ആലുവ:ബ്രാഹ്മണ്യത്തിൻ്റെ തിരിച്ചുവരവിനെ പ്രതിരോധിക്കാൻ ഗാന്ധിജിയുടെയും ഗുരുവിൻ്റെയും ദർശനങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് മുല്ലക്കര രത്നാകരൻ. മനുഷ്യമനസ്സിലെ വർഗ്ഗീയതയുടെ അഴുക്ക് നീക്കം ചെയ്താലേ ഗാന്ധിയെയും, ഗുരുവിനെയും മനുഷ്യഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാനാകൂ. അക്രമത്തിനും, അനീതിക്കും, മനുഷ്യത്വരഹിത പ്രവർത്തനങ്ങൾക്കും എതിരെ പോരാടാൻ ഗാന്ധി ഗുരുചിന്തകൾ മനുഷ്യന് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുവിൻ്റെ ദർശനങ്ങൾ അതിൻ്റെ മഹത്വത്തിൽ ഉൾക്കൊള്ളാൻ മനുഷ്യർക്ക് കഴിഞ്ഞാലെ രാഷ്ട്രം ഇന്ന് നേരിടുന്ന ജാതിചിന്തകളും, വർഗ്ഗീയതയും, അക്രമവാസനയും ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. വിദേശാധിപത്യത്തിൽ നിന്നും രാജ്യത്തെ മോചിപ്പിച്ചു കൊണ്ട് ഭാരതത്തിന് സ്വാതന്ത്ര്യം നേടി തരുന്നതിന് പോരാടി ഈ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും, ഉച്ചനീചത്വത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുന്നതിന് വേണ്ടി ജീവതം മാറ്റി വച്ച ശ്രീനാരായണ ഗുരുവും രാജ്യത്ത് ജാതിബോധം ഇല്ലാതാക്കി നീതിബോധവും, സ്വാതന്ത്ര്യവും സൃഷ്ടിച്ച മഹാൻമാരായിരുന്നു. മനുഷ്യനെ ഒന്നിപ്പിക്കാൻ അടിസ്ഥാനപരമായി വേണ്ടത് അറിവാണ് എന്ന ജനങ്ങളെ ഉദ്ബോധിപ്പിക്കാൻ ഗുരു ജീവിതം മാറ്റിവെച്ചു. രക്തസാക്ഷി ദിനത്തിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച “ഗാന്ധിയും ഗുരുവും” എന്ന വിഷയത്തിൽ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.അമൽ സി.രാജൻ മുഖ്യ പ്രഭാഷണം നടത്തി. ജോയിൻ്റ് കൗൺസിൽ ചെയർമാൻ കെ പി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ പി എസ് സന്തോഷ്കുമാർ, സംസ്ഥാന വൈസ് ചെയർമാന്മാരായ വി സി ജയപ്രകാശ്, എം എസ് സുഗൈദകുമാരി, സംസ്ഥാന സെക്രട്ടറിമാരായ കെ മുകുന്ദൻ, എസ് സജീവ്, എം എം നജീം, നന്മ സാംസ്കാരിക വേദി സംസ്ഥാന പ്രസിഡൻ്റ് എംസി ഗംഗാധരൻ, സംസ്ഥാന സെക്രട്ടറി ജി അരുൺകുമാർ, ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദു രാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സിഎ അനീഷ്, പിഎ രാജീവ്, എസ് കെ എം ബഷീർ തുടങ്ങിയവർ സംസാരിച്ചു. ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന നന്ദി പറഞ്ഞു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.