Kerala Latest News India News Local News Kollam News

“വയനാടിനായി മണിപ്പൂരിന്റെ മെഴുകുതിരിവെട്ടം”

വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരാനായി കണ്ണൂരിലെത്തിയ എത്തിയ മണിപ്പൂർ വിദ്യാർഥികൾ ആദ്യം ഒരുമിച്ച് മെഴുകുതിരികൾ തെളിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറുന്നതിന് മുമ്പായി വയനാടിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ദുഃഖത്തിൽ പങ്കുചേർന്നു കൊണ്ടും മുഖ്യമന്ത്രിക്കുള്ള കത്ത് കൈമാറി. തുടർന്ന് മണിപ്പൂരിലെ പരമ്പരാഗത ആചാര പ്രകാരം വയനാട്ടിൽ മരണപ്പെട്ടവരോടുള്ള ആദര സൂചകമായി മണിപ്പൂരി ഷോളും കൈമാറി. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന മണിപ്പൂരിൽ നിന്നുമുള്ള വിദ്യാർഥികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകാനായി മണിപ്പൂരിന്റെ പരമ്പരാഗത ആചാരപ്രകാരം എത്തിയത്. ഒരു ലക്ഷം രൂപ സഹായ ധനം കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എ ഡി എം കെ നവീൻ ബാബുവിന് വിദ്യാർഥികൾ കൈമാറി.
യൂണിവേഴ്‌സിറ്റിയിലെ എൽ എൽ ബി വിദ്യാർഥി ഗൗലുങ്കമണിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പഠിക്കുന്ന മണിപ്പൂരി വിദ്യാർഥികളിൽ നിന്നും ശേഖരിച്ച തുകയാണ് സഹായ ധനമായി നൽകിയത്. മണിപ്പൂരിൽ നിന്നുള്ള 50 ഓളം വിദ്യാർഥികൾ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ഡിഗ്രി, പിജി, പി എച്ച് ഡി തുടങ്ങിയ കോഴ്‌സുകൾ ചെയ്യുന്നുണ്ട്. ഇരുപതോളം വിദ്യാർഥികൾ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
കണ്ണൂർ യൂണിവേഴ്‌സിറ്റി വിദ്യാർഥി ക്ഷേമ വിഭാഗം ഡയറക്ടർ ഡോ. നഫീസ ബേബിയുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ കലക്ടറേറ്റിൽ എത്തിയത്. യൂണിവേഴ്‌സിറ്റിയിലെ എൻ എസ് എസ് വിദ്യാർഥികൾ 10 ലക്ഷം രൂപയോളം മുടക്കി ആദ്യ ഘട്ടത്തിൽ വയനാട്ടിലെ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ എത്തിച്ചു നല്കിയിരുന്നതായും വയനാട്ടിലെ ദുരന്തബാധിതർക്കായി 25 വീടുകൾ നിർമ്മിച്ചു നൽകുമെന്നും ഡോ. നഫീസ പറഞ്ഞു. എല്ലാ ദിവസവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലും സംഭരണ കേന്ദ്രങ്ങളിലുമായി യൂണിവേഴ്‌സിറ്റിയിലെ 50 എൻ എസ് എസ് അംഗങ്ങൾ സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും ഡോ. നഫീസ പറഞ്ഞു.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading