“കഴിഞ്ഞ എട്ട് ദിവസങ്ങൾക്കിടെ പരിശോധിച്ചത് 33709 വാഹനങ്ങള്‍, പിടികൂടിയത് രണ്ട് കോടിയോളം വിലവരുന്ന മയക്കുമരുന്ന്”

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ പഴുതടച്ച പ്രതിരോധവുമായി എക്‌സൈസ് സേന. കഴിഞ്ഞ എട്ട് ദിവസങ്ങള്‍ക്കിടെ 3568 റെയ്ഡുകള്‍ നടത്തുകയും, 33709 വാഹന പരിശോധനയില്‍ 1.9 കോടിയുടെ മയക്കുമരുന്ന് പിടികൂടുകയും ചെയ്തു. 554 കേസുകള്‍ ഇതിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മയക്കുമരുന്നിനെതിരെ എക്‌സൈസിന്റെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍ദേശം നല്‍കി.

മാര്‍ച്ച് 12 വരെ നിശ്ചയിച്ചിരുന്ന ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് ഒരാഴ്ച കൂടി ദീര്‍ഘിപ്പിക്കും. ഡ്രൈവിന്റെ ഭാഗമായി മാര്‍ച്ച് 5 മുതല്‍ 12 വരെ എക്‌സൈസ് നടത്തിയത് 3568 റെയ്ഡുകളാണ്, ഇതില്‍ പൊലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ സേനകളുമായി ചേര്‍ന്നുള്ള 50 സംയുക്ത പരിശോധനകളുമുണ്ട്. ഈ കാലയളവില്‍ 33709 വാഹനങ്ങള്‍ പരിശോധിച്ചു. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി 554 മയക്കുമരുന്ന് കേസുകളാണ് എക്‌സൈസ് പിടിച്ചത്. ഈ കേസുകളില്‍ 570 പേരെ പ്രതിചേര്‍ക്കുകയും ഇതില്‍ 555 പേരെ പിടികൂടുകയും ചെയ്തു.മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചു. പ്രതികളില്‍ നിന്ന് 1.9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉല്‍പ്പന്നങ്ങളാണ് എക്‌സൈസ് കണ്ടെടുത്തത്. സ്‌കൂള്‍ പരിസരത്ത് 998, ബസ് സ്റ്റാന്‍ഡ് പരിസരത്ത് 282, ലേബര്‍ ക്യാമ്പുകളില്‍ 104, റെയില്‍വേ സ്റ്റേഷനുകളില്‍ 89 തുടങ്ങിയ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന 26 പ്രതികളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും, തുടര്‍നടപടികളും എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവുമായി മന്ത്രി ചര്‍ച്ച നടത്തി.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading