കൊല്ലം:ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്ന മരാമത്ത് പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ പ്രവർത്തിയുടെ വിശദീകരണം മലയാളത്തിൽ കൂടി ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി കെ ഗോപൻ. ജില്ലാ പഞ്ചായത്ത് ഔദ്യോഗിക ഭാഷാ ദിനാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച വിശദമായ ധാരണ പൊതുജനങ്ങൾക്ക് മാതൃഭാഷയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ തീരുമാനിക്കപ്പെട്ടതെന്ന് പ്രസിഡന്റ് പറഞ്ഞു.ഭാഷയുടെ പ്രചാരണത്തിന് കൂടുതൽ സഹായകരമാകുന്ന ഇത്തരം പ്രവർത്തനങ്ങൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കണമെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ.എസ് കല്ലേലി ഭാഗം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനു ആർ എസ് സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ജൂല, സീനിയർ ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ ബേബി സനൂജ, സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ടോജോ ജേക്കബ്, പി.എം. ജി. എസ്. വൈ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി ജമാൽ, ജില്ലാ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുനിൽകുമാർ എസ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന വിവിധ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.