കൊട്ടാരക്കര:സിനിമകