Kerala Latest News India News Local News Kollam News

സംവിധായകൻ മോഹൻ ഓർമ്മയായി.

സംവിധായകൻ മോഹൻ ഓർമ്മയായി.

മനോഹരമായ കാവ്യഗീതികളാൽ സമ്പന്നമായിരുന്നു മോഹൻ ചിത്രങ്ങൾ. അവയിൽ ഒരു ക്ലാസ്സിക് ഗാനത്തിന്റെ പിറവിയെ കുറിച്ച്… ഹിമശൈല സൈകത ഭൂമിയിൽ..

പല്ലവി കൊള്ളാം: “ഹിമശൈല സൈകത ഭൂമിയിലിൽ നിന്നു നീ പ്രണയപ്രവാഹമായ് വന്നൂ, അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായ്‌ തീർന്നു..”

അൽപ്പം കാവ്യഭംഗിയൊക്കെ ഉണ്ട്. പക്ഷേ അടുത്ത വരി വായിച്ചതും ദേവരാജൻ മാസ്റ്ററുടെ നെറ്റി ചുളിയുന്നു; മുഖത്ത് നിരാശ പടരുന്നു. “അരിമുല്ല മൊട്ടുകൾ പാതി വിടർന്ന നിൻ അധരം കാണിച്ചുതന്നു…” പോരാ. എവിടെയോ ഒരു ചേർച്ചക്കുറവ് പോലെ. ഉള്ളിൽ തോന്നിയ കാര്യം യുവഗാനരചയിതാവിന്റെ മുഖത്തു നോക്കി വെട്ടിത്തുറന്നു പറഞ്ഞു മാസ്റ്റർ: “കൊള്ളത്തില്ല. തന്റെ പല്ലവിയുടെ നിലവാരത്തിനൊത്ത് നിൽക്കുന്നില്ല ചരണം. അരിമുല്ലയും അധരവും ഒക്കെ എടുത്തു കളഞ്ഞു വൃത്തിയുള്ള വേറൊരു വരി എഴുതിക്കൊണ്ടുവാ..”

ചെന്നൈ കാംദാർ നഗറിലെ ദേവരാജൻ മാസ്റ്ററുടെ വീട്ടിന്റെ മുകൾ നിലയിൽ “ശാലിനി എന്റെ കൂട്ടുകാരി” (1980) എന്ന സിനിമയുടെ കമ്പോസിംഗ് നടക്കുന്നു. പാട്ടെഴുതിക്കൊടുത്ത കടലാസ് കയ്യിൽ നിവർത്തി പിടിച്ചും ഇടയ്ക്ക് നെഞ്ചോട് ചേർത്തും മുറിയിൽ ഉലാത്തുകയാണ് മാസ്റ്റർ. ഭയഭക്തി ബഹുമാനങ്ങളോടെ ഗാനരചയിതാവ് എം ഡി രാജേന്ദ്രനുമുണ്ട് ഒരു മൂലയിൽ. മാസ്റ്ററുടെ പൊടുന്നനെയുള്ള ഭാവപ്പകർച്ച കണ്ട് തെല്ലൊന്ന് വിയർത്തുപോയി താനെന്ന് എം ഡി ആർ. എങ്കിലും ഒരു ആശ്വാസം ഉണ്ടായിരുന്നു. പാട്ടിന്റെ പല്ലവി മാറ്റാൻ പറഞ്ഞില്ലല്ലോ അദ്ദേഹം. പിന്നെ സംശയിച്ചു നിന്നില്ല പാട്ടെഴുത്തുകാരൻ. നേരെ കോണിപ്പടിയിറങ്ങി താഴെ ചെന്നു. സ്വീകരണ മുറിയിലെ സോഫയിലിരുന്ന് അപ്പോൾ തന്നെ പാട്ടിന്റെ ചരണം മാറ്റിയെഴുതി . “അനുയോജ്യമായ വാക്കുകൾ ആ നിമിഷം പേനത്തുമ്പിൽ വന്നു പിറന്നു എന്നത് എന്റെ മഹാഭാഗ്യം. സരസ്വതീ കടാക്ഷം എന്നേ പറഞ്ഞുകൂടൂ..” അന്ന് എം ഡി ആർ മാറ്റിയെഴുതിയ വരികൾ ഇന്ന് മലയാളികൾക്ക് സുപരിചിതം: “നിമിഷങ്ങൾ തൻ കൈക്കുടന്നയിൽ നീയൊരു നീലാഞ്ജന തീർത്ഥമായി, പുരുഷാന്തരങ്ങളെ കോൾമയിർ കൊള്ളിക്കും പീയൂഷ വാഹിനിയായി..”

നാലു പതിറ്റാണ്ടോളമായി ഹിമശൈല സൈകതം'' പിറന്നുവീണിട്ട്. ഇന്നും ആ പാട്ടിന്റെ ആരാധകരെ ദിനംപ്രതിയെന്നോണം കണ്ടുമുട്ടാറുണ്ട് എം ഡി രാജേന്ദ്രൻ. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയഗീതികളിൽ ഒന്നായി ആ ഗാനത്തെ വാഴ്ത്തുന്നവർ നിരവധി.കവികളും രാഷ്ട്രീയക്കാരും സിനിമാക്കാരും ബിസിനസ്സുകാരും തൊട്ട് സാധാരണക്കാരായ തൊഴിലാളികൾ വരെ ഹിമശൈലത്തെ കുറിച്ച് സ്നേഹവാത്സല്യങ്ങളോടെ സംസാരിക്കുന്നത് കേൾക്കുമ്പോൾ ആഹ്ലാദവും സംതൃപ്തിയും തോന്നും. ആ ഒരൊറ്റ ഗാനത്തിനോടുള്ള സ്നേഹം കൊണ്ട് മാത്രം എന്നെ സ്വന്തം പടത്തിൽ വിളിച്ചു പാട്ടെഴുതിച്ച നിർമ്മാതാക്കൾ വരെയുണ്ട്. അപ്പോഴൊക്കെ ശാലിനി എന്റെ കൂട്ടുകാരിയുടെ നിർമ്മാതാവായ വിന്ധ്യനെ, സംവിധായകൻ മോഹനെ, എല്ലാറ്റിനുമുപരി സാക്ഷാൽ ദേവരാജൻ മാസ്റ്ററെ മനസ്സ് കൊണ്ട് പ്രണമിക്കും ഞാൻ. അവരൊന്നുമില്ലെങ്കിൽ ആ പാട്ടുമില്ലല്ലോ..” ഇഷ്ടഗായിക എസ് ജാനകി വേണം അത് പാടാൻ എന്നായിരുന്നു കംപോസിംഗ് സമയത്ത് എം ഡി ആറിന്റെ ആഗ്രഹം. പക്ഷേ പാടിയത് മാധുരി. “പരാതിയില്ല. കാരണം അത്രയും ഭാവമധുരമായാണ് മാധുരി അത് പാടിവെച്ചിരിക്കുന്നത്. അവരുടെ ഏറ്റവും മികച്ച പാട്ടുകളിലൊന്ന് എന്ന് നിസ്സംശയം പറയാം.”

ഒരു നിശബ്ദ പ്രണയത്തിന്റെ അറിയാക്കഥ കൂടിയുണ്ട് “ഹിമശൈല സൈകത”ത്തിന് പിന്നിൽ. ആകാശവാണിക്ക് വേണ്ടി ലളിതഗാനമായി എം ഡി രാജേന്ദ്രൻ എഴുതിയ പാട്ടാണത്. പല്ലവി വ്യത്യസ്‍തമായിരുന്നുവെന്ന് മാത്രം. കുളിരുള്ളോരോമൽ പ്രഭാതത്തിലിന്നലെ കനകലതേ നിന്നെ കണ്ടൂ, അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന ഋതുകന്യ പോലെ നീ നിന്നു.'' അതായിരുന്നു തുടക്കം. എന്നെയെനിക്ക് തിരിച്ചുകിട്ടാതെ ഞാൻ എന്ന് തുടങ്ങുന്ന ബാക്കി വരികൾ സിനിമാപ്പാട്ടിൽ ഉള്ളപോലെ തന്നെ. നിഗൂഢമായ ഒരു ആഗ്രഹം ഉള്ളിലൊതുക്കിക്കൊണ്ടാണ് ആ പാട്ടെഴുതിയത് — ആയിടെ എന്നെ കണ്ടു പരിചയപ്പെടാൻ വന്ന സുന്ദരിയായ ആരാധിക റേഡിയോയിൽ അത് കേൾക്കണം. എന്നെ ഇഷ്ടപ്പെടണം. ആ കുട്ടിയോട് ചെറിയൊരു പ്രണയം തോന്നിയിരുന്ന കാലമാണ്; ഇങ്ങോട്ട് അതുണ്ടോ എന്നറിയില്ലെങ്കിലും.” എം ഡി ആർ ചിരിക്കുന്നു. “കുട്ടിയുടെ പേര് ലത. പല്ലവിയിൽ ഞാൻ അവളെ കനകലതയാക്കി. എങ്ങാനും ആ പാട്ട് കേട്ട് എന്റെ മനോവികാരം അവൾ തിരിച്ചറിഞ്ഞാലോ?” അതൊരു സ്വപ്നം മാത്രമായി അവശേഷിച്ചു എന്നത് മറ്റൊരു കാര്യം.

വീണാവിദ്വാൻ കൂടിയായ അനന്തപദ്മനാഭനാണ് ബാഗേശ്രീ രാഗത്തിൽ ആ ഗാനം ആകാശവാണിക്ക് വേണ്ടി മനോഹരമായി ചിട്ടപ്പെടുത്തിയതെന്നോർക്കുന്നു എം ഡി ആർ. പാടിയത് പി ജയചന്ദ്രൻ. അഞ്ചാറ് മാസത്തിനു ശേഷം ഒരു നാൾ `ശാലിനി എന്റെ കൂട്ടുകാരി'യ്ക്ക് വേണ്ടി കവിത പോലുള്ള ഒരു രചന വേണം എന്ന് വിന്ധ്യൻ വിളിച്ചുപറഞ്ഞപ്പോൾ പെട്ടെന്ന് ഓർമ്മവന്നത് ഈ ലളിത ഗാനമാണ്. അതിലെഎന്നെയെനിക്ക് തിരിച്ചുകിട്ടാതെ ഞാൻ ഏതോ ദിവാസ്വപ്നമായി, ബോധമബോധമായ് മാറും ലഹരിതൻ സ്വേദപരാഗമായ് മാറി” എന്ന വരി ഈ സിനിമയിലെ സന്ദർഭത്തിന് നന്നായി ഇണങ്ങുമല്ലോ എന്ന് തോന്നി. ഹിമശൈല സൈകത ഭൂമിയിൽ എന്ന പല്ലവി അതിന്റെ തുടക്കത്തിൽ എഴുതിച്ചേർക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. നേരത്തെ ലളിതഗാനമായി വന്ന വരികൾ മാറ്റിയെഴുതിയതാണെന്ന് മാസ്റ്ററോട് പറഞ്ഞപ്പോൾ അദ്ദേഹം എതിർപ്പൊന്നും പറഞ്ഞില്ല. ലളിതഗാനം മറ്റൊരു ശൈലിയിൽ, രാഗത്തിൽ ചിട്ടപ്പെടുത്തിയതാണല്ലോ എന്നോർത്തിരിക്കണം അദ്ദേഹം.”

ശാലിനി എന്റെ കൂട്ടുകാരി’യിൽ വേറെയും നല്ല പാട്ടുകൾ എഴുതിയിട്ടുണ്ട് എം ഡി ആർ. സുന്ദരീ നിൻ തുമ്പ് കെട്ടിയിട്ട ചുരുൾ മുടിയിൽ, വിരഹം വിഷാദാർദ്ര ബിന്ദുക്കളാലെന്നും.. രണ്ടും യേശുദാസ് പാടിയ ഗാനങ്ങൾ. നേരത്തെ ആകാശവാണിക്ക് വേണ്ടി പി കെ കേശവൻ നമ്പൂതിരി ചിട്ടപ്പെടുത്തിയ ലളിതഗാനമാണ് സുന്ദരീ എന്ന ഗാനമായി സിനിമയിൽ വന്നത്. (അതിൽ തുടക്കത്തിലെ സുന്ദരീ എന്ന അഭിസംബോധന മാത്രം ദേവരാജൻ മാസ്റ്റർ എഴുതിച്ചേർത്തതാണെന്ന് എം ഡി ആർ). എങ്കിലും ഹിമശൈല'' എന്ന പാട്ടിനോട് പ്രത്യേകിച്ചൊരു ആത്മബന്ധം മാസ്റ്റർക്ക് ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. താൻ ചിട്ടപ്പെടുത്തിയ ഏറ്റവും നല്ല കാവ്യഗീതിയായി പല വേദികളിലും ഈ രചനയെ എടുത്തു പറഞ്ഞിട്ടുണ്ട് മാസ്റ്റർ എന്നോർക്കുന്നു എം ഡി ആർ.ആദ്യ വായനക്കിടെ പ്രഥമോദബിന്ദു എന്ന വാക്കെത്തിയപ്പോൾ തിരിഞ്ഞ് എന്റെ നേരെ നോക്കി അപൂർവമായ ഒരു മന്ദഹാസത്തോടെ മാസ്റ്റർ ചോദിച്ച ചോദ്യം ഇപ്പോഴും കാതിലുണ്ട് .– കാളിദാസനെയും താൻ വെറുതെ വിടില്ല , അല്ലേ എന്ന്. സാഹിത്യത്തിലും സംസ്കൃതത്തിലും നല്ല വ്യുല്പത്തിയുള്ള ഒരാൾക്കേ അങ്ങനെ ചോദിക്കാനാകൂ. അതായിരുന്നു മാസ്റ്റർ.” (പ്രഥമോദബിന്ദു എന്നാൽ ആദ്യജലകണം. ഇവിടെ പ്രണയപ്രവാഹത്തിലെ ആദ്യ ജലകണം).

പാട്ടു പഠിപ്പിച്ചതും വീട്ടിൽ വെച്ചുതന്നെ. ഓരോ വാക്കിന്റെയും ഉച്ചാരണം മാത്രമല്ല ആവശ്യമായ ഭാവം എന്താണെന്നു കൂടി ക്ഷമയോടെ മാധുരിയെ പറഞ്ഞും പാടിയും പരിശീലിപ്പിക്കുന്ന മാസ്റ്ററുടെ ചിത്രം മറക്കാനാവില്ല. എന്നെ എനിക്ക് തിരിച്ചുകിട്ടാതെ എന്ന വരിയാണ് അദ്ദേഹത്തിന് കൂടുതൽ ഇഷ്ടപ്പെട്ടതെന്ന് തോന്നി. ആവർത്തിച്ച് ആ വരി മാധുരിക്ക് പാടിക്കൊടുക്കുന്നത് ഓർമ്മയുണ്ട്; വാക്കുകൾ എവിടെയൊക്കെ, എങ്ങനെയാണ് മുറിക്കേണ്ടതെന്ന കർശന നിർദ്ദേശത്തോടെ. ആ പാട്ട് ഇന്ന് കേൾക്കുമ്പോൾ മാസ്റ്റർ ഉദ്ദേശിച്ചത് എന്താണെന്ന് കൃത്യമായി തിരിച്ചറിയുന്നു നാം.'' എ വി എം സി തിയേറ്ററിൽ വെച്ചുള്ള റെക്കോർഡിംഗിന് വളരെ ലളിതമായ ഓർക്കസ്‌ട്രയേ ഉണ്ടായിരുന്നുള്ളൂ; പ്രധാനമായും പുല്ലാങ്കുഴൽ മാത്രം. വേണു നാഗവള്ളിയും ശോഭയും ജലജയും പ്രത്യക്ഷപ്പെടുന്ന ആ ഗാനരംഗം അതിന്റെ ഭാവദീപ്തി ഒട്ടും ചോർന്നുപോകാതെ ചിത്രീകരിച്ച മോഹനേയും മറക്കാനാവില്ല.എപ്പോൾ നേരിൽ കാണുമ്പോഴും വേണു നാഗവള്ളി ആ പാട്ടിനെ കുറിച്ച്‌ വികാരഭരിതമായി സംസാരിക്കുമായിരുന്നു. അദ്ദേഹത്തെ ഇന്ന് പലരും ഓർക്കുന്നതുപോലും ആ പാട്ടിലൂടെയല്ലേ?” — എം ഡി ആർ.

ദുഃഖസ്മരണ കൂടിയാണ് കവിക്ക് ആ രചന. “കാലം ഘനീഭൂതമായ് നിൽക്കും അക്കരകാണാ കയങ്ങളിലൂടെ, എങ്ങോട്ടുപോയി ഞാൻ എന്റെ സ്മൃതികളേ നിങ്ങൾ വരില്ലയോ കൂടെ.. മരണത്തെ കുറിച്ചുള്ള പ്രവചനാത്മകമായ വരികൾ. ആ വരികൾക്ക് അറം പറ്റുമെന്ന് സങ്കൽപ്പിച്ചിരുന്നില്ല എം ഡി രാജേന്ദ്രൻ. ശാലിനി എന്റെ കൂട്ടുകാരി പുറത്തിറങ്ങി മാസങ്ങൾക്കകം ശോഭ സ്വയം ജീവനൊടുക്കി. “പതിനേഴു വയസ്സേ ഉണ്ടായിരുന്നുള്ളൂ ആ കുട്ടിക്ക്. .എന്നെ ഞെട്ടിച്ച മരണം. ഇന്നും ആ പാട്ട് കേൾക്കുമ്പോൾ ശോഭയുടെ നിഷ്കളങ്കമായ ചിരിയാണ് മനസ്സിൽ തെളിയുക. ഒപ്പം ഈ വരികളും: എങ്ങോട്ടുപോയി ഞാൻ, എന്റെ സ്മൃതികളേ നിങ്ങൾ വരില്ലയോ കൂടെ…”

— രവിമേനോൻ


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading