Kerala Latest News India News Local News Kollam News

“വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ: ആസിഫ് അലി”

രമേശ് നാരായണിന് അവാർഡ് നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ ആസിഫ് അലി. താൻ അപമാനിക്കപ്പെട്ടതായി തോന്നിയില്ലെന്നും തന്റെ വിഷമങ്ങളും പ്രശ്നങ്ങളും തന്റേത് മാത്രമാണെന്നും ആസിഫ് അലി പറഞ്ഞു. കൊച്ചി സെന്റ് ആൽബേർട്സ് കോളേജിലെ പരിപാടിയിൽ സിനിമ പ്രമോഷന്റെ ഭാഗമായെത്തിയപ്പോഴായിരുന്നു ആസിഫിന്റെ പ്രതികരണം.

സമൂഹമാദ്ധ്യമങ്ങളിൽ കിട്ടുന്ന പിന്തുണയിൽ സന്തോഷമുണ്ട്. എനിക്കുള്ള പിന്തുണ വെറുപ്പിന്റെ പ്രചാരണ വേദിയാക്കി മാറ്റരുത്. ഈ വിഷയത്തിൽ കൂടുതലായി ഇടപെടണം എന്ന് വിചാരിച്ചതല്ല, പക്ഷേ അദ്ദേഹത്തെ സമൂഹമാദ്ധ്യമങ്ങൾ വേട്ടയാടുന്നതും പിന്നാലെയുണ്ടായ ക്യാമ്പെയിനുകളുമൊക്കെ കണ്ടാണ് സംസാരിക്കണം എന്ന് തോന്നിയത്. ആ നിമിഷത്തിൽ അദ്ദേഹത്തിന് തോന്നിയ കാര്യമാണ് അദ്ദേഹം ചെയ്തത്. ഞാൻ അപമാനിക്കപ്പെട്ടതായി തോന്നിയില്ല.

എല്ലാ മനുഷ്യർക്കും സംഭവിക്കാവുന്നതാണ് അദ്ദേഹത്തിനും സംഭവിച്ചത്. ഈ വിഷയത്തിൽ എന്ത് മറുപടി പറയണം എന്ന കൺഫ്യൂഷൻ ആയിരുന്നു ഇന്നലെ. വെറെയൊരു തരത്തിലേക്ക് ഈ ചർച്ച കൊണ്ടുപോകരുത്. അപ്പോഴത്തെ മാനസികാവസ്ഥയിൽ അദ്ദേഹം അങ്ങനെ പ്രതികരിച്ചതാകാം. അദ്ദേഹത്തിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാകും.

ഒന്നാമത്തെ കാര്യം അദ്ദേഹത്തെ വേദിയിലേക്ക് വിളിക്കാൻ മറന്നു. വേദിയിലേക്ക് വിളിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പേര് തെറ്റി വിളിച്ചിരുന്നു. ഇതിന്റെയൊക്കെ മാനസിക പിരിമുറുക്കത്തിലായിരിക്കാം അദ്ദേഹമുണ്ടായിരുന്നത്. എല്ലാ മനുഷ്യന്മാരും പ്രതികരിക്കുന്ന പോലെയാണ് അദ്ദേ​ഹവും പ്രതികരിച്ചത്. അത് കാമറയിൽ വരുമ്പോൾ പലതായി പുറത്തുവന്നു. എനിക്ക് ഒരു വിധത്തിലുള്ള വിഷമമോ പരിഭവമോ ഉണ്ടായിട്ടില്ല. ആ സമയത്ത് അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ എന്തെങ്കിലും തരത്തിലുള്ള പിരിമുറുക്കം ഉണ്ടായിരുന്നിരിക്കാമെന്നാണ് ഞാൻ കരുതുന്നത്.

മതപരമായി പോലും ഈ വിഷയത്തിൽ ആളുകൾ ഇടപ്പെട്ടു. രാവിലെ ഞാൻ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഇത്രയും സീനിയർ ആയ ഒരാൾ എന്നോട് മാപ്പ് പറയേണ്ട അവസ്ഥയിലെത്തി. എന്നെ അപമാനിച്ചതായി എനിക്ക് തോന്നിയില്ല. ഇനിയും അവാർഡ് നൽകാൻ അവസരം ലഭിച്ചാൽ തീർച്ചയായും നൽകും. അത് അഭിമാനമായാണ് ഞാൻ കാണുന്നത്.

കലയോളം തന്നെ കലാകാരന്മാരെ സ്നേഹിക്കുന്നവരാണ് മലയാളികളെന്ന് ഇന്നലെ വീണ്ടും മലയാളികൾ തെളിയിച്ചു. പക്ഷേ അദ്ദേഹത്തിനെതിരെ യുള്ള ക്യാമ്പെയ്നിനോട് എനിക്ക് ഒട്ടും താത്പര്യമില്ല. അദ്ദേഹം ഒരിക്കലും മനഃപൂർവ്വം അങ്ങനെ ചെയ്തതല്ല. അങ്ങനെ ചെയ്യുന്ന ഒരു വ്യക്തിയുമല്ല അദ്ദേഹം.

ജയരാജ് മെമോന്റോ നൽകാൻ എത്തിയപ്പോഴാണ് ‍ഞാൻ പിറകിലേക്ക് മാറിയത്. അദ്ദേഹത്തിന് വേദനിപ്പിക്കാത്ത രീതിയിൽ മറുപടി പറയണം എന്ന് മാത്രമാണ് ഞാൻ വിചാരിച്ചിരുന്നത്. ഞാൻ നൽകുന്ന മറുപടി മറ്റൊരു തലത്തിലും പോകാൻ പാടില്ല- ആസിഫ് അലി പറഞ്ഞു.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading