ഫാസിസത്തിന് എക്കാലവും ഒരേ രൂപവും ഭാവവുമാണെന്ന് കരുതുന്നത് തീര്‍ച്ചയായും തെറ്റായ അനുമാനമായിരിക്കും. അത് സ്ഥല-കാല ഭേദങ്ങള്‍ക്കനുസരിച്ച് പുതുരൂപങ്ങള്‍ കൈക്കൊള്ളുകയും വര്‍ഗ്ഗ-വംശീയ സമൂഹങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്വാധീനം നിലനിര്‍ത്തുന്നതിനാവശ്യമായ തന്ത്രങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.
എന്നാല്‍ കാല-ദേശ വ്യത്യാസമില്ലാതെ അതിന് അനുഷ്ഠിക്കാനുള്ള സേവനം മുതലാളിത്ത പാദപൂജ തന്നെയാണ്. ഫാസിസത്തിന്റെ ആദ്യ പ്രകടിത രൂപം തന്നെ യുദ്ധാനന്തര ലോകത്തിന്റെ പ്രതിസന്ധികളില്‍ നിന്ന് മുതലാളിത്തത്തെ കരകയറ്റാനായിരുന്നുവെന്നത് പരക്കെ അംഗീകരിക്കപ്പെട്ട സംഗതിയാണല്ലോ.
ഫ്രഞ്ച് ചിന്തകനും എഴുത്തുകാരനുമായ ഡാനിയല്‍ ഗെറന്‍ 1936ല്‍ എഴുതിയ ‘Big Business and Fascsim’ എന്ന ഗ്രന്ഥം ഇക്കാര്യം വിശദമായി കൈകാര്യം ചെയ്യുന്നുണ്ട്.
ഗെറന്‍ നിരീക്ഷിക്കുന്നു:
‘സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍, ലാഭത്തിന്റെ തോത് പൂജ്യത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍, ബൂര്‍ഷ്വാസിക്ക് അതിന്റെ ലാഭം പുനഃസ്ഥാപിക്കാന്‍ ഒരേയൊരു വഴി മാത്രമേ കാണാനാകൂ: അത് അവസാന ഇഞ്ചുവരെ വരെ ജനങ്ങളുടെ പോക്കറ്റുകള്‍ കാലിയാക്കുന്നു. ഒരിക്കല്‍ ഫ്രാന്‍സിലെ ധനകാര്യ മന്ത്രിയായിരുന്ന എം. കെയ്ലാക്സ് ‘മഹാ പ്രായശ്ചിത്തം’ (great penance) എന്ന് പ്രത്യക്ഷമായി വിശേഷിപ്പിച്ചത് ഇതിനെയാണ്. വേതനവും സാമൂഹിക ചെലവുകളും ക്രൂരമായി വെട്ടിക്കുറയ്ക്കല്‍, ഉപഭോക്താവിന്റെ ചെലവില്‍ താരിഫ് തീരുവ വര്‍ധിപ്പിക്കല്‍ മുതലായവ. സംസ്ഥാനം, കൂടാതെ, ബിസിനസിനെ രക്ഷിക്കുന്നു. പാപ്പരത്തത്തിന്റെ വക്കിലെത്തിലെത്തി നില്‍ക്കുന്ന ജനങ്ങളെ കടുത്ത നികുതി നല്‍കാന്‍ നിര്‍ബന്ധിതരാക്കുന്നു. സബ്സിഡികള്‍, നികുതി ഇളവുകള്‍, പൊതുമരാമത്തിനായുള്ള ഓര്‍ഡറുകള്‍, ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് വന്‍കിട ബിസിനസ് സംരംഭങ്ങള്‍ സജീവമായി നിലനിര്‍ത്തുന്നു.’ (പേജ് 27-28)
(തീർച്ചയായും ഗെറൻ്റെ കാലത്തിൽ നിന്നും വ്യത്യസ്തമായി, ”ലാഭത്തിൻ്റെ തോത് പൂജ്യത്തിലേക്ക് കൂപ്പുകുത്തുമ്പോൾ” മാത്രമല്ല, ലാഭപ്പെരുക്കങ്ങളുടെ തോത് വർധിപ്പിക്കാനും ഫാസിസം മുതലാളിത്തത്തെ സഹായിക്കുന്നതായി കാണാം.)
ഫാസിസം മുതലാളിത്ത ഭരണകൂടത്തിന്റെ പുനര്‍നിര്‍മ്മാണവുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മൂലധന ഭരണകൂടത്തിന്റെ അഖണ്ഡതയ്ക്ക് എന്തെങ്കിലും ഗുരുതരമായ ഭീഷണി നേരിടുന്ന അവസരത്തിലൊക്കെ അവ അവതരിക്കുമെന്നതിനും ചരിത്രപരമായ തെളിവുകള്‍ നിരവധിയാണ്.
‘മുതലാളിത്തത്തിനെതിരായി സംസാരിക്കാന്‍ തയ്യാറല്ലാത്തവര്‍ ഫാസിസത്തെക്കുറിച്ച് മിണ്ടരുതെന്ന്’ ആല്‍ബെര്‍ട്ടോ ടൊസ്‌കാനോ പറയുന്നതും ഇതേ കാരണം കൊണ്ടുതന്നെയാണ്.
ഇന്ത്യന്‍ ഫാസിസം നടത്തുന്ന മുതലാളിത്ത പാദപൂജയുടെ സമാനാനുഭവങ്ങള്‍ ഡാനിയല്‍ ഗെറന്റെ ഗ്രന്ഥത്തില്‍ കണ്ടെത്താം. വ്യാവസായിക മേഖലയില്‍, കാര്‍ഷിക മേഖലയില്‍, നികുതി പരിഷ്‌കരണങ്ങളില്‍ ഫാസിസ്റ്റ് ഇറ്റലിയും ജര്‍മ്മനിയും അക്കാലങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ക്ക് വര്‍ത്തമാന ഇന്ത്യയുമായി ചെറുതല്ലാത്ത സമാനതകളുണ്ടെന്ന് കാണാം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.