ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിക്ക് വീട് വച്ച് നൽകാനുള്ള സന്നദ്ധത നഗരസഭ സർക്കാരിനെ അറിയിക്കും. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ വേർപാടാണ് ജോയിയുടേത്. കുടുബത്തിന്റെ അത്താണിയായിരുന്നു ജോയി. ജോയിക്ക് പകരമാകില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ നമുക്ക് ആകുന്നതൊക്കെ ചെയ്യണമെന്നാണ് നഗരസഭ കാണുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം കൂടാതെ നഗരസഭയുടെ ഭാഗത്ത് നിന്നും അവരെ സഹായിക്കണം എന്ന അഭിപ്രായം കഴിഞ്ഞ ദിവസം ബഹു. മുഖ്യമന്ത്രിയുമായും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായും നേരിട്ട് കണ്ടപ്പോൾ പങ്ക് വച്ചിരുന്നു. ആ ചർച്ചയുടെ അടിസ്ഥാനത്തിൽ ജോയിയുടെ കുടുംബത്തിന് ഒരു വീട് വച്ച് നൽകുവാനുള്ള നഗരസഭയുടെ താല്പര്യം അടുത്ത കൗൺസിൽ ചർച്ച ചെയ്ത് തീരുമാനിച്ച് സർക്കാരിന് സമർപ്പിക്കും. വീട് വയ്ക്കാനാവശ്യമായ ഭൂമി കണ്ടെത്തുന്നടക്കമുള്ള കാര്യങ്ങളിൽ ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന് ബഹു. പാറശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ ഉറപ്പ് നൽകിയിട്ടുണ്ട്. നടപടികൾ എല്ലാം ദ്രുതഗതിയിൽ പൂർത്തിയാക്കി എത്രയും വേഗം വീട് വച്ച് നല്കണമെന്നാണ് വ്യക്തിപരമായി എന്റെയും ആഗ്രഹം. ജോയിയുടെ കുടുംബത്തിന്റെ ദുഃഖവും നഷ്ടവും വളരെ വലുതാണെന്ന് നമ്മൾ തിരിച്ചറിയുന്നു. അവർക്കൊപ്പം തന്നെയാണ് നഗരസഭ.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.