അധിനിവേശത്തിന്റെ ജീർണ സംസ്‌കാരം കടന്നുവരുന്നതിനെ കുറിച്ച് കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശാതിർത്തികളെ അതിലംഘിച്ചുകൊണ്ടു മാത്രമല്ല അത് കടന്നു വരുന്നത്.
വൈവിധ്യങ്ങളെ തച്ചുടച്ചുകൊണ്ട് ഏകതാനതയിലേക്ക് ചുരുങ്ങാൻ ശ്രമിച്ച അയൽരാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ നമുക്ക് പാഠമാകേണ്ടതുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ആരാധനക്രമം പിന്തുടരാനും നിർഭയമായി ഓരോ ഇന്ത്യാക്കാരനും കഴിയുന്ന സ്ഥിതി ഈ നാട്ടിൽ നിലനിൽക്കണം.
അത് ഉറപ്പുവരുത്തുക എന്നതാവും നമ്മുടെ ധീരദേശാഭിമാനികൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കാൻ ആത്മസമർപ്പണത്തോടെ പ്രവർത്തിക്കുകു. ഈ പ്രതിജ്ഞ പുതുക്കിക്കൊണ്ടാവട്ടെ ഈ സ്വാതന്ത്ര്യദിനത്തെ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ വിവിധ സേനാവിഭാഗങ്ങളുടെയും മറ്റ് വളന്റിയർമാരുടെയും സല്യൂട്ട് മുഖ്യമന്ത്രി സ്വീകരിച്ചു. കനത്ത മഴയെ അവഗണിച്ചുകൊണ്ട് പരേഡിൽ തമിഴ്നാട് നിന്നുള്ള പൊലീസ് സേനാംഗങ്ങളും പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്കു കടക്കുകയാണിന്ന്. സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണ്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടെയും സ്മൃതികൾ ആരിലാണ് സന്തോഷവും അഭിമാനവും നിറയ്ക്കാത്തത്. എന്നാൽ, അത്രയേറെ ഉള്ളുതുറന്ന് സന്തോഷിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിലല്ല, നാമിന്നുള്ളത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്തം നമ്മുടെ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
വൈവിധ്യങ്ങളുടെ ഒരു വലിയ സമന്വയമാണ് ഇന്ത്യ എന്ന രാഷ്ട്രം. നമ്മുടെ രാഷ്ട്രത്തിന്റെ നിലനിൽപ്പുതന്നെ നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ സങ്കൽപത്തിലൂന്നിയതാണ്. എന്നാൽ, അതിനെ തകർക്കാനുള്ള ശ്രമങ്ങൾ ഇന്ന് ചില കോണുകളിൽ നിന്ന് ഉണ്ടാവുകയാണ്. വൈവിധ്യങ്ങളെ തച്ചുടച്ചുകൊണ്ട് ഏകതാനതയിലേക്ക് ചുരുങ്ങാൻ ശ്രമിച്ച നമ്മുടെ അയൽരാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഈ ഘട്ടത്തിൽ നമുക്ക് പാഠമാകേണ്ടതുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ആരാധനക്രമം പിന്തുടരാനും നിർഭയമായി ഓരോ ഇന്ത്യാക്കാരനും കഴിയുന്ന സ്ഥിതി ഈ നാട്ടിൽ നിലനിൽക്കണം. അത് ഉറപ്പുവരുത്തുക എന്നതാവും നമ്മുടെ ധീരദേശാഭിമാനികൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം.
ദേശാതിർത്തികളെ അതിലംഘിച്ചുകൊണ്ടു മാത്രമല്ല, അധിനിവേശത്തിന്റെ ജീർണ സംസ്‌കാരം കടന്നുവരുന്നത്. അധിനിവേശത്തെ, എല്ലാ തലത്തിലും ചെറുക്കാൻ കഴിയുക സ്വന്തമെന്ന നിലയ്ക്ക് അഭിമാനിക്കാൻ തനിമയുള്ള ചിലതുണ്ട് എന്ന് തിരിച്ചറിയുമ്പോഴും അവ നഷ്ടപ്പെടുത്തിക്കൂടാ എന്ന അഭിമാനബോധം ഉണരുമ്പോഴുമാണ്. അതുണർത്താൻ നമ്മുടെ സ്വാതന്ത്ര്യസമര സ്മൃതികൾക്ക് കഴിയട്ടെ. നഷ്ടപ്പെടാൻ വിലപ്പെട്ടതായി ഒന്നുമില്ലെന്നു കരുതുന്ന ഒരു ജനതയെ ഏത് അധിനിവേശ ശക്തിക്കും കീഴടക്കാം. നഷ്ടപ്പെടുത്തിക്കൂടാത്ത ചിലതു തങ്ങൾക്കുണ്ടെന്ന ബോധമാണ് ചെറുത്തുനിൽക്കാൻ കരുത്തു നൽകുന്നത്.
ആ കരുത്തിലൂന്നി നിന്നുകൊണ്ട് രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കാൻ ആത്മസമർപ്പണത്തോടെ പ്രവർത്തിക്കും എന്ന് നമുക്ക് ഏവർക്കും ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞയെടുക്കാം. എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.