ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്‍. ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന്‍ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്, പക്ഷേ ആ വലിയ കലാകാരനും പറയാൻ ഒരുപാടുണ്ട്.
1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത് ജനിച്ചു. പിന്നീട് കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾ കലോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.
2008 ല്‍ എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ‘ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അല്‍ക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രന്‍ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെ സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു.
അദ്ദേഹം എഴുതിയ ആത്മകഥയിൽ ആദ്ദേഹത്തെ നൊമ്പരപ്പെടുത്തിയ കാര്യങ്ങൾ അദ്ദേഹം തുറന്നു പറയുന്നു.( ഏകാന്ത പഥികൻ എന്ന ആത്മകഥ പുസ്തകത്തിലാണ് തുറന്നു പറച്ചിൽ നടത്തിയിട്ടുളളത്)ദൃശ്യം, ആമേൻ, നോട്ടം എന്നീ സിനിമകളിൽ തന്നെക്കൊണ്ടു പാടിക്കുകയും ഒടുവിൽ സിനിമയിൽ എത്തിയപ്പോൾ മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുകയും ചെയ്ത വേദനയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. തന്റെ ശബ്ദം വേണ്ടെന്നു വച്ചതിലല്ല, അക്കാര്യം ഒന്ന് അറിയിക്കാനുള്ള മാന്യത കാട്ടാതിരുന്നതാണു മുറിവേൽപിച്ചതെന്ന് അദ്ദേഹം പറയുന്നു.
ഒരു പുതിയ പയ്യനാണ് ദൃശ്യത്തിനു സംഗീതമൊരുക്കിയത്. അയാൾ പറഞ്ഞതുപോലെ പലവട്ടം ഞാൻ പാടിക്കൊടുത്തു. റെക്കോർഡിങ് കഴിഞ്ഞു പോകുമ്പോൾ അവരെന്നോട് അതൃപ്തിയൊന്നും പറഞ്ഞില്ല. പിന്നീട് പാട്ടുവരുമ്പോഴാണറിയുന്നതു ശബ്ദം മാറ്റിയെന്ന്. ട്രാക്കിലെ വോയ്സ്തന്നെ ഉപയോഗിച്ചു എന്നാണ് പറയപ്പെടുന്നത്. പക്ഷേ, ഒരു സീനിയറായ കലാകാരൻ എന്ന നിലയ്ക്ക് അത് എന്നോട് ഒന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്യേണ്ടേ? ഒരിക്കൽക്കൂടി വന്നു പാടിത്തരണമെന്നു പറഞ്ഞാൽ ഞാൻ ഇവിടെയുള്ള സമയത്താണെങ്കിൽ ചെയ്തുകൊടുക്കുമായിരുന്നു. ഇതൊന്നും പോരാഞ്ഞ് എന്റെ തെറ്റാണെന്നു വരുത്താനുള്ള ശ്രമങ്ങളും നടന്നു.
‘ആമേൻ’ എന്ന സിനിമയിലും സമാനമായ സംഭവം ഉണ്ടായിയെന്ന് അദ്ദേഹം പങ്കുവയ്ക്കുന്നു. ‘പാട്ട് പാടിത്തീർത്തപ്പോൾ അതിന്റെ സംഗീതസംവിധായകൻ എന്നോട് ഒരുകാര്യം ആവശ്യപ്പെട്ടു. പാട്ടിന്റെ സ്റ്റൈൽ ഒന്നു മാറ്റണമെന്ന് അയാൾക്കാഗ്രഹമുണ്ടെന്ന്. അടുത്തയാഴ്ച അത് ഒന്നുകൂടി പാടിത്തരണം. അടുത്തയാഴ്ച നാട്ടിൽ ഉണ്ടാവില്ലെന്നു ഞാൻ പറഞ്ഞു. പാട്ടിന്റെ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ആരും എന്നെ വിളിച്ചിട്ടില്ല. മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാവില്ലെന്നു ഞാൻ കരുതി. പക്ഷേ, അതിലും പാട്ടുകാരനെ മാറ്റി.
ഒരുപക്ഷേ, സംവിധായകനോ സംഗീതസംവിധായകനോ അതുപോലെ പ്രധാനപ്പെട്ട ആർക്കെങ്കിലുമോ എന്റെ ആലാപനം ഇഷ്ടപ്പെട്ടു കാണില്ല. ഇഷ്ടപ്പെടണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ, ശബ്ദം മാറ്റിയ കാര്യം ഒന്നറിയിക്കുക എന്നതു സാമാന്യ മര്യാദയാണ്.’
ജയചന്ദ്രൻ വളരെയേറെ വിലമതിക്കുന്ന സംഗീതസംവിധായകനാണ് എം.ജയചന്ദ്രൻ. വാത്സല്യപൂർവം ‘കുട്ടാ’ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നതുപോലും. എന്നിട്ടും സമാന അനുഭവം അദ്ദേഹത്തിൽനിന്നും ഉണ്ടായ നൊമ്പരം ജയചന്ദ്രൻ പങ്കുവയ്ക്കുന്നത് ഇങ്ങനെ:
‘എന്നോട് വ്യക്തിപരമായി ഏറെ അടുപ്പമുള്ള സംഗീതസംവിധായകനാണ് എം.ജയചന്ദ്രൻ. നിർഭാഗ്യവശാൽ കുട്ടന്റെ ഭാഗത്തുനിന്ന് എനിക്ക് ഇത്തരമൊരു സമീപനം നേരിടേണ്ടിവന്നിട്ടുണ്ട്. ‘നോട്ടം’ എന്ന ചിത്രത്തിനുവേണ്ടി അയാൾ ഈണമിട്ട ഒരു ഗാനം എന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്തു. വളരെ മനോഹരമായ ഒരു ഗാനം.
‘മെല്ലെ… മെല്ലെ…
മെല്ലെയാണീ യാത്ര…’
ഞാൻ ഏറെ സന്തോഷത്തോടെയാണ് റെക്കോർഡിങ് കഴിഞ്ഞിറങ്ങിയത്. കുറച്ചുനാളുകൾക്കുശേഷം കുട്ടനെന്നെ വിളിച്ചു. ‘ജയേട്ടാ, ആ പാട്ടിൽ ചെറിയൊരു മാറ്റം വരുത്താനുണ്ട്. ഞാൻ ചെന്നൈയിൽ വരുന്നുണ്ട്. ഒന്നു പാടിത്തരണം.’ അതിനെന്താണു വിഷമമുള്ളത് എന്ന മട്ടിൽ ഞാൻ മറുപടിയും പറഞ്ഞു. പക്ഷേ, പിന്നെ ഇതു സംബന്ധിച്ചു വിളിയൊന്നും ഉണ്ടായില്ല. വളരെനാൾ കഴിഞ്ഞാണ് ആ ഗാനം അയാൾത്തന്നെ പാടി സിനിമയിൽ ചേർത്തത് ഞാനറിയുന്നത്. സത്യത്തിൽ എനിക്കൊരൽപം സങ്കടം തോന്നി. അയാൾ പാടണമെന്നുണ്ടായിരുന്നെങ്കിൽ എന്നെക്കൊണ്ട് അതു പാടിക്കേണ്ടിയിരുന്നില്ലല്ലോ. മറിച്ച്, മറ്റാരുടെയെങ്കിലും സമ്മർദം കൊണ്ടാണ് അങ്ങനെ ചെയ്തതെങ്കിൽ എന്നോട് തുറന്നുപറയാനുള്ള അടുപ്പമൊക്കെ അയാൾക്കുണ്ട്. അയാൾ പാടിയതിലല്ല, ഇങ്ങനെ ഒരു മാറ്റം വേണ്ടിവന്നു എന്നുപറയാതിരുന്നതിലാണ് എനിക്ക് ഖേദം തോന്നിയത്. അതു ഞാൻ വിട്ടുകളയാൻ നന്നായി ശ്രമിച്ചു. പക്ഷേ, ആ പാട്ടിനു കുട്ടനു മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു എന്നറിഞ്ഞപ്പോൾ എനിക്കു വലിയ സന്തോഷം തോന്നി. നല്ല ഫീൽ ഉള്ള ശബ്ദംതന്നെയാണ് അയാളുടേത്. ഇപ്പോഴും ഞങ്ങളുടെ സൗഹൃദം അനുസ്യൂതം തുടരുന്നു.അനുഭവങ്ങളും മുറിവുകളും ഉണ്ടാകുമ്പോൾ എല്ലാവരും സഹിക്കും. എന്നാൽ ചിലർ തുറന്നു പറയും. എത്ര ഉന്നതിയിൽ എത്തി എന്തായാലും തകർക്കാൻ കെൽപ്പുളളവർ താഴെ ഉണ്ടാകും. ഇവിടെയും അത് സംഭവിച്ചു. ഇതുപോലെ എത്രയോ പേർക്ക് ഇങ്ങനെ എല്ലായിടങ്ങളിലുംസംഭവിച്ചിട്ടുണ്ടാകും. വയനക്കാർക്ക് മാത്രമെ മാപ്പ് നൽകാൻ കഴിയു. സംഗീത സംവിധായകനായ ജയചന്ദ്രനും മറുപടി ഉണ്ടാവും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.