28 May 2026
“വീട്കയറി ആക്രമണം നടത്തിയ കുപ്രസിദ്ധ കുറ്റവാളി പിടിയില്‍”

വീട്കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ ആള്‍ പോലീസ് പിടിയിലായി. തഴുത്തല, കാവുവിള, വിളയില്‍ പുത്തന്‍വീട്ടില്‍ ഹാരിസ് മകന്‍ പൊട്ടാസ് എന്ന് വിളിക്കുന്ന നിഷാദ് (32) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. ഇയാള്‍ പതിനെട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പാ നടപടികള്‍ നേരിട്ടായാളുമാണ്. പ്രതിയെ കുറിച്ചുള്ള വിവരം പോലീസിനെ അറിയിച്ചത് പുതുച്ചിറ സ്വദേശിയായ യുവാവാണെന്ന് ആരോപിച്ചാണ് വീട് കയറി ആക്രമണം നടത്തിയത്. തടയാന്‍ ശ്രമിച്ച യുവാവിന്റെ മകനെയും സുഹൃത്തിനെയും പ്രതി പരിക്കേല്‍പ്പിച്ചു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസ് നരഹത്യശ്രമത്തിന് കേസ് രജിസ്റ്റര് ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവി കിരണ്‍നാരായണ്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ നിഥിന്‍ നളന്‍, അനില്‍കുമാര്‍ സിപിഒ മാരായ റഫീഖ്, വിനോദ് എന്നിവരും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്നണ് പ്രതിയെ പിടികുടിയത്.