ആശ,അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കണം. മിനിമം വേതനം ഉയർത്തണം. എ ഐ ടി യു സി.
തിരുവനന്തപുരം:കേന്ദ്ര പദ്ധതിയായ ആശ, അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് എ ഐ ടി യു സി ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ദേശീയടിസ്ഥാനത്തിൽ എ ഐ ടി യു സി പ്രക്ഷോഭം നടത്തിവരികയാണ്.
കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മുൻ കേന്ദ്ര സർക്കാരും, ഇപ്പോൾ ബിജെപി സർക്കാരും ആശ, അങ്കണവാടി, സ്കൂൾ പാചക, ആരോഗ്യ മേഖലാ സ്കീം പ്രവർത്തകരെ സന്നദ്ധപ്രവർത്തകരായിട്ടാണ് കണക്കാക്കുന്നത്.കഠിനമായ ജോലി ഭാരമുള്ള ഇവർക്ക്വളരെ തുച്ഛമായ സംഖ്യയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. അത് തന്നെ കൃത്യമായി നൽകുന്നില്ല.
സംസ്ഥാനത്തു ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് അൽപ്പം മെച്ചപ്പെട്ട അനുകൂല്യം നൽകാൻ തയ്യാറായത്.
ഇതെല്ലാം ഞങ്ങൾ സർക്കാരിന് മുന്നിൽ ചൂണ്ടികാണിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ടവർ ഇതൊന്നും ഗൗരവമായി പരിഗണിക്കാൻ തയ്യാറാകുന്നില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമായ സമീപനമാണ്.
ഡിസംബർ മാസം 10 മുതൽ 17 വരെ എ ഐ ടി യു സി നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് ടി. ജെ. ആഞ്ചലോസും, ജനറൽ സെക്രട്ടറി കെ. പി. രാജേന്ദ്രനും നയിച്ച പ്രക്ഷോഭജാഥകളിലും, ജനുവരി 17 നു നടന്ന അര ലക്ഷം തൊഴിലാളികൾ അണിനിരന്ന സെക്രട്ടേറിയറ്റ് മാർച്ചിലും ആശ, അങ്കണവാടി,സ്കൂൾ പാചക തൊഴിലാളികളുടെ വിഷയങ്ങൾ പ്രാധാന്യത്തോടെ എ ഐ ടി യു സി ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇത് സംബന്ധിച്ച നിവേദനം നൽകിയിരുന്നു.
.
.ആശ അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കുക,
കുറഞ്ഞ വേതനം 26000 രൂപയായി ഉയർത്തുക,
കേന്ദ്ര സർക്കാർ നൽകേണ്ട കുടിശ്ശിക സംഖ്യ മുഴുവൻ നൽകുക .
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാർച്ച് 10 നു എ ഐ ടി യു സി നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. രാജേന്ദ്രൻ അറിയിച്ചു.





