മുന്നാക്ക സമുദായ ക്ഷേമത്തിന് സർക്കാർ പ്രാധാന്യം നൽകുന്നു : മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം:സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായങ്ങളുടെ ക്ഷേമത്തിനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകി സർക്കാർ ഈ വിഭാഗക്കാർക്ക് സാമൂഹ്യ നീതി ഉറപ്പാക്കി. സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന ഭവന സമുന്നതി, മംഗല്യ സമുന്നതി പദ്ധതികളുടെ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാജ്യത്ത് ആദ്യമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത് കേരളമാണ്. സാമ്പത്തിക നിയന്ത്രണ സാഹചര്യത്തിലും പദ്ധതിവിഹിതത്തിൽ കുറവ് വരുത്താതെ പാവപ്പെട്ട മുന്നാക്ക കുടുംബങ്ങൾക്ക് വിവാഹ സഹായം, ഭവന സഹായം, വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ, സംരംഭത്തിനുള്ള സഹായം തുടങ്ങിയവ സർക്കാർ നൽകിവരുന്നുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ സർക്കാരിന്റെ പ്രവർത്തനങ്ങൾ പാവപ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന രീതിയിലാണെന്നും മന്ത്രി പറഞ്ഞു.

സർക്കാർ നൽകുന്ന സഹായ പദ്ധതികൾ അർഹരായവരിൽ എത്തിക്കുന്നതിൽ സമുന്നതി മികച്ച പ്രവർത്തനം നടത്തുന്നുണ്ടെന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ ആശംസപ്രസംഗത്തിൽ പറഞ്ഞു.

സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ കെ. ജി. പ്രേംജിത്ത്, മാനേജിങ് ഡയറക്ടർ ദേവി എൽ ആർ, ഡയറക്ടർമാരായ ഭവദാസൻ നമ്പൂതിരി പി വി, ഫാ. ജിജി തോമസ്, അഡ്വ. ടി. കെ. പ്രസാദ്, ബി. ജയകുമാർ, അഡ്വ. കൊല്ലങ്കോട് രവീന്ദ്രൻ നായർ, കെ സി സോമൻ നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response