“യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കാപ്പാ പ്രതി പിടിയിൽ”

വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കാപ്പാ പ്രതി പോലീസിന്റെ പിടിയിലായി. പട്ടരുമുക്ക് വയലിൽ പുത്തൻവീട്ടിൽ ലത്തീഫ് മകൻ റഫീഖ്(32) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കൊട്ടിയത്തെ ഒരു പെറ്റ് ഷോപ്പിലെ ജീവനക്കാരനായ ചവറ, പന്മന സ്വദേശി അജിത്തിനെയാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അജിത്ത് ജോലി ചെയ്യുന്ന പെറ്റ് ഷോപ്പിന് മുന്നിൽ ഈ കടയിലെത്തിയ ആളുടെ വാഹനം പാർക്ക് ചെയ്യ്തിരുന്നതിനാൽ പ്രതിയായ റഫീക്കിന്റെ ഓട്ടോറിക്ഷ റോഡിലെ ചെളിവെള്ളത്തിലൂടെ ഓടിച്ച് പോകേണ്ടതായി വന്നു. ഈ വിരോധത്തെ തുടർന്ന് കുറച്ച് സമയത്തിന് ശേഷം തിരികെ എത്തിയ ഇയാൾ കടയുടെ മുമ്പിൽ വാഹനം പാർക്ക് ചെയ്യ്തതിനെ ചൊല്ലി അജിത്തുമായി വാക്കുതർക്കം ഉണ്ടായി. തുടർന്ന് അസഭ്യം വിളിച്ചുകൊണ്ട് ഭീഷണിമുഴക്കിയ ഇയാൾ കൈയ്യിൽ കരുതിയിരുന്ന വാൾ ഉപയോഗിച്ച് അജിത്തിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച, അജിത്തിന്റെ സുഹൃത്തായ ബിപിനേയും ഇയാൾ വെട്ടി പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ അജിത്തിന്റെ ഇടത് തോളിൽ ആഴത്തിൽ മുറിവേറ്റു. അജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത കൊട്ടിയം പോലീസ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കൽ അടക്കമുള്ള നിയമനടപടികൾ മുമ്പ് സ്വീകരിച്ചിട്ടുണ്ട്. കൊട്ടിയം പോലീസ് ഇൻസ്‌പെക്ടർ സുനിലിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.