6 July 2026
അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം.

കൊച്ചി: അത്‌ലറ്റ്‌സ് വെൽഫെയർ അസോസിയേഷന്റെ (അശ്വ) പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് കായികതാരങ്ങളെ ആദരിക്കലും മോട്ടിവേഷൻ ക്ലാസും ഒളിമ്പ്യന്മാരുമായുള്ള സംവാദവും സംഘടിപ്പിച്ചു. കോതമംഗലം എം.എ. കോളേജിലെയും മാർ ബേസിൽ സ്കൂളിലെയും മികച്ച കായിക പ്രതിഭകളായ ഗണേഷ്‌നാഥ് സി. മധു, ജിഹിയ രഞ്ജിത്ത്, കാർത്തിക് ഗിരീഷ്, ജാനിസ് തെരേസ റെജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇവർക്ക് ഇ.വൈ. വർഗീസ് മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. അന്താരാഷ്ട്ര കസ്റ്റംസ് ഓർഗനൈസേഷന്റെ വേൾഡ് കസ്റ്റംസ് അവാർഡ് നേടിയ അശ്വ സ്ഥാപക പ്രസിഡന്റും നെടുമ്പാശ്ശേരി എയർപോർട്ട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ റോയ് വർഗീസിനെ സിനിമാ സംവിധായകനും, നടനുമായ ജൂഡ് ആന്റണി ജോസഫ് ഉപഹാരം നൽകി ആദരിച്ചു.
അശ്വ ചെയർമാൻ എ.പി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ അശ്വ സെക്രട്ടറി കെ.എം. ബിനു (സൂപ്രണ്ട് ജി.എസ്.ടി) മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ അമ്പിളി റോയ്, സീനിയർ വൈസ് പ്രസിഡന്റ് ജെയിംസ് ഇടയ്ക്കാട്ടുകുടി, പ്രൊഫ. പി.ഐ. ബാബു എന്നിവരും ചടങ്ങിൽ സംസാരിച്ചു. ഒളിമ്പ്യന്മാരായ സിനി ജോസ്, വി.കെ. വിസ്മയ, വി. അനില്‍കുമാര്‍, രഞ്ജിത്ത് മഹേശ്വരി, ജീഷ്‌കുമാര്‍ എന്നിവർ സംവാദത്തിൽ പങ്കുചേർന്ന് കായിക താരങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. പത്ത് വർഷത്തെ സേവന പാരമ്പര്യമുള്ള അശ്വയുടെ പ്രവർത്തനം കായിക മേഖലയ്ക്ക് വലിയ കരുത്താണെന്ന് യോഗം വിലയിരുത്തി.