഡോ. എം.എസ് വല്യത്താൻ ആതുര ശുശ്രൂഷാ രംഗത്ത് കേരളത്തിൻ്റെ യശസ്സുയർത്തിയ പ്രതിഭാശാലിയാണ്.
കുറഞ്ഞ ചെലവിൽ തദ്ദേശീയമായി ഹൃദയവാൾവ് നിർമ്മിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് കേരളത്തിന് മഹത്തരമായ നേട്ടമാണ്.
ഹൃദയശസ്ത്രക്രിയയിലും ഡിസ്പോസിബിൾ ബ്ലഡ് ബാഗ് അടക്കമുള്ള, ചികിത്സയ്ക്ക് ആവശ്യമായ നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും അദ്ദേഹത്തിൻ്റെ സംഭാവനകൾ നിസ്തുലമാണ്.
ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം പരമ്പരാഗതമായ ചികിത്സാ സമ്പ്രദായങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് അദ്ദേഹം സ്വീകരിച്ച ചികിത്സാസമീപനം ഏറെ സ്വീകാര്യത നേടിയിരുന്നു.
ആയുർവേദരംഗത്ത് കൂടുതൽ ഗവേഷണങ്ങൾ നടത്തുകയും ആ അറിവുകൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തുവെന്നത് ആധുനിക വൈദ്യശാസ്ത്ര രംഗത്ത് അദ്ദേഹത്തെ വേറിട്ട വ്യക്തിത്വത്തിനുടമയാക്കി.
രാജ്യം പത്മഭൂഷണും പത്മശ്രീയും നല്കി ആദരിച്ച ഡോ. വല്യത്താനെ തേടി അന്തർദ്ദേശീയ പുരസ്കാരങ്ങളും എത്തിയെന്നത് കേരളത്തിനാകെ അഭിമാനമാണ്.
കേരളത്തിൻ്റെ വൈദ്യശാസ്ത്ര രംഗത്തിനാകെ അഭിമാനവും മാതൃകയുമായ ഡോ. എം.എസ്. വല്യത്താൻ്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.