28 June 2026
ഇർഫാന ഇക്‌ബാൽ ഒരു പിതാവിൻ്റെ മരണത്തേപ്പോലെ വേദനയുടെ തീവ്രത മറയ്ക്കാതെ കുമാരൻ്റെ മൃതദേഹം എറ്റുവാങ്ങി സംസ്‌കരിച്ചു.

ആരോരുമില്ലാതെ മരണപ്പെട്ട 67 വയസ്സുകാരനായ കുമാരൻ എന്ന വ്യക്തിയുടെ ഭൗതികശരീരം ഏറ്റുവാങ്ങാൻ സ്വന്തം എന്ന് പറയാൻ പോലും ആരും മുന്നോട്ട് വന്നില്ല. അത്തരമൊരു സാഹചര്യത്തിൽ, അദ്ദേഹത്തിന് അർഹമായ ആദരവോടെ അന്ത്യയാത്ര ഒരുക്കാൻ മുന്നിട്ടിറങ്ങിയത് കാസർഗോഡ് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ എന്ന ജനപ്രതിനിധിയായിരുന്നു.

ചിത്രങ്ങളിൽ കാണുന്നതുപോലെ, തട്ടമണിഞ്ഞ ആ മുസ്ലിം വനിത സ്വന്തം കൈകൊണ്ട് ചിതയിലേക്ക് വിറക് എടുത്തുവെക്കുകയും, ഒരു മകളുടെ സ്ഥാനത്ത് നിന്ന് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നിർവഹിക്കുകയും ചെയ്തു. മനുഷ്യനെ മതംകൊണ്ടല്ല, മനുഷ്യത്തം കൊണ്ടാണ് വിലയിരുത്തേണ്ടതെന്ന് സ്വന്തം പ്രവർത്തിയിലൂടെ അവർ സമൂഹത്തോട് പറഞ്ഞുതന്നു.

മരിച്ച കുമാരന് ഭാര്യയും മക്കളുമുണ്ടായിരുന്നു. എന്നാൽ കുടുംബപരമായ ചില കാരണങ്ങളാൽ മൃതദേഹം ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. തുടർന്ന് മൃതദേഹം വിട്ടുകിട്ടുന്നതിനായി അവർ ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാലിന് രേഖാമൂലം സമ്മതപത്രം നൽകി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ ഇർഫാനയും മറ്റ് സാമൂഹിക പ്രവർത്തകരും ചേർന്ന് അത് ഉപ്പളയിലെ ചെറുഗോളി പൊതുശ്മശാനത്തിൽ എത്തിക്കുകയും, പൂർണമായും ഹൈന്ദവ ആചാരപ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തത്.

ആരോരുമില്ലാത്ത ആ ഹൈന്ദവ സഹോദരന് ചിതയൊരുക്കാൻ മുന്നോട്ട് വന്നത് ഒരു മുസ്ലിം വനിതയായ ജനപ്രതിനിധിയായിരുന്നു. അവിടെ ജയിച്ചത് ഒരു മതവുമല്ല… ഒരു രാഷ്ട്രീയവുമല്ല… ജയിച്ചത് മനുഷ്യത്വമാണ്
ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട അമ്പതിലധികം വയോജനങ്ങളെ സംരക്ഷിക്കുന്ന ഉപ്പളയിലെ ഷെയ്ഖ് സായിദ് വൃദ്ധമന്ദിരത്തിന്റെ സ്ഥാപക കൂടിയാണ് അവർ. അധികാരവും പദവിയും ജനങ്ങളെ ഭിന്നിപ്പിക്കാനല്ല, മറിച്ച് അവരെ ചേർത്തുപിടിക്കാനാണെന്ന് അവരുടെ ജീവിതവും പ്രവർത്തനവും വീണ്ടും തെളിയിക്കുന്നു.മനുഷ്യസ്‌നേഹം എല്ലാവരിലും ഉണ്ട് അത് പ്രകടിപ്പിക്കുന്നതിലെ ശൂന്യതയാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. പണ്ട് ഇവിടെയെത്തിയ അന്യ മതക്കാരോട് അന്നത്തെ ഹിന്ദുക്കൾ കാണിച്ച സ്‌നേഹവും ആർക്കാണ് മറക്കാനാകുക.അത് ചരിത്രം ഇത് വർത്തമാനകാലം.