ഇന്ന് ലാൽബഹ്ദൂർശാസ്ത്രിയുടെയും ജയന്തി ദിനമാണ് …
ദൗർഭാഗ്യകരമായ ശാസ്ത്രിജിയുടെ മരണം അന്ന് സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഭാരതത്തിൻ്റെ ഗതി മറ്റൊന്നാകുമായിരുന്നു.
സ്മരണകളോടെ ശാസത്രിജിയെ പറ്റിയുള്ള ഒരു കുറിപ്പ് കടപ്പാടോടെ ഇവിടെ പോസ്റ്റ് ചെയ്യട്ടെ…
“ഞാൻ നാളെ മരിക്കുകയാണെങ്കിൽ എന്റെ കുടുംബം എങ്ങനെ ജീവിക്കുമെന്ന് എനിക്കറിയില്ല. അത്ര ദയനീയമാണു എന്റെ സാമ്പത്തികസ്ഥിതി. ഞാനൊരു കാർ വാങ്ങിയതുതന്നെ വായ്പയെടുത്താണു. എന്റെ ബാങ്ക് അക്കൗണ്ടിൽ ബാലൻസ് എന്ന് പറയാൻ ഒന്നും തന്നെയില്ല.”…
ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന പി.ബി.ഗജേന്ദ്ര ഗാഡ്ക്കറോട് പറഞ്ഞ വാക്കുകളാണിത്. ശാസ്ത്രി മരിക്കുന്നതിനു ഏതാനും ദിവസം മുമ്പ് പറഞ്ഞ ഈ വാക്കുകൾ,
അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായിരുന്ന ഗജേന്ദ്ര ഗാഡ്ക്കർ തന്റെ ‘ടു ദ ബെസ്റ്റ് ഓഫ് മൈ മെമ്മറി’ എന്ന ആത്മകഥയിൽ വിവരിച്ചിരിക്കുന്നു…
ശാസ്ത്രിജിയുടെ മരണം അദ്ദേഹത്തിന്റെ കുടുംബത്തെ പ്രാരബ്ധങ്ങളുടെയും സാമ്പത്തികബാധ്യതകളുടെയും നടുവിലേക്ക് തള്ളിവീഴ്ത്തി.
25 വർഷത്തോളം യു.പി മന്ത്രിസഭയിലും കേന്ദ്രമന്ത്രിസഭയിലും അംഗമായിരുന്നതിനു ശേഷമാണു ലാൽ ബഹദൂർ ഇന്ത്യയുടെ പ്രധാനമന്ത്രിയായത്.
കേന്ദ്രമന്ത്രിസഭയിൽ റയി വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും ചുമതല വഹിച്ച കാബിനറ്റ് മന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ ഒരു വിദേശപത്രം ശാസ്ത്രിയെ വിശേഷിപ്പിച്ചത്
“‘സ്വന്തമായി ഒരു ഹോം ഇല്ലാത്ത ഒരു ഹോം മിനിസ്റ്റർ’
ശാസ്ത്രിയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ വിധവ ലളിതാശാസ്ത്രിയും വിദ്യാർത്ഥികളായിരുന്ന മക്കളും ഒരു വാടകവീട്ടിലേക്ക് താമസം മാറ്റി.
പക്ഷെ വാടകക്കും നിത്യച്ചെലവുകൾക്കും പണമെവിടെ?
എം പിമാർക്കും എമ്മല്ലെമാർക്കും അവരുടെ കുടുംബത്തിനും പെൻഷനൊ ആനുകൂല്യങ്ങളൊ ലഭിക്കാത്ത കാലമായിരുന്നു
അതുകൊണ്ട് ശാസ്ത്രിയുടെ വിധവക്കും മക്കൾക്കും ജീവിക്കാൻ വേണ്ടി ഒരു പ്രത്യേകസഹായമെന്ന നിലയിൽ കേന്ദ്രസർക്കാർ ആയിരം രൂപാ പ്രതിമാസ അലവൻസ് അനുവദിച്ചു. രണ്ട് ആണ്മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾക്കായി പ്രതിമാസം 100 രൂപയുടെ സഹായധനവും…
പ്രതിമാസം 210 രൂപ വാടകകൊടുക്കേണ്ട ഒരു വീട്ടിലേക്കാണു ആ കുടുംബം താമസം മാറ്റിയത്. ബാക്കിയുള്ള തുകയിൽനിന്ന് പ്രധാനമന്ത്രിയായിരിക്കുമ്പോൾ ശാസ്ത്രി വാങ്ങിയ കാറിന്റെ വായ്പയുടെ ഗഡുക്കൾ അടക്കണം. അതുകഴിഞ്ഞുള്ള പണംകൊണ്ടാണു ആ കുടുംബം ഡൽ ഹിയിൽ ജീവിച്ചത്..
വാസ്തവത്തിൽ ശാസ്ത്രിയെപ്പോലുള്ള ചില പുണ്യാത്മാക്കൾ ജനിച്ചുജീവിച്ച രാജ്യമായതുകൊണ്ടാണു നമ്മുടെ ഇന്ത്യ ഇന്നും നിലനിൽക്കുന്നത്.
ആ ശാസ്ത്രിജിയെ നമുക്ക് നന്ദിയോടെ ബഹുമാനത്തോടെ ഓർക്കാം.
അദ്ദേഹത്തിനു മുമ്പിൽ ഇന്ത്യക്കാരായ നമുക്ക് ശിരസ്സുകുനിക്കാം….
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.