പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരിച്ച നിലയില്‍ കണ്ടെത്തിയ മണ്ണാര്‍ക്കാട്ടെ വടക്കുമണ്ണത്തെ വാടക വീട്ടില്‍ പൊലീസ് വിശദമായ പരിശോധന നടത്തി. ഫോറന്‍സിക്, വിരലടയാള വിദഗ്ധന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാര്‍ക്കാട് മണ്ഡലം ജോ.സെക്രട്ടറിയും പാര്‍ട്ടി പരിപാടികളില്‍ സജീവ സാന്നിധ്യവുമായിരുന്ന ഷാഹിനയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതിലുകള്‍, തൂങ്ങി മരിച്ച മുറി, വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയത്. വിരലടയാളങ്ങളും ശേഖരിച്ചു. മരിച്ച ഷാഹിനയുടെ ഡയറി, ഫോണ്‍ എന്നിവ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ച് വരികയാണ്. ഷാഹിനയുടെ എടേരത്തെ വീട്ടിലെത്തി ബന്ധുക്കളുടെയും മൊഴിയെടുത്തു.മരണകാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. അതേ സമയം സ്വാഭാവിക നടപടിയുടെ ഭാഗമായാണ് പരിശോധനയെന്ന് പൊലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരും പാര്‍ട്ടി അനുഭാവികളുടെയും ആവശ്യം.ഷാഹിന ജോലി ചെയ്തിരുന്ന വെളിച്ചെണ്ണ വിപണന സ്ഥാപനവുമായി ബന്ധപ്പെട്ടും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.