ഞാൻ എല്ലാവരുടെയും കവിയല്ല. ചില സുകുമാരബുദ്ധികൾ പറയുംപോലെ ‘മലയാളത്തിൻ്റെ പ്രിയകവി’യും അല്ല. ബാലചന്ദ്രൻ ചുള്ളിക്കാട്.

തൻ്റെ കഴിഞ്ഞ കാലവർത്തമാനം ഒരിക്കൽക്കൂടി പറയാൻ ആഗ്രഹിച്ചു. തൻ്റെ ചങ്ങാതിമാർക്ക് അയച്ച കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഒരു അപേക്ഷ എന്ന തലക്കെട്ടോടുകൂടിയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.തൻ്റെ സൃഷ്ടികൾ സിലബസ് കമ്മിറ്റിക്കാരോട് ഒഴിവാക്കണമെന്നതാണ് അദ്ദേഹത്തിൻ്റെ ആവശ്യം. അത് വീണ്ടും തുറന്നു പറയുകയാണ്.

കുറിപ്പ് ഇങ്ങനെ,

എന്റെ കൂട്ടുകാരിയായ ഒരു മലയാളം അധ്യാപിക ഇന്നലെ എനിക്കയച്ച സന്ദേശമാണിത്. ഇക്കാര്യം അക്ഷരംപ്രതി ശരിയാണ് എന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. അതുകൊണ്ടാണ് എന്റെ കവിത സ്കൂളുകളുടെയും സർവകലാശാലകളുടെയും സിലബസ്സിൽനിന്നും ഒഴിവാക്കണമെന്നും അക്കാദമിക് ആവശ്യങ്ങൾക്കുവേണ്ടി എന്റെ കവിത ദുരുപയോഗംചെയ്യരുതെന്നും ഞാൻ പണ്ട് ഒരിക്കൽ അധികൃതരോട് അപേക്ഷിച്ചത്. സിലബസ് കമ്മറ്റിയുടെ ഔദാര്യമുണ്ടെങ്കിലേ കവിക്കും കവിതയ്ക്കും നിലനിൽപ്പുള്ളൂ എങ്കിൽ ആ നിലനിൽപ്പ് എനിക്കാവശ്യമില്ല.

ഞാൻ എല്ലാവരുടെയും കവിയല്ല. ചില സുകുമാരബുദ്ധികൾ പറയുംപോലെ ‘മലയാളത്തിൻ്റെ പ്രിയകവി’യും അല്ല. മലയാള കവിതയുടെ ചരിത്രത്തിൽ എനിക്ക് യാതൊരു കാര്യവുമില്ല. എൻ്റെ സമാനഹൃദയരായ കുറച്ചു വായനക്കാരുടെ മാത്രം കവിയാണ് ഞാൻ. അവർക്കു വായിക്കാനാണ് ഞാൻ കവിതയെഴുതുന്നത്. സദസ്സിനു മുമ്പിൽ ചൊല്ലിയാലും മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചാലും അതൊരു ഏകാന്തമായ സ്മൃതിവിനിമയമാണ്.

അല്ലാതെ കലാസ്നേഹികളായ നാട്ടുകാർക്കു മുഴുവൻ വായിച്ചു രസിക്കാനോ വിദ്യാർഥിസമൂഹത്തിനു പഠിക്കാനോ അധ്യാപകസമൂഹത്തിനു പഠിപ്പിക്കാനോ ഗവേഷകർക്കു ഗവേഷണം നടത്താനോ വേണ്ടിയല്ല ഞാൻ കവിത എഴുതുന്നത്. ആവശ്യമുള്ളവർ മാത്രം വായിക്കേണ്ടതാണ് എന്റെ കവിത. ആർക്കും ആവശ്യമില്ലെങ്കിൽ ഞാനും എന്റെ കവിതയും സ്‌മൃതമാവുകയാണ് വേണ്ടത്. അല്ലാതെ ൻ്റെ കവിത ആവശ്യമില്ലാത്ത വിദ്യാർഥിസമൂഹത്തിൻ്റെ മേൽ അത് അടിച്ചേൽപ്പിക്കരുതെന്ന് എല്ലാ സിലബസ് കമ്മറ്റിക്കാരോടും ഒരിക്കൽക്കൂടി ഞാൻ അപേക്ഷിക്കുന്നു. ദയവായി എന്റെ കവിത പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കണം.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.