വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ വെള്ളരിമല വില്ലേജില്‍ പുഞ്ചിരിമട്ടം എന്ന സ്ഥലത്ത് 2024 ജൂലൈ 30 ന് പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് മുന്നൂറിലധികം വീടുകള്‍ തകരുകയും നാന്നൂറിലധികം പേര്‍ മരണപ്പെടുകയും നൂറ്റി അന്‍പതിലധികം പേരെ കാണാതായതായും നൂറിലധികം പേര്‍ ചികിത്സയിലുമാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടതിനാലും തുടര്‍ന്നും ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാലും എഴുന്നൂറിലധികം കുടുംബങ്ങള്‍ മേപ്പാടിയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലുമായി താമസിച്ചു വരികയുമാണ്. ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, മുണ്ടക്കൈ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍,മുണ്ടക്കൈ പോസ്റ്റ് ഓഫീസ്, മുണ്ടക്കൈ അംഗന്‍വാടി എന്നിവ തകരുകയും വെള്ളരിമല വില്ലേജ് ഓഫീസില്‍ രണ്ട് മീറ്ററോളം ഉയരത്തില്‍ വെള്ളം കയറുകയും കംപ്യൂട്ടറുകള്‍,ഓഫീസ് രേഖകള്‍,ഫയലുകള്‍ എന്നിവ പൂര്‍ണമായും നശിക്കുകയും,ചൂരല്‍മല ടൗണില്‍ ഉണ്ടായിരുന്ന പാലം തകരുകയും ചെയ്തിട്ടുണ്ട്. ചൂരല്‍മല ടൗണില്‍ ഉള്ള 2 ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നതുള്‍പ്പെടെ അറുപതിലധികം കെട്ടിടങ്ങള്‍ക്ക് ഭാഗികമായി നാശ നഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ നടന്ന പുഞ്ചിരിമട്ടം എന്ന സ്ഥലത്ത് നിന്നും 3 മുതല്‍ 6 കിലോമീറ്റര്‍ വരെ അകലെയുള്ള സ്ഥലങ്ങളാണ് മുണ്ടക്കൈ,ചൂരല്‍മല എന്നീ പ്രദേശങ്ങള്‍. ഏകദേശം 500 ഹെക്ടറോളം ഭൂമി ഉപയോഗ ശൂന്യമാവുകയും, നിരവധി കുടുംബങ്ങള്‍ക്ക് വരുമാന സ്രോതസായിരുന്ന കൃഷി ഭൂമി, കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളെ നഷ്ടപെടുകയും ചെയ്തിട്ടുണ്ട്. ചൂരല്‍മല, മുണ്ടക്കെ പ്രദേശത്തെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് എഴുന്നൂറിലധികം വീടുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ആയതിന് ആവശ്യമായതും അനുയോജ്യവുമായ ഭൂമി കണ്ടെത്തേണ്ടതും ഏറ്റെടുക്കേണ്ടതുമുണ്ട്. നാശ നഷ്ടം സംഭവിച്ച സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടതും തകര്‍ന്ന പാലം പുനര്‍ നിര്‍മിക്കേണ്ടതും,കൃഷി ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് വരുമാന മാര്‍ഗം കണ്ടത്തേണ്ടതുമുണ്ട്. ആയതിനാല്‍ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുള്ളവരുടെ പുനരധിവാസം സമയ ബന്ധിതമായി പൂര്‍ത്തിയാകുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക പദ്ധതി തന്നെ ആവശ്യമാണ്. 2019 ല്‍ നടന്ന പുത്തുമല ഉരുള്‍പൊട്ടലില്‍ 20 പേരാണ് മരണപ്പെട്ടത്. പുത്തുമല പുനരധിവാസം പൂര്‍ത്തിയാകുന്നതിന് നാല് വര്‍ഷത്തോളം എടുത്തു. അതുകൊണ്ടു തന്നെ റവന്യൂ വകുപ്പിന് കീഴിലുള്ള പുനരധിവാസ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് ഒരു പ്രത്യേക ഓഫീസും ജീവനക്കാരും ആവശ്യമാണ്.
2018, 2019, 2024 വര്‍ഷങ്ങളില്‍ പ്രളയവും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളും ഉണ്ടായ ജില്ലയാണ് വയനാട്. ജില്ലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) തസ്തിക നിലവിലില്ലാത്ത സാഹചര്യത്തില്‍ ഒരു ഡെപ്യൂട്ടി കളക്ടര്‍ സ്ഥിരം തസ്തികയും വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് റവന്യൂ വകുപ്പിന് കീഴിലുള്ള പുനരധിവാസ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് രണ്ട് വര്‍ഷത്തേക്ക് വാഹനം ഉള്‍പ്പെടെ പ്രത്യേക ഓഫീസും തസ്തികകളും അനുവദിക്കണമെന്ന് കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ശ്രീകുമാറും ജനറല്‍ സെക്രട്ടറി എം.എം. നജീമും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.