5 July 2026
സ്വർണ്ണപണയ തട്ടിപ്പ്, ജീവനക്കാരിയുടെ ആത്മഹത്യ സിന്ധു പ്രതിയാകുന്നു

വിഴിഞ്ഞം: സ്വകാര്യ സ്വർണപണയ സ്ഥാപനത്തിലെ ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. കേസുമായി ബന്ധപ്പെട്ട് പനങ്ങോട് സ്വദേശിനി സിന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണപണയ ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.വെങ്ങാനൂർ സ്വദേശിനിയായ അഞ്ചുവും സഹപ്രവർത്തകയും സുഹൃത്തുമായ ഐശ്വര്യയും കഴിഞ്ഞ ജൂൺ 30-നാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ അഞ്ചു മരിച്ചു. ഗുരുതരാവസ്ഥയിലുള്ള ഐശ്വര്യ ഇപ്പോഴും ചികിത്സയിലാണ്.

പൊലീസ് അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ഇരുവരും ജോലി ചെയ്തിരുന്ന സ്വർണപണയ സ്ഥാപനങ്ങളിൽ നാട്ടുകാർ പണയം വെച്ചിരുന്ന ഏകദേശം 70 പവൻ സ്വർണമാണ് സിന്ധുവിന് കൈമാറിയത്. പിന്നീട് ഈ സ്വർണം മറ്റ് സ്ഥാപനങ്ങളിൽ കുറഞ്ഞ പലിശയ്ക്ക് പണയം വെച്ച് പണം സമാഹരിച്ചിരുന്നുവെന്നും, അതിൽ നിന്നുള്ള കമ്മീഷൻ അഞ്ചുവിനും ഐശ്വര്യക്കും ലഭിച്ചിരുന്നുവെന്നുമാണ് കണ്ടെത്തൽ.പിന്നീട് യഥാർത്ഥ ഉടമകൾ സ്വർണം തിരിച്ചാവശ്യപ്പെട്ടപ്പോൾ സ്ഥാപനത്തിന് അത് നൽകാൻ കഴിയാതെ വന്നു. ഇതോടെയാണ് തട്ടിപ്പ് സ്ഥാപനം തിരിച്ചറിയുകയും മാനേജരും ഉടമയും വിവരം അറിയുകയും ചെയ്തത്. സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായ അഞ്ചുവും ഐശ്വര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.

അറസ്റ്റിലായ സിന്ധു മുൻപും നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും സ്വർണ ഇടപാടിന്റെ വ്യാപ്തി എത്രത്തോളമാണെന്നും പരിശോധിച്ചുവരികയാണ്.