കൊല്ലം:മാലിന്യത്തിന് വിടചൊല്ലാന്‍ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് പനയം പഞ്ചായത്ത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഹരിതകര്‍മസേനയെ മുന്‍നിര്‍ത്തിയാണ് മുന്നേറ്റം. മാലിന്യനിര്‍മാര്‍ജനത്തിനായി 37 വനിതകള്‍ അടങ്ങുന്ന ഹരിതകര്‍മ്മസേനയുണ്ട്. പാലക്കാട് മുണ്ടൂര്‍ ആസ്ഥാനമായുള്ള ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിന്റെ സാങ്കേതികപിന്തുണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധുനികത പകരുന്നു. ലാപ്‌ടോപ്പ്, സ്‌കാനര്‍, ടെലഫോണ്‍, പ്രിന്റര്‍, ബയോമെട്രിക് പഞ്ചിംഗ്, മ്യൂസിക് സിസ്റ്റം, ഇന്റര്‍നെറ്റ്, വൈഫൈ, സിസിടിവി ക്യാമറകള്‍ എന്നിങ്ങനെ കേരളത്തിലെ മികവുറ്റ, കാലികസംവിധാനങ്ങളാണ് ഇവിടെയുള്ളത്. അജൈവമാലിന്യ ശേഖരണത്തിനായി രണ്ട് ഇലക്ട്രിക് ഓട്ടോ, ഒരു ഡീസല്‍വാന്‍ എന്നിവയും പെരുമണില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യശേഖരണകേന്ദ്രമായ എംസിഎഫില്‍ ഉണ്ട്. ഇവ സേനാംഗങ്ങള്‍ ഉപയോഗിക്കുകവഴി മാലിന്യ ശേഖരണം ത്വരിതപ്പെടുത്താനുമായി.
എം സി എഫില്‍ ലഭ്യമായ കണ്‍വെയര്‍ ബെല്‍റ്റ്, ബ്ലെയിങ് മെഷീന്‍, വാക്വം ക്ലീനര്‍, പ്രഷര്‍ പമ്പ്, പുല്‍വെട്ടിയന്ത്രങ്ങള്‍, വാഹനങ്ങളില്‍ കാറ്റ് നിറയ്ക്കാനുള്ള കംപ്രസ്സര്‍ പമ്പുകള്‍, വ്യക്തിഗത സുരക്ഷായന്ത്രങ്ങള്‍ എന്നിവ ഹരിത സേനാംഗങ്ങളുടെ ജോലിഭാരം ലഘൂകരിക്കുന്നു. ഉറവിടമാലിന്യം സംസ്‌കരിക്കുന്നതിനോടൊപ്പം, പഞ്ചായത്തില്‍ 100 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സ്വകാര്യചടങ്ങുകളുടെ ജൈവമാലിന്യം ശേഖരിക്കുന്നതും ഹരിത കര്‍മ്മ സേനയാണ്. 100 പേരില്‍ അധികം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങുകളുടെ രജിസ്ട്രേഷന്‍ പഞ്ചായത്തില്‍ ഉറപ്പാക്കുന്നുമുണ്ട്. രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഐആര്‍ടിസി കോര്‍ഡിനേറ്റര്‍ പരിശോധിച്ച് ഓരോ ദിവസത്തെയും ചടങ്ങുകളുടെ ലിസ്റ്റ് തയ്യാറാക്കും. ഹരിതകര്‍മ്മസേനാംഗങ്ങള്‍ ചടങ്ങിന് മുമ്പ് മാലിന്യം ശേഖരിക്കുന്നതിനുള്ള ബിന്നുകള്‍ നല്‍കുകയും, ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും തരംതിരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും നോട്ടീസുകളും നല്‍കുകയും പതിവാണ്.
