മുഖ്യമന്ത്രിയുടെയും ഒഫീസിന്റെയും പങ്ക് അന്വേഷിക്കണംസര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരെ വെച്ചുള്ള അന്വേഷണം സ്വീകാര്യമല്ല,കേസ് സിബി ഐക്ക് വിടണം മാഫിയ സംരക്ഷനായ പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിക്ക് അയോഗ്യന്‍
അഴിമതിയുടെയും മാഫിയ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രബിന്ദുവായ പൊളിറ്റിക്കല്‍ സെക്രട്ടറിയേയും എഡിജിപിയേയും സംരക്ഷിച്ചുകൊണ്ട് ഭരണകക്ഷി എംഎല്‍എയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
സര്‍ക്കാരിലും മന്ത്രിസഭയിലും ഒരുപോലെ സ്വാധീനമുള്ള വ്യക്തികളാണ് ആരോപണവിധേയര്‍.അതുകൊണ്ട് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരെ വെച്ചുള്ള അന്വേഷണം സ്വീകാര്യമല്ല. അത് കുറ്റാരോപിതര്‍ക്ക് രക്ഷപെടാനുള്ള അവസരം ഒരുക്കലാണ്.ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയുടെ വിശ്വസ്തരുമാണ്. ഭരണകക്ഷി എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളുടെ മുന നീളുന്നത് മുഖ്യമന്ത്രിയിലേക്കുമാണ്. ഫോണ്‍ചോര്‍ത്തല്‍,സ്വര്‍ണ്ണക്കടത്ത്,കൊലപാതകം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ ഫോണ്‍ചോര്‍ത്തിയെന്നത് ഗൗരവമുള്ള ആരോപണമാണ്. എഡിജിപി ഫോണ്‍ചോര്‍ത്തിയത് ആരുടെ നിര്‍ദ്ദേശപ്രകാരമാണ്. ആരുടെയെല്ലാം ഫോണുകളാണ് ഇത്തരത്തില്‍ ചോര്‍ത്തിയതെന്ന് സംബന്ധിച്ച വിവരം സര്‍ക്കാര്‍ പുറത്തുവിടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍ ഈ അധോലോക മാഫിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇവര്‍ ഇതെല്ലാം ചെയ്തത് മുഖ്യമന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തിയാണെന്ന് ആരും വിശ്വസിക്കില്ല. നേരത്തെയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയമായിരുന്നു. തന്റെ വിശ്വസ്തര്‍ക്കെതിരെ ഗുരതമായ ആരോപണം മറ്റൊരു വിശ്വസ്തനായ എംഎല്‍എ ഉന്നയിക്കുമ്പോഴും കുറ്റകരമായ മൗനമാണ് മുഖ്യമന്ത്രി തുടര്‍ന്നത്. തന്റെ വിശ്വസ്തരെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ രക്ഷപ്പെടുത്തിയെടുക്കാനുള്ള മുഖ്യമന്ത്രിയുടെ അടവാണ് ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം. പ്രതിപക്ഷം ഈ വിഷയത്തില്‍ ആവശ്യപ്പെടുന്നത് സിബിഐ അന്വേഷണമാണ്. അതിന് മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോ? മാഫിയ സംരക്ഷനായ മുഖ്യമന്ത്രിക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും രാജിവെച്ച് പുറത്തുപോകണമെന്നും കെ.സുധാകരന്‍ പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.