അറിവിന്റെ ലോകത്തേക്ക് ‘സവിശേഷബാല്യങ്ങളെ’ കൈപിടിച്ചാനയിച്ച് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. വേറിട്ടമനസുകളുമായി ജനിച്ചുവളരുന്ന കുട്ടികള്‍ക്കായുള്ള വിദ്യാലയങ്ങളിലെത്തി പുതുഅധ്യയനവര്‍ഷത്തിന് മൂല്യവത്തായ തുടക്കമിടുകയായിരുന്നു ജില്ലാ കലക്ടര്‍. പഴയാറ്റിന്‍കുഴി വിമലഹൃദയ സ്‌പെഷ്യല്‍ സ്‌കൂള്‍, പനയം ബഡ്സ് സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രവേശനോത്സവമാണ് ഉദ്ഘാടനം ചെയ്തത്.
മാനസിക-ബൗദ്ധികവെല്ലുവിളികള്‍നേരിടുന്നകുട്ടികളെ മുഖ്യധാരയിലെത്തിക്കുക സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഓര്‍മിപ്പിച്ച് കുട്ടികളുമായി സ്‌നേഹം പങ്കിട്ടു, അവര്‍ക്ക് ആത്മവിശ്വാസവും പകര്‍ന്നു. കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതില്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ വഹിക്കുന്നപങ്ക് വിലമതിക്കാനാകാത്തതാണ് എന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
സിസ്റ്റര്‍ ഉഷ മേരി, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത വിജയന്‍ എന്നിവര്‍ ഇരു ചടങ്ങുകളില്‍ അധ്യക്ഷരായി. വിമല ഹൃദയ സ്‌പെഷ്യല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ എല്‍ ജെസ്സമ്മ, ഡി ഇ ഒ അഖില സി ഉദയന്‍, പി ടി എ അധ്യക്ഷന്‍ ഇസ്മായില്‍കുഞ്ഞ്, പനയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓഷിലകുമാരി, സ്ഥിരം സമിതി അധ്യക്ഷന്‍ സുധീഷ് കബൂത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു, രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാതല ഉദ്ഘാടനം അഞ്ചലില്‍
കുട്ടികളുടെ നിറചിരിയും കുസൃതിയും കളികളാലും മുഖരിതമായി ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം. അഞ്ചല്‍ കരുകോണ്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. വരുംതലമുറകളുടെ അറിവുകളിലാണ് ഭാവിജീവിതത്തിന്റെ പ്രതീക്ഷകളത്രയുമെന്ന് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ അജയന്‍ അധ്യക്ഷനായി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി, അംഗം അംബിക കുമാരി, അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ആനന്ദ്, വൈസ് പ്രസിഡന്റ് ലിലികുട്ടി നെല്‍സണ്‍, സ്ഥിരം സമിതി അധ്യക്ഷന്‍ മഹീന്‍ കാട്ടുംപുറം, പ്രിന്‍സിപ്പല്‍ ദിലീപ്, ഹെഡ് മാസ്റ്റര്‍ ഷൈജു, പി ടി എ പ്രസിഡന്റ് ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അധ്യാപക സംഘടനാപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സെന്‍സസ് 2027
ഉദ്യോഗസ്ഥപരിശീലനം ജൂണ്‍ 23നകം പൂര്‍ത്തിയാക്കണം: ജില്ലാ കലക്ടര്‍
ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സൂപ്പര്‍വൈസര്‍മാര്‍ക്കും എന്യൂമറേറ്റര്‍മാര്‍ക്കും സംഘടിപ്പിക്കുന്ന പരിശീലനം ജൂണ്‍ 23നകം പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള പോസ്റ്റിങ്ങ് ഓര്‍ഡര്‍, പരിശീലനം നടത്താനായുള്ള ക്രമീകരണങ്ങള്‍ എന്നിവ ചുമതലയുള്ള തഹസില്‍ദാര്‍മാര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
സാങ്കേതികതടസങ്ങള്‍ ഐ ടി വിഭാഗം പരിഹരിക്കണം. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ട താലൂക്കുകളില്‍ പോസ്റ്റിങ്ങ് ഓര്‍ഡര്‍ ഓണ്‍ലൈനായി ലഭ്യമാക്കണം. പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സെല്‍ഫ് എന്യൂമേറേഷന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും വ്യക്തമാക്കി. സെന്‍സസ് അഡിഷണല്‍ ഡയറക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അടിയന്തരഘട്ട പ്രവര്‍ത്തന സന്നാഹങ്ങള്‍ക്ക് മന്ത്രിമാരുടെ നിര്‍ദേശം
ദുരന്തപ്രതിരോധത്തിന് ജില്ല സുസജ്ജമെന്ന് ജില്ലാ കലക്ടര്‍
മഴക്കാലം മുന്‍നിര്‍ത്തിയുള്ള അടിയന്തരഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള സന്നാഹങ്ങള്‍ ഉറപ്പാക്കുന്നതിന് നിര്‍ദേശം നല്‍കി മന്ത്രിമാരായ ഷിബു ബേബി ജോണും ബിന്ദു കൃഷ്ണയും. ജില്ലാ കലക്ടര്‍ ആനി ജൂല തോമസിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്താണ് മന്ത്രിമാര്‍ പ്രതിരോധനടപടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. ദുരന്തപ്രതിരോധത്തിന് ജില്ല സജ്ജമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തും. ദുരന്തസാഹചര്യം നേരിടുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശാസ്ത്രീയമായ പദ്ധതികള്‍ തയ്യാറാക്കി പ്രവര്‍ത്തിക്കുന്നതിനാണ് നിര്‍ദേശം.
ദുരന്തനിവാരണത്തിന് അനിവാര്യമായ മണ്ണ് മാന്തിയന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കി. ആംബുലന്‍സ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍, ഇതരആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ ഉറപ്പാക്കുന്നതിനും നിര്‍ദേശിച്ചു. വെള്ളക്കെട്ട് സാധ്യതാമേഖലകള്‍ കണ്ടെത്തി പരിഹാരനടപടികള്‍ സ്വീകരിക്കുന്നതിന് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.
ദേശീയപാതയോരങ്ങള്‍, എം.സി. റോഡ് എന്നിവിടങ്ങളിലെ അപകടരമായ മരങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളായി. മഴക്കാലരോഗവ്യാപന സാഹചര്യം കണക്കിലെടുത്ത് തദ്ദേശസ്ഥാപനങ്ങള്‍ വാര്‍ഡ്തല ശുചിത്വ സമിതികള്‍ രൂപീകരിച്ച് ആവശ്യമായ നടപടികളെടുക്കണം, 1599 ശുചിത്വപരിപാടികള്‍ നിര്‍വഹിച്ച സാഹചര്യത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങളും ഉറപ്പാക്കണം. 244.7 ടണ്‍ അജൈവമാലിന്യ നീക്കം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ പകര്‍ച്ചരോഗ സാധ്യത നിയന്ത്രിക്കാനാകുമെന്ന് വ്യക്തമാക്കി.
ജലാശയങ്ങളിലെഒഴുക്ക് സുഗമമാക്കുന്നതിന് ഓടകള്‍ വൃത്തിയാക്കുന്നു. വൈദ്യുതി വകുപ്പ്, ജലസേചനം, പൊതുമരാമത്ത് വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള അടിയന്തരഘട്ട കാര്യനിര്‍വഹണ സംഘം പ്രവര്‍ത്തിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ പങ്കെടുത്ത വിഷ്ണു മോഹന്‍ എം. എല്‍. എ, ഓണ്‍ലൈനായി പങ്കെടുത്ത അജയപ്രസാദ് എം. എല്‍. എ എന്നിവര്‍ ജില്ലയുടെ വിവിധ മേഖലകളിലും അതത് മണ്ഡലങ്ങളിലും നടപ്പിലാക്കേണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി. രോഗവ്യാപനനിയന്ത്രണവും ശുദ്ധജല ലഭ്യതയും ഉറപ്പാക്കുന്നതിന് അടിയന്തര നടപടിയാണ് ഇരുവരും ആവശ്യപ്പെട്ടത്.
എ. ഡി. എം. ടി. കെ. വിനീത്, സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




