“സംസ്ഥാന വ്യാപക പ്രതിഷേധം”

മലപ്പുറം/തിരുവനന്തപുരം: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കേന്ദ്രമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. മലപ്പുറത്ത് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയെയും രാഷ്ട്ര ശില്‍പികളെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുക എന്നത് സംഘപരിവാരത്തിന്റെ താല്‍പ്പര്യമാണ്. കൂടാതെ ഡോ. ബി ആര്‍ അേേബദ്കറെ അപമാനിച്ചതിനു പിന്നില്‍ സംഘപരിവാര ദേശീയത ഉയര്‍ത്തുന്ന വംശീയ താല്‍പ്പര്യങ്ങളും പ്രകടമാണ്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ എന്നും രണ്ടാംതരം പൗരന്മാരായാണ് ഫാഷിസ്റ്റ് ശക്തികള്‍ കണക്കാക്കുന്നത്. ഭരണഘടനയെ അട്ടിമറിച്ച് മനുസ്മൃതിയും ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയും രാജ്യത്തിന്റെ നിയമമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തിന്റെ മഹത്തായ പൈതൃകത്തെയും ഭരണഘടനയെയും രാഷ്ട്ര താല്‍പ്പര്യങ്ങളെയും നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നവര്‍ രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രങ്ങളില്‍ ഇരിക്കുന്നു എന്നത് അപമാനമാണ്. രാജ്യത്തിന്റെ അഭിമാനമായ ഡോ. ബി ആര്‍ അംബേദ്കറെ അപമാനിച്ച കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ലെന്നും സ്വയം സ്ഥാനമൊഴിയാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും സി പി എ ലത്തീഫ് ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി എസ്ഡിപിഐ സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിച്ചു. കൊല്ലത്ത് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കലും പത്തനംതിട്ടയില്‍ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്തും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ഏജീസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.