ഷെയർ ട്രേഡിംഗിലൂടെ വൻ തുക ലാഭം ഉണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യ്ത് ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ പണം തട്ടിയ സംഘത്തിലെ അംഗങ്ങൾ കൊല്ലം സിറ്റി സൈബർ പോലീസ് സംഘത്തിന്റെ പിടിയിലായി. കോഴിക്കോട് ജില്ലയിൽ കടലുണ്ടി ചാലിയം റിജുലാസ് വീട്ടിൽ അബ്ദുൽ റഹ്‌മാൻ മകൻ അബ്ദുൽ റാസിക്ക് (39), കോഴിക്കോട്, തലക്കുളത്തൂർ നെരവത്ത് ഹൗസിൽ വിനീഷ് മകൻ അഭിനവ്(21), മലപ്പുറം, തൂവൂർ തേക്കുന്ന് കൊറ്റങ്ങോടൻ വീട്ടിൽ കുഞ്ചിമുഹമ്മദ് മകൻ മുഹമ്മദ് സുഹൈൽ(22) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കൊല്ലം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യ്ത രണ്ട് കേസിലും ഇരവിപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യ്ത ഒരു കേസിലുമായാണ് പ്രതികൾ പിടിയിലായത്.
ഷെയർ ട്രേഡിംഗിലൂടെ വൻ തുക ലാഭം ഉണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യ്ത് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ അംഗമാക്കിയ ശേഷം പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുതലായവ കൈക്കലാക്കുകയും തുടർന്ന് വ്യാജമായ ലാഭകണക്കുകൾ കാണിച്ച് ഇരകളായവരുടെ വിശ്വാസം നേടിയെടുത്ത ശേഷം പ്രലോഭിപ്പിച്ച് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഇപ്രകാരം നിക്ഷേപിക്കുന്ന പണം പല വിധത്തിൽ ട്രേഡിംഗ് നടത്തി ചുരുങ്ങിയ കാലയളവിൽ വൻ ലാഭം നേടിയെടുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തുന്നത്.
കൊല്ലം സ്വദേശിയായ നിക്ഷേപകനിൽ നിന്നും 13799000/- (ഒരു കോടി മുപ്പത്തിയേഴ് ലക്ഷത്തി തൊണ്ണൂറ്റിഒമ്പതിനായിരം) രൂപയാണ് അബ്ദുൽ റാസിക്ക് ഉൾപ്പെട്ട സംഘം തട്ടിയെടുത്തത്. ഈ സംഘത്തിൽ ഉൾപ്പെട്ട ഷംസുദ്ദീൻ എന്ന ആളെ നേരത്തെ തന്നെ സൈബർ പോലീസ് പിടികൂടിയിരുന്നു. സമാനമായ രീതിയിൽ ഗോൾഡ് ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്യ്ത് തങ്കശ്ശേരി സ്വദേശിയിൽ നിന്നും 37,03,270/-( മുപ്പത്തിയേഴ് ലക്ഷത്തി മൂവായിരത്തി ഇരുന്നൂറ്റി എഴുപത്) രൂപയാണ് അഭിനവ് ഉൽപ്പെട്ട സംഘം തട്ടിയെടുത്തത്. ട്രേഡിംഗിലൂടെ ലഭിച്ച ലാഭമെന്ന പേരിൽ രണ്ട് തവണയായി 25000/- രൂപ തിരികെ നൽകി വിശ്വാസം ആർജിച്ച ശേഷമാണ് കൂടുതൽ തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. മുണ്ടക്കൽ സ്വദേശിക്ക് സമാനമായ രീതിയിൽ നഷ്ടമായത് 6,80,000/- രൂപയാണ്. 90,000/- രൂപ പലപ്പോഴായി വിൻവലിക്കാൻ സാധിച്ചതോടെ കൂടുതൽ നിക്ഷേപം നടത്താൻ തയ്യാറാവുകയായിരുന്നു. പിന്നീട് നിക്ഷേപിച്ച പണമോ ലാഭവിഹിതമോ പിൻവലിക്കാൻ കഴി
യാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായ് ഇരവിപുരം പോലിസ് സ്റ്റേഷനിലെത്തിയത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി ചൈത്ര തെരേസ ജോൺ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി എ.സി.പി നസീർ എ യുടെ മേൽനോട്ടത്തിലുള്ള പോലീസ് സംഘം പ്രതികൾക്കായുള്ള അന്വേഷണം നടത്തി വരവെ പ്രതികളെ പറ്റി വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് കൊല്ലം സിറ്റി സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ അബ്ദുൾ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിയാസ്, നന്ദകുമാർ, സി.പി.ഓ ഹബീബ് സൈബർ സെൽ ഉദ്യോഗസ്ഥരായ എ.എസ്.ഐ പ്രതാപൻ എസ്.സി.പി.ഓ വിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.