മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും ഉള്‍പ്പെട്ട സിപിഎമ്മിന്റെ കണ്ണൂര്‍ ലോബി പിപി ദിവ്യയെ സംരക്ഷിക്കാന്‍ പോലീസ് അന്വേഷണം അട്ടിമറിച്ചതിനാലാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന് സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകേണ്ടി വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പിണറായി സര്‍ക്കാരിനാകില്ലെന്നും പിപി ദിവ്യയുടെ സംരക്ഷണം ഏറ്റെടുത്ത സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ വഞ്ചിക്കുകയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.
പിപി ദിവ്യയുടെ കാര്യത്തില്‍ സിപിഎമ്മിന് അസാധാരണമായ കരുതലാണ്.എഡിഎമ്മിന്റെ മരണത്തിലെ ഉത്തരവാദികളെ കണ്ടെത്തുന്നതിന് പകരം പിപി ദിവ്യയുടെ വാദമേറ്റെടുത്ത് ആത്മഹത്യചെയ്ത എഡിഎമ്മിനെ കൈക്കൂലിക്കാരനെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് അന്വേഷണ സംഘത്തിനുള്ളത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പിപി ദിവ്യയ്‌ക്കെതിരെ സംഘടനാപരമായ ചില നടപടിയെടുത്തെങ്കിലും അവര്‍ക്ക് നിയമപരമായ എല്ലാ പരിരക്ഷയും സിപിഎമ്മും ആഭ്യന്തര വകുപ്പും ഉറപ്പാക്കി. നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പറയുമ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യയെ ജയില്‍മോചിതയായ പിപി ദിവ്യയെ സ്വീകരിക്കാനയച്ചത്. ഇതാണ് ഇരകളോടും അവരുടെ കുടുംബത്തോടുമുള്ള സിപിഎമ്മിന്റെ സമീപനം. ഇരട്ടനീതിയും മുഖവുമാണ് സിപിമ്മിന്. വിശ്വാസ വഞ്ചനയാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയവും അജണ്ടയുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
എഡിഎമ്മിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് സിപിഎമ്മിലെ കണ്ണൂര്‍ ലോബിയാണ്. കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് അതിന് തെളിവ്.എഡിഎമ്മിനെതിരെ വ്യാജപരാതി തയ്യാറാക്കിയതില്‍ ഉള്‍പ്പെടെ കണ്ണൂരിലെ സിപിഎം ലോബിക്ക് വ്യക്തമായ പങ്കുണ്ട്. നവീന്‍ ബാബുവിനെതിരെ വ്യാജ കോഴ ആരോപണം ഉന്നയിച്ച സിപിഎമ്മുകാരനായ ടി.വി.പ്രശാന്തിനെതിരെ ശക്തമായ നിയമനടപടിയെടുക്കാത്തതും ഇയാളുടെ സാമ്പത്തിക സ്രോതസിലേക്കും അന്വേഷണം നീളാത്തതും അതിനാലാണ്. പിപി ദിവ്യയ്ക്ക് രക്ഷപ്പെടാന്‍ പഴുതുനല്‍കുന്ന വിധം മൊഴിനല്‍കിയ ജില്ലാ കളക്ടറും ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.
എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് ശേഷം ദുരൂഹമായ ഇടപെടലുകളാണ് സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്നുള്ളത്. ബന്ധുക്കളുടെ അസാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയതും പിപി ദിവ്യയ്ക്ക് രണ്ടാഴ്ചയോളം ഒളിവില്‍ കഴിയാന്‍ പോലീസ് അവസരം നല്‍കിയുമെല്ലാം പ്രതിയെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
അന്വേഷണ സംഘത്തെ നിയമിച്ചത് ഏകപക്ഷീയമായാണ്. സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുള്ളവര്‍ അന്വേഷണ സംഘത്തിലുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന് മാത്രമല്ല, സിപിഎം നേതാക്കള്‍ക്ക് പോലും വിശ്വാസമില്ല. അതിന് ഉദാഹരണമാണ് സിപിഎം നേതാവ് മലയാലപ്പുഴ മോഹനന്റെ പ്രതികരണം. നീതിക്കായുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.