പാലക്കാട്ടേയ്ക്ക് യാത്രതിരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ,പാലക്കാട് മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയാവാൻ സമ്മതം അറിയിച്ച് കോൺ​ഗ്രസ് നേതാവായ പി സരിൻ.

പാലക്കാട്ടെ പോരാട്ടം വർഗീയ ശക്തിക്കെതിരെയാണെന്ന് വ്യക്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. മതേതര മുന്നണിയായ കോൺഗ്രസിനെ പാലക്കാട്ടെ ജനങ്ങൾ പൂർണമനസോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ മാദ്ധ്യമങ്ങളോട് സംസാരിച്ചത്.

പാലക്കാട്ട് നാല് മണിക്ക് എത്തും. പ്രസ്ഥാനം ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ സന്തോഷത്തോടെയാണ് ഏ​റ്റെടുക്കാറുളളത്. വളരെ ആർദ്രതയുളള മനുഷ്യൻമാരുളള നാട്ടിലേക്കാണ് പോകുന്നത്. വലിയ ആത്മവിശ്വാസമുണ്ട്. കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ പി സരിൻ ഈ നിമിഷവും കോൺഗ്രസുകാരനാണ്. ഞാനൊരു കോൺഗ്രസുകാരനെയും തളളിപ്പറഞ്ഞിട്ടില്ല.അദ്ദേഹം അങ്ങനെ ചെയ്യില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരാൾ കോൺഗ്രസാകുന്നത് ഹൃദയത്തിൽ തറച്ചിട്ടാണ്. പാലക്കാട് നടക്കുന്നത് വ്യക്തികൾ തമ്മിലുളള മത്സരമല്ല. അവിടെ വ്യക്തികൾക്ക് പ്രാധാന്യമില്ല. പാലക്കാട്ടെ മുഖ്യ എതിരാളി വർഗീയ ശക്തിയായ ബിജെപി തന്നെയാണ്. അതിനെതിരെയാണ് മതേതര മുന്നണിയായ കോൺഗ്രസ് മത്സരിക്കുന്നത്. പാലക്കാട്ടെ കൊടുംചൂടിലും മതേതരത്വത്തിന്റെ കുളിര് തനിക്കും കിട്ടും. വി കെ ശ്രീകണ്ഠൻ എംപിക്കും ഷാഫി പറമ്പിൽ എംപിക്കും കിട്ടിയ കുളിര് എനിക്കും കിട്ടുമെന്ന് പ്രതീക്ഷയുണ്ട്’- അദ്ദേഹം പറഞ്ഞു.അതേസമയം, കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന സരിൽ പാലക്കാട്ട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന സൂചന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. സരിൻ ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അദ്ദേഹത്തെ ചേർത്ത് പിടിക്കുമെന്നാണ് സുരേഷ് ബാബു പറഞ്ഞത്.

സരിൻ നിലപാട് പ്രഖ്യാപിച്ച ശേഷം ഇടതു സ്ഥാനാർത്ഥി ആക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. സരിൻ മുൻപ് സിപിഎമ്മിനെ വിമർശിച്ചതിൽ ഒന്നും കാര്യമില്ല. കോൺഗ്രസിൽ നിൽക്കുമ്പോൾ സിപിഎമ്മിനെ വിമർശിക്കും. അതൊക്കെ രാഷ്ട്രീയമാണ്. രാഷ്ട്രീയതിന്റെ അടിസ്ഥാനത്തിലാണ് അത്തരം വിമർശനങ്ങൾ വരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ്. കോൺഗ്രസ്‌ രാഷ്ട്രീയം വർഗീയ രാഷ്ട്രീയവുമായി ഒത്തുപോകുന്നതിൽ സരിൻ ഉയർത്തിയ ആശങ്ക പ്രധാനമാണ്. ഇനി പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ബിജെപി ചിത്രത്തിൽ ഇല്ല’- സുരേഷ് ബാബു പ്രതികരിച്ചു


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.