കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം.മൂന്നു സ്ത്രീകള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഉത്രാടദിനത്തില്‍ രാത്രി 7.10ന് നാടിനെ നടുക്കിയ ദുരന്തം. മൂന്നു സ്ത്രീകള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കോട്ടയത്തുനിന്നു കള്ളാറിലേക്ക് വിവാഹ ചടങ്ങുകള്‍ക്ക് എത്തിയ സംഘത്തിലെ മൂന്നു പേരാണു ട്രെയിന്‍ തട്ടി മരിച്ചത്. ചിങ്ങവനം പാലക്കുടി വീട്ടില്‍ ചിന്നമ്മ ഉതുപ്പായ് (73), നീലംപേരൂര്‍ പരപ്പൂത്തറ ആലീസ് തോമസ് (61), എയ്ഞ്ചലീന ഏബ്രഹാം (30) എന്നിവരാണു മരിച്ചത്.
ശനിയാഴ്ച രാവിലെ മലബാര്‍ എക്‌സ്പ്രസിലാണ് 52 പേര്‍ അടങ്ങുന്ന സംഘം കാഞ്ഞങ്ങാട് എത്തിയത്. ഇവിടെനിന്നു ബസില്‍ കള്ളാറിലേക്ക് പോകുകയായിരുന്നു. കള്ളാര്‍ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വൈകിട്ടോടെ 2 ബസുകളായി സംഘം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തി. ബസിന് സ്റ്റേഷനില്‍ തിരിയാനുള്ള ഇടമില്ലാത്തതിനാല്‍ ട്രോളി പാത്തിന് സമീപത്താണ് ബസ് നിര്‍ത്തി ആളുകളെ ഇറക്കിയത്.
ബസ് ഇറങ്ങി ഒരുസംഘം ട്രോളി പാത്ത് വഴി രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പോയി. പിന്നാലെ എത്തിയവര്‍ ട്രെയിന്‍ വരുന്നത് ഒന്നാം പ്ലാറ്റ്‌ഫോമിലാണെന്ന് ഇവരെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ഇതേ വഴിയിലൂടെ വീണ്ടും ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് തിരികെ വരാന്‍ പാളം മറി കടക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തു നിന്നെത്തിയ കോയമ്ബത്തൂര്‍-ഹിസാര്‍ എക്‌സ്പ്രസ് ട്രെയിന്‍ മൂവരെയും ഇടിച്ചു തെറിപ്പിച്ചത്. നിലവിളിയും ഒച്ചയും കേട്ടു കൂടെയുണ്ടായിരുന്നവര്‍ ഭയന്നു. ആരൊക്കെയാണ് അപകടത്തില്‍ പെട്ടതെന്ന് ആദ്യം തിരിച്ചറിയാനും സാധിച്ചില്ല.പിന്നീടാണ് സംഭവസ്ഥലത്തു നിന്നു 150 മീറ്റര്‍ അപ്പുറത്ത് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നു പേരുടെയും ശരീരം തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായിരുന്നു. ശരീരഭാഗങ്ങള്‍ ചിലത് മംഗളൂരു ജംക്ഷനില്‍ നിന്നും കണ്ടെത്തി. ഹിസാര്‍ എക്‌സ്പ്രസിന് കണ്ണൂര്‍ കഴിഞ്ഞാല്‍ പിന്നെ സ്റ്റോപ് ഉള്ളത് മംഗളൂരു ജംക്ഷനില്‍ മാത്രമാണ്. കള്ളാര്‍ അഞ്ചാലയിലെ ജോര്‍ജ് തെങ്ങുംപള്ളിയുടെ മകന്‍ ജസ്റ്റിന്‍ ജോര്‍ജിന്റെയും കോട്ടയം ചിങ്ങവനം പേരൂരിലെ മാര്‍ഷയുടെയും വിവാഹ ചടങ്ങുകള്‍ക്കാണ് സംഘം എത്തിയത്. വിവാഹ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ മലബാര്‍ എക്‌സ്പ്രസില്‍ തന്നെ കോട്ടയത്തേക്ക് മടങ്ങി.സംഭവത്തെ തുടര്‍ന്നു മലബാര്‍ എക്‌സ്പ്രസ് കോട്ടക്കുളം സ്റ്റേഷനില്‍ പിടിച്ചിട്ടു. പിന്നീട് 8.15ന് ആണ് ട്രെയിന്‍ കാഞ്ഞങ്ങാട് എത്തിയത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഇന്‍സ്‌പെക്ടര്‍ പി.അജിത്ത് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. 3 ആംബുലന്‍സുകളിലായാണു ശരീരഭാഗങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. കലക്ടര്‍ ഇടപെട്ട് രാത്രി തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാനുള്ള നടപടി സ്വീകരിച്ചു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.