പൊതുസേവനങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്ന വലതുപക്ഷ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക -വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതുസേവനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സാമൂഹിക -സാമ്പത്തിക സമത്വവും ഭരണഘടനാനുസൃതമായ സംവരണ വ്യവസ്ഥയും അട്ടിമറിക്കുന്നതിനും നിരന്തരം ശ്രമിച്ചു വരുകയാണെന്നും ഈ സാഹചര്യത്തില്‍ ഭൂരിപക്ഷ ജനതയുടെ ജീവിത സാഹചര്യത്തെ ഇല്ലാതാക്കുന്ന നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടങ്ങള്‍ക്ക് തയ്യാറാകണമെന്ന് വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലില്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു ദശകമായി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സാമ്പത്തിക നയങ്ങളാണ് കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിനെ പിന്തുടരുന്ന നയങ്ങളാണ് സംസ്ഥാന സര്‍ക്കാരുകളും സ്വീകരിക്കുന്നത്. ഇന്ത്യയില്‍ കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും പൂര്‍ണ്ണമായും വലതുപക്ഷ നയങ്ങള്‍ക്ക് കീഴടങ്ങി കഴിഞ്ഞു. ഇന്ത്യയിലാകെ സര്‍വീസ്-ബാങ്കിംഗ്-പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലിടങ്ങള്‍ പൂര്‍ണ്ണമായും കരാര്‍വല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ നിയമനങ്ങള്‍ പൂര്‍ണ്ണമായും നിയമാനുസൃതം നികത്തപ്പെടുകയാണെങ്കിലും ഈ രംഗത്തും വലതുപക്ഷ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചിലയിടങ്ങളില്‍ നടന്നു വരുന്നു. കേന്ദ്രത്തിന്റെ വലതുപക്ഷ സാമ്പത്തിക നയങ്ങളെ ശക്തമായി നേരിടുന്നതിനും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനും എല്ലാ രംഗത്തെയും തൊഴിലാളികള്‍ ഒന്നിച്ച് രംഗത്തുവരേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നവംബര്‍ മാസത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര-സംസ്ഥാന സാമ്പത്തിക നയങ്ങളെ സംബന്ധിച്ച് സെമിനാറുകളും ധര്‍ണകളും സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. സംസ്ഥാന ചെയര്‍മാന്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.എം.ജോര്‍ജ്ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.പി.ഉണ്ണികൃഷ്ണന്‍, വി.എസ്.ജയനാരായണന്‍, ഡോ.സി.ഉദയകല, ജോജി.കെ.മാത്യൂ, കെ.സി.മണി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading