
ഗവർണർമാരുടെ സ്വേച്ഛാ നടപടിയിൽ സുപ്രീം കോടതിയുടെ ചരിത്രവിധി ഫെഡറലിസം തകർക്കാനുള്ള പദ്ധതികൾക്ക് ശക്തമായ താക്കീത് – സിപിഐ
ന്യൂഡൽഹി:ഗവർണറുടെ ഓഫിസിനെ ദുരുപയോഗം ചെയ്തുകൊണ്ട് ഫെഡറലിസത്തെ ഇല്ലാതാക്കാനുള്ള ആർഎസ്‌എസ്-ബിജെപി സംഘത്തിൻ്റെ വിശാല പദ്ധതിക്കുള്ള ശക്തമായ താക്കീതാണ് തമിഴ്‌നാട് ഗവർണർക്കെതിരായ സുപ്രീം കോടതി വിധിയെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. നിയമസഭ പാസാക്കിയ 10 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണർ ആർ എൻ രവിയുടെ നടപടി റദ്ദാക്കിയ വിധി സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു.
ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് തടയാനോ അനിശ്ചിതമായി വൈകിപ്പിക്കുന്നതിനോ ഗവർണർക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. സമാന സാഹചര്യങ്ങളാണ് കേരളത്തിലുമുള്ളത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പരമാധികാരത്തെയും ഫെഡറലിസത്തിൻ്റെ അടിസ്ഥാന തത്വത്തെയും ഉറപ്പിക്കുന്ന വിധി, ഗവർണർമാരെ കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ ഏജന്റുമാരായി ഉപ യോഗിക്കാൻ ശ്രമിക്കുന്ന കൊളോണിയൽ മാനസികാവസ്ഥയെ നിരാകരിക്കുന്നുവെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ആർ എൻ രവിയുടെ നടപടികൾ സത്യസന്ധമല്ലെന്നാണ് കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭപാസാക്കിയ നിയമങ്ങൾക്ക് അനുമതി നൽകാതെ മനഃപൂർവം തടസപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് വിധിയുണ്ടായത്. ഗവർണറുടെ നടപടി ഭരണഘടനാ ലംഘനവും ജനാധിപത്യ ഭരണ സംവിധാനത്തെ അപഹസിക്കുന്നതുമാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.