ചടങ്ങ് നടക്കവേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഐആര്‍ടിസി സംഘവും സ്ഥലം പരിശോധിച്ച് ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. പരിപാടികളുടെ വിശദാംശങ്ങള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം ബന്ധപ്പെട്ടവരില്‍ നിന്ന് പിഴയീടാക്കും. രജിസ്റ്റര്‍ ചെയ്തവര്‍ ഹരിതചട്ടം പാലിക്കാതിരുന്നാല്‍ നടപടിയും സ്വീകരിക്കും. പ്രതിമാസം ശരാശരി 25 സ്വകാര്യചടങ്ങുകളില്‍നിന്നുള്ള ജൈവമാലിന്യങ്ങള്‍ പഞ്ചായത്ത് ശേഖരിക്കുന്നു. പരമാവധി 50 കിലോഗ്രാംവരെ ജൈവമാലിന്യങ്ങള്‍ കിട്ടുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരന്‍ പറഞ്ഞു. ജൈവമാലിന്യങ്ങള്‍ പഞ്ചായത്തിലെ തുമ്പൂര്‍മുഴി സംസ്‌കരണ സംവിധാനത്തില്‍ ശേഖരിച്ച് വളമാക്കി കര്‍ഷകര്‍ക്ക് വിതരണം ചെയ്തും വരുമാനം കണ്ടെത്തുന്നുണ്ട്.
എല്ലാ മാസവും ശരശരി 13,000 കിലോ അജൈവ മാലിന്യങ്ങളും 16 വാര്‍ഡുകളില്‍ നിന്നായി ശേഖരിക്കുന്നുണ്ട്. അജൈവമാലിന്യങ്ങള്‍ മങ്ങാട് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ടെക് എന്ന സ്ഥാപനത്തിനും, എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേം എന്ന കമ്പനിക്കും നല്‍കി വരുന്നു. വിലകിട്ടാത്ത മാലിന്യങ്ങള്‍ സ്വകാര്യകമ്പനികള്‍ ശേഖരിക്കുന്നതിന് പഞ്ചായത്ത് പണം നല്‍കുന്നു. മറ്റു പഞ്ചായത്തുകളിലെ മാലിന്യങ്ങളും പനയം പഞ്ചായത്ത് വഴി സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നുണ്ട്. ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. ശേഖരിക്കപ്പെടുന്ന ഓരോ 30 കിലോഗ്രാം ജൈവമാലിന്യത്തില്‍ നിന്നും 20 കിലോഗ്രാം വളമാണ് നിര്‍മ്മിക്കുന്നത്. ഇതുവഴി ഏകദേശം 4 ടണ്‍ ജൈവമാലിന്യത്തില്‍ നിന്ന് മാസം കുറഞ്ഞത് 40,000 രൂപ വരെ അധിക വരുമാനം പഞ്ചായത്തിന് കിട്ടുന്നു.
കഴിഞ്ഞ മാര്‍ച്ച് 30ന് സീറോ വേസ്റ്റ് ദിനാചരണത്തിന് മുന്നോടിയായി നടന്ന ജില്ലാതല മാലിന്യമുക്ത പ്രഖ്യാപന പരിപാടിയില്‍ മികച്ച മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച പഞ്ചായത്ത് എന്ന നേട്ടവും ജില്ലയിലെ മികച്ച ഹരിത കര്‍മസേന കണ്‍സോര്‍ഷ്യത്തിനുള്ള അവാര്‍ഡും പഞ്ചായത്തിന് ലഭിച്ചു. മികച്ച പഞ്ചായത്ത്, മികച്ച ഹരിത കര്‍മ്മ സേന, മികച്ച എം സി എഫ് എന്നീ വിഭാഗങ്ങളിലും പനയം പഞ്ചായത്ത് തിളങ്ങി. വൃത്തി 2025 കോണ്‍ക്ലേവില്‍ മികച്ച രണ്ടാമത്തെ ഹരിതകര്‍മസേന കണ്‍സോര്‍ഷ്യമായി തിരഞ്ഞെടുത്തു.
ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ മാലിന്യനിര്‍മാര്‍ജനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. പേപ്പര്‍ ബാഗ് – ലിക്വിഡ് ഇനോക്കുലം നിര്‍മാണം, എല്‍ഇഡി റിപ്പയറിങ്, കാറ്ററിംഗ്, സെറാമിക് പ്ലേറ്റ്, ഗ്ലാസ് തുടങ്ങിയവ വാടകയ്ക്ക് നല്‍കല്‍ എന്നിവയുമുണ്ട്. സംസ്ഥാനമൊട്ടാകെയുള്ള പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ക്ക് പനയം പഞ്ചായത്തിലെ സെക്രട്ടറി ജോസഫിന്റെ നേതൃത്വത്തില്‍ മാലിന്യനിര്‍മ്മാര്‍ജനം, സംസ്‌ക്കരണം എന്നിവയുമായി ബന്ധപെട്ട് ക്ലാസുകള്‍ നല്‍കി വരുന്നുമുണ്ട്.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.