ന്യൂഡൽഹി:സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. കേസ് റദ്ദാക്കി കളയണം എന്ന മുൻ മന്ത്രി ആൻ്റണി രാജുവിൻ്റെ അപേക്ഷയിലാണ് സുപ്രീം കോടതിയുടെ തീരുമാനം. തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ 21 മാസത്തോളം എടുത്ത് കേസ് കേട്ട ശേഷമാണ് ജസ്റ്റിസ് സി.ടി.രവികുമാറിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് തീർപ്പ് കൽപ്പിക്കുന്നത്. 990 ഏപ്രിൽ നാലിന് ലഹരിമരുന്നുമായി തിരുവനന്തപുരത്ത് പിടിയിലായ വിദേശിയെ രക്ഷിക്കാൻ കേസിലെ തൊണ്ടിവസ്തുവായ അടിവസ്ത്രം വെട്ടിതയ്ച്ചു ചെറുതാക്കി എന്ന് കണ്ടെത്തിയാണ് ആൻ്റണി രാജുവിനെ പ്രതിയാക്കിയത്. കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്കായിരുന്ന കെ.എസ്.ജോസ് കൂട്ടുപ്രതിയായി. 2006ൽ പോലീസ് കുറ്റപത്രം കൊടുത്ത കേസ് രണ്ടു കോടതികളിലായി 16 വർഷം വിചാരണയില്ലാതെ കെട്ടിക്കിടന്നു. പ്രതികൾ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് കാരണമെന്ന് 2022ൽ പുറത്ത് വന്നതോടെ ആണ് കേസിന് വീണ്ടും ജീവൻ വച്ചത്.ഇതോടെ കേസ് എടുത്തതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് ആൻ്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ കസ്റ്റഡിയിലിരുന്ന വസ്തുവിൽ കൃത്രിമം നടന്നാൽ അതേ കോടതിയുടെ അനുമതിയോടെയേ നടപടി പാടുള്ളൂവെന്ന വ്യവസ്ഥ പാലിച്ചില്ല എന്നായിരുന്നു വാദം. സാങ്കേതികത്വം ശരിവെച്ച കോടതി, അവ പരിഹരിച്ച് വീണ്ടും നടപടികൾ തുടങ്ങാൻ 2023 മാർച്ച് 10ന് ഉത്തരവിട്ടതോടെ കേസിൽ ആൻ്റണി രാജു വിചാരണ നേരിടേണ്ട അവസ്ഥയായി. ഇതോടെ ആണ് അപ്പീലുമായി സുപ്രീം കോടതിയിൽ എത്തിയത്.സുപ്രീം കോടതിയിൽ ആദ്യഘട്ടത്തിൽ ആൻ്റണി രാജുവിനായി ഒളിച്ചുകളിച്ച സർക്കാർ, കോടതിയുടെ വിമർശനം ഏറ്റുവാങ്ങി. പിന്നാലെ കേസിൽ ശക്തമായ തെളിവുകൾ ഉണ്ടെന്ന് സത്യവാങ്മൂലം നൽകി. കേസ് വൈകിപ്പിക്കാൻ പലവട്ടം ശ്രമിക്കുന്നുവെന്ന് സുപ്രീം കോടതി ആൻ്റണി രാജുവിനെതിരെ നിലപാട് എടുത്തു. അടുത്തവർഷം ജനുവരിയിൽ താൻ വിരമിക്കുന്നത് വരെ വൈകിപ്പിക്കാൻ ആണ് നീക്കമെന്ന് ജസ്റ്റിസ് രവികുമാർ തുറന്നടിച്ചത് .16 വർഷം ഒരു നടപടിയുമില്ലാതെ കേസ് കോടതിയിൽ ഇരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ അമ്പരപ്പും അതിശയവും പ്രകടിപ്പിച്ച ഹൈക്കോടതിയിലും, പിന്നീട് സുപ്രീം കോടതിയിലുമായി രണ്ടര വർഷത്തോളം ഇരുന്ന ശേഷമാണ് ഇപ്പോൾ തീരുമാനം വരുന്നത്. ഹൈക്കോടതി വിധി ശരിവച്ച് വിചാരണ നടക്കണം എന്നാണെങ്കിൽ അതിനിനി എത്രവർഷം എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. 34 വർഷം പഴക്കമായ കേസിലെ സാക്ഷികൾ പലരും പ്രായം കാരണം വിചാരണക്ക് എത്താൻ പോലും കഴിയാത്ത അവസ്ഥയാണ്. ചിലർ മരിച്ചു പോയെന്നും ഹൈക്കോടതി വിജിലൻസ് റിപ്പോർട്ട് ചെയ്തത് രണ്ടുവർഷം മുൻപാണ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.