സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2024-25 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ  മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ് നൽകുന്നത്. കല/സാംസ്കാരികം, കായികം, സാഹിത്യം, കാർഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളിൽ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമ്മീഷൻ നിയോഗിച്ച ജൂറി അവാർഡിനായി തിരഞ്ഞെടുത്തത്.

കല/സാംസ്കാരികം മേഖലയിൽനിന്ന്  സമകാലീന മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ അഭിനേത്രി നിഖില വിമൽ അവാർഡിനർഹയായി. ഒരേസമയം വിപണന മൂല്യവും കലാമൂല്യവുമുള്ള സിനിമകളുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവെക്കുകയും സിനിമ പ്രവർത്തനത്തിനോടൊപ്പം പുരോഗമന- സാമൂഹിക – രാഷ്ട്രീയ ഇടപെടലിലൂടെയും പ്രതിബദ്ധതയുള്ള യുവത്വത്തിന്  മാതൃകാജീവിതമാണ് നിഖില വിമൽ.

ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തിൽ കേരളത്തിൻ്റെ സംഭാവനയായി ജ്വലിച്ചുയർന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടർ സജന സജീവനാണ്
കായികരംഗത്തു നിന്ന് അവാർഡിനർഹയായത്.
കേരളത്തിന്റെ അഭിമാനതാരം 2024 ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും അംഗമായിരുന്നു.

ബൗദ്ധികവ്യവഹാരങ്ങളിലും സർഗാത്മകതയിലും തന്റേതായ ഇടം കണ്ടെത്തിയ യുവ എഴുത്തുകാരൻ വിനിൽ പോളിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്കാരം.
എഴുത്ത് ഗവേഷണാത്മകവും സർഗാത്മകവും ചരിത്രപരവുമാണ് എന്ന് വിനിൽ പോളിന്റെ രചനകൾ കാട്ടിത്തരുന്നു. ചരിത്രത്തിൽ നിന്ന് അദൃശ്യരായി പോയ മനുഷ്യരെയും അവരുടെ ശബ്ദങ്ങളെയും അവരുടെ കാൽപ്പാടുകളെയും വീണ്ടെടുത്ത് ആവിഷ്കരിക്കുക എന്ന രാഷ്ട്രീയ ധർമ്മമാണ് വിനിൽ പോൾ തന്റെ എഴുത്തിലൂടെ ചെയ്തുവരുന്നത്.

കാർഷിക ജീവിതത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയ കാസർഗോഡ് സ്വദേശിനി എം. ശ്രീവിദ്യയാണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹയായത്. വൈവിധ്യപൂർണ്ണമായ കൃഷി പരിപാലനവും പരീക്ഷണങ്ങളും വിജയകരമായി നടപ്പിലാക്കുന്ന ശ്രീവിദ്യ സമ്മിശ്രവും സംയോജിതവും ശാസ്ത്രീയവുമായി കൃഷി ചെയ്താണ് വിജയം കൊയ്തെടുക്കുന്നത്

വ്യവസായം/സംരഭകത്വം മേഖലയിൽ
ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കാർഷിക മേഖലക്ക് കൈത്താങ്ങായി ഡ്രോൺ നിർമാണത്തിൽ പെരുമ തീർക്കുന്ന ഫ്യൂസലേജ് കമ്പനിയുടെ സ്ഥാപകനും എം.ഡിയുമായ ദേവന്‍ ചന്ദ്രശേഖരന്‍ അവാർഡിനർഹയായി.
30 വയസില്‍ താഴെയുള്ള മികച്ച സംരംഭകരുടെ ഫോബ്‌സ് ഇന്ത്യ പട്ടികയില്‍ ദേവന്‍ ചന്ദ്രശേഖരന്‍ ഇടംപിടിച്ചിരുന്നു.

മാധ്യമ മേഖലയിൽ നിന്നും റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ. റോഷിപാല്‍ യൂത്ത് ഐക്കണായി  തിരഞ്ഞെടുക്കപ്പെട്ടു.
മാധ്യമപ്രവർത്തനം ഒരേസമയം നീതിപൂർവ്വവും രാഷ്ട്രീയപരവും ആകണമെന്ന തിരിച്ചറിവോടെ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകനാണ് ആർ. റോഷിപാല്‍. തിരുത്തൽ ശക്തിയായി മാധ്യമങ്ങൾ നിലകൊള്ളേണ്ടുന്ന ഒരു കാലത്ത് കേരളീയ യുവത്വത്തിന് മാതൃകാപരമായ മാധ്യമ പ്രവർത്തനത്തിന്റെ സാധ്യതകൾ കാണിച്ചു കൊടുക്കുന്നു എന്നതാണ് ആർ. റോഷിപാലിന്റെ സവിശേഷത.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response