വിഖ്യാത ഫോട്ടോജേർണലിസ്റ്റും മലയാള മനോരമ മുൻ ചീഫ് ഫോട്ടോഗ്രാഫറുമായിരുന്ന വിക്ടർ ജോർജിൻ്റെ സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ ന്യൂസ് ഫോട്ടോഗ്രഫി അവാർഡിന് മാതൃഭൂമി കൊല്ലം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ സി.ആർ.ഗിരീഷ് കുമാർ അർഹനായി.
10,001 രൂപയും, ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ജൂലൈ ആറിന് കോട്ടയം പ്രസ് ക്ലബ്ബിൽ നടക്കുന്ന വിക്ടർ ജോർജ് അനുസ്മരണ സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ സമ്മാനിക്കും.
കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്ര, ദേശാഭിമാനി ന്യൂഡൽഹി ബ്യൂറോയിലെ ചീഫ് ഫോട്ടോ ജേണലിസ്റ്റ് പി.വി.സുജിത് എന്നിവർ രണ്ടാം സ്ഥാനം പങ്കിടും.
“ജീവൻ്റെ വെളിച്ചം” ക്യാപ്ഷനിൽ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്. കൊല്ലം രാമൻകുളങ്ങരയിൽ നിർമാണത്തിനിടെ കിണറിടിഞ്ഞ് കഴുത്തറ്റം ചെളിയിൽ താണുപോയ തൊഴിലാളിയെ മരണത്തിൽ നിന്നും രക്ഷപ്പെടുത്താനുള്ള രക്ഷസേനയുടെ ശ്രമം തനിമ നഷ്ടപ്പെടാതെ പകർത്താൻ ഗിരീഷ്കുമാറിനു കഴിഞ്ഞതായി പുരസ്കാര വിധികർത്താവ് മുതിർന്ന ന്യൂസ് ഫോട്ടോഗ്രാഫർ ബി.ജയചന്ദ്രൻ വിലയിരുത്തി.
ദക്ഷിണ മുകാംബിക കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ മകനൊപ്പം അച്ഛൻ്റെയും അപൂർവ നിമിഷങ്ങൾ പകർത്തിയ മികവിനാണു ശ്രീകുമാർ ആലപ്രയുടെ ചിത്രം അവാർഡിനായി പരിഗണിച്ചത്.
ഡൽഹിയിൽ കരകവിഞ്ഞൊഴുകിയ യമുനാ നദിക്കരയിൽ ഈച്ച പൊതിഞ്ഞുറങ്ങുന്ന കുട്ടിയുടെ കരളലിയിപ്പിക്കുന്ന ചിത്രത്തിനാണ് ദേശാഭിമാനിയിലെ പി.വി.സുജിത്തിനെ അവാർഡിന് അർഹനാക്കിയത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.