
മഹാനായ തൊഴിലാളി നേതാവും, ഐതിഹാസികമായ പുന്നപ്ര വയലാർ സമര നായകന്മാരിൽ ഒരാളുമായ ടി.വി. തോമസ് ഓർമ്മദിനം
“എമ്മനും ഗൗരിയുമൊന്നാണേ
തോമാ അവരുടെ വാലാണേ…
നാടുഭരിക്കാനറിയില്ലെങ്കിൽ
ചകിരി പിരിക്കൂ ഗൗരിച്ചോത്തി.
അരിവാളെന്തിന് തോമാച്ചാ
ഗൗരിച്ചോത്തിയെ ചൊറിയാനോ…
ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തോമാ സൂക്ഷിച്ചോ…
ചെങ്കൊടി ഞങ്ങൾ താഴ്ത്തിക്കെട്ടും
ചാത്തന്‍ പൂട്ടാൻ പൊയ്ക്കോട്ടെ…
തമ്പ്രാനെന്ന് വിളിപ്പിക്കും..
പാളേൽ കഞ്ഞി കുടിപ്പിക്കും….”
കേരളത്തിന്റെ തെരുവുകളിൽ 66 വർഷങ്ങൾക്കു മുമ്പ് മുഴങ്ങിയ മുദ്രാവാക്യങ്ങളിൽ നിന്നുള്ള ചില വരികളാണ് മുകളിൽ ചേർത്തിരിക്കുന്നത്.
ചുവടെ ചേർത്തിരിക്കുന്നത് ടിവി തോമസിൻറെ ടിവികെ എഴുതിയ ജീവചരിത്രത്തിലെ സുപ്രധാനമായ ഒരു സന്ദർഭമാണ്. ഈ രണ്ട് സന്ദർഭങ്ങളിലെയും വരികൾക്കിടയിൽ ഉണ്ട് ടിവി ആരായിരുന്നു എന്ന്…
തൊഴിലാളികൾക്കും തൊഴിലാളിവിരുദ്ധർക്കും ടിവി എന്തായിരുന്നു എന്ന്…
“കേട്ടവർ കേട്ടവർ ഓടിക്കൂടി. ടിവിതോമാസിനെ പട്ടാളക്കാർ അറസ്റ്റ് ചെയ്തു.ആലപ്പുഴ നഗരത്തിലെ സെൻറ് ജോർജ്ജ് സ്ട്രീറ്റിന് സമീപമുള്ള തോടിൻറെ ഒരുഭാഗത്തായി വൻ ജനക്കൂട്ടം ഉണ്ടായിരുന്നു. അവിടെ ഓടിക്കൂടിയവരിൽ സർ സിപിയുടെ പട്ടാളത്തിന്റെ ക്രൂരത കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരും ആകൂട്ടത്തിൽ ഉണ്ടായിരുന്നു. പന്ത്രണ്ടോളം വാഹനങ്ങളിലെത്തിയ പട്ടാളക്കാരാണ് രാവിലെ വീട് വളഞ്ഞത്. അകത്ത് സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടക്കരച്ചിൽ ഉയർന്നു. അക്ഷോഭ്യനായി ടിവി ഇറങ്ങിവന്നു. പ്രഭാതകൃത്യങ്ങൾ നിർവഹിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ ഇപ്പോൾത്തന്നെ വരാം. പട്ടാളക്കാർ സമ്മതം മൂളി.കുറച്ചു കഴിഞ്ഞു തല ഉയർത്തി നട്ടെല്ല് നിവർത്തി പതറാതെ ടിവി ഇറങ്ങിവരുന്നു. നൂറുകണക്കിന് പട്ടാളക്കാരുടെ അകമ്പടിയോടെ നടന്നുവരുന്ന ടിവിയെ ശ്വാസം അടക്കിക്കൊണ്ട് ജനക്കൂട്ടം നോക്കിനിന്നു. വീട്ടുസാധനങ്ങൾ പട്ടാളക്കാർ തല്ലിത്തകർത്തു. 12 പശുക്കളെയും എരുമകളെയും മുനിസിപ്പാലിറ്റി വക സ്ഥലത്താക്കി. ഭക്ഷണം കിട്ടാതെ അവ ചത്തൊടുങ്ങി. കുടുംബാംഗങ്ങൾ വേറെ താമസസ്ഥലം തിരക്കിയിറങ്ങി. ടിവി പതറിയില്ല. തലചായ്ക്കാൻ ഒരിടം സ്വന്തമായില്ലാത്ത പതിനായിരങ്ങൾ അദ്ദേഹത്തിൻ്റെ പിന്നിലുണ്ടായിരുന്നു….”
ആലപ്പുഴ തൈപ്പറമ്പുവീട്ടിൽ ടി.സി. വർഗീസിന്റെയും പുറക്കാട് കദളിപ്പറമ്പിൽ പെണ്ണമ്മയുടെയും മകനായി 1910 ജനുവരി 2-ന് ടിവി തോമസ് ജനിച്ചു. ആലപ്പുഴയിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളജിലും എറണാകുളം മഹാരാജാസ് കോളജിലും ഉപരിപഠനം. 1930-ൽ ബി.എ. ബിരുദവും 1935-ൽ മദിരാശിയിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി. ആലപ്പുഴ കോടതിയിൽ വക്കീലായി. ദീർഘകാലം ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ പദവി അലങ്കരിച്ചിട്ടുണ്ട്.
1952-ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് തിരു-കൊച്ചി നിയമസഭയിൽ അംഗമായി. 1954-ലെ ഇടക്കാല തെരഞ്ഞെടുപ്പിലും വിജയിയായി. 1952-54 വരെ തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവും ആയിരുന്നു.
കേരള സംസ്ഥാനം രൂപീകൃതമായ ശേഷം 1957-ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.തോമസ് ആലപ്പുഴയിൽ നിന്നും വിജയിച്ചു. അതുവരെ തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവായിരുന്ന ടി.വി.തോമസ് തന്നെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ മുഖ്യമന്ത്രി ആകുമെന്നൊക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും മാധ്യമങ്ങളൊക്കെ അങ്ങിനെയാണ് എഴുതിയിരുന്നതെങ്കിലും ഇ എം എസ് നമ്പൂതിരിപ്പാടാണ് മുഖ്യമന്ത്രി ആയത്. മുഖ്യമന്ത്രി ആയില്ലെങ്കിലും അദ്ദേഹം തൊഴിൽ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും മന്ത്രിയായിരുന്നു. 1967 ലെ തെരഞ്ഞടുപ്പിലും വിജയിച്ച് വ്യവസായ വകുപ്പ് മന്ത്രിയായി. 1972-77 കാലത്തും വ്യവസായ വകുപ്പുമന്ത്രിയായിരുന്നു.
ഇലക്‌ട്രോണിക് വ്യവസായത്തിന്റെ സാധ്യതകൾ മുൻകൂട്ടി കണ്ട് കെല്‍ട്രോൺ തുടങ്ങിയതടക്കം ഇന്നുള്ള ഒട്ടുമിക്ക മിക്ക പൊതുമേഖലാ വ്യവസായങ്ങള്‍ക്കും തുടക്കം കുറിച്ചത് ടി.വി തോമസ് ആണ്. വാളയാർ സിമന്റ്സ്, കൊല്ലത്തെ ടൈറ്റാനിയം കോംപ്ലക്സ് , കേരള ടെക്സ്റ്റെയിൽ കോർപ്പറേഷനും തുണിമില്ലുകളും, പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ, ഗ്ലാസ്സസ്, കയർ കോർപ്പറേഷൻ, കയർ ഫെഡ്, ഫോം മാറ്റിങ്സ് ഇന്ത്യ, ഓട്ടോ കാസ്റ്റ്, കശുവണ്ടി വികസന കോർപ്പറേഷൻ, ബാംബു കോർപ്പറേഷൻ, കശുവണ്ടി കോർപ്പറേഷൻ, ടെൽക്ക് ഇവയെല്ലാം ടി.വി.യുടെ സംഭാവനകളാണ്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ ബീഡിത്തൊഴിലാളികൾക്കായി ദിനേശ് ബീഡി സഹകരണ പ്രസ്ഥാനത്തിന് രൂപംകൊടുത്തതും ടിവിയെന്ന ഭരണാധികാരിയുടെ കഴിവാണ്.
നാളെയുടെ മറ്റങ്ങൾ മുൻകൂട്ടി കണ്ട് കൊണ്ട് വർഷങ്ങൾക്ക് മുൻപ് കെൽട്രോണിന് അദ്ദേഹം രൂപം നൽകി. 1973 ൽ വിവര സാങ്കേതിക വിദ്യയെ കുറിച്ച് ആർക്കും വളരെ അറിവ് ഉണ്ടായിരുന്നില്ല. അന്നാണ് വ്യവസായ മന്ത്രിയായിരുന്ന ടി.വി.തോമസ്സ് കെൽട്രോൺ എന്ന സ്ഥാപനത്തിന് രൂപം നൽകിയത്. സാങ്കേതിക വിദ്യയും മൂലധനവും തേടി അദ്ദേഹം ജപ്പാൻ യാത്ര നടത്തിയപ്പോൾ അതിന്റെ പേരിൽ കേരളത്തിൽ അന്ന് വിവാദവുമുണ്ടാക്കിയിരുന്നു പ്രതിപക്ഷം.കുറഞ്ഞ ചെലവിൽ ടെലിവിഷൻ നിർമ്മാണം മാത്രമല്ല ഐ.എസ്.ആർ.ഒ. പ്രതിരോധ വകുപ്പ് എന്നിവയ്ക്കുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് വരെ കെൽട്രോൺ കടന്ന് കയറി.ഇലക്ടോണിക് ഉൽപ്പന്നങ്ങളുടെ രാജാവായ ജപ്പാൻ പോലും കെൽട്രോണിന് മുന്നിൽ മുട്ടുമടക്കിയ ചരിത്രവുമുണ്ട്. ജർമ്മനിയും ജപ്പാനുമായി ഈ രംഗത്ത് മത്സരിച്ച് മുന്നേറിയതാണ് കെൽട്രോണും കൊച്ചു കേരളവും. ഒരു കാലത്ത് ഏഷ്യയിലെ നമ്പർ വൺ കപ്പാസിറ്റർ ഉൽപ്പാദിപ്പിച്ചിരുന്ന കമ്പനിയും കെൽട്രോണായിരുന്നു. എന്നാൽ മാറി മാറി വന്ന ഭരണാധികാരികൾ ടി.വി.തോമസ്സിൻ്റെ കാഴ്ച്ചപ്പാട് പിന്തുടർന്നില്ല.
കയർ, ട്രാൻസ്‌പോർട്ട്, ബോട്ട് ക്രൂ തുടങ്ങി നിരവധി മേഖലകളിലെ ട്രേഡ് യൂണിയനുകളുടെ നേതാവായി ഉയർന്നുവന്ന ടിവിയെന്ന ഭരണാധികാരിയുടെ കഴിവിനോടൊപ്പം, ആത്മാർഥത നിറഞ്ഞ ഒരു തൊഴിലാളി നേതാവിന്റെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനമാണ് ആ കാലഘട്ടത്തിൽ കേരളം കണ്ടത്.
ആലപ്പുഴയിലെ കയർ തൊഴിലാളികളുടെ ജീവിതത്തിന്റെ കണ്ണുനീരും വേദനകളും അനുഭവിച്ചറിഞ്ഞ മഹാനായ തൊഴിലാളി നേതാവ് വ്യവസായവകുപ്പും തൊഴിൽ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിയായി പ്രവർത്തിക്കുവാൻ അവസരം ലഭിച്ചപ്പോൾ കേരളത്തിൻറെ ചരിത്രത്തിൽ മറ്റേതൊരു വ്യവസായവകുപ്പ് മന്ത്രിയെക്കാൾ മികച്ചരീതിയിൽ ആ വകുപ്പ് കൈകാര്യം ചെയ്തതിൽ തീർച്ചയായും അത്ഭുതപ്പെടാൻ ഒന്നുമില്ല.
മാർച്ച് 26: മഹാനായ തൊഴിലാളി നേതാവും, ഐതിഹാസികമായ പുന്നപ്ര വയലാർ സമര നായകന്മാരിൽ ഒരാളുമായ ടി.വി. തോമസ് ഓർമ്മദിനം.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.