ധാക്ക∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതായി വിവരം. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ബംഗ്ലദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നീക്കമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികംപേർ കൊല്ലപ്പെട്ടു. ഇന്ന് സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യും.
സാഹചര്യം മോശമാണെന്നു ബംഗ്ലദേശ് നിയമമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. ധാക്ക വിടുന്നതിനു മുൻപു പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അവരോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഷെയ്ഖ് ഹസീന രാജിവയ്ക്കാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിനു, സാധ്യതയുണ്ടെന്നായിരുന്നു അടുത്ത അനുയായിയുടെ മറുപടി.
സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തിൽ ദിവസങ്ങൾക്കു മുന്‍പ് നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണു സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ 13 ജില്ലകളിൽ കലാപം വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നു പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതൽ മൂന്ന് ദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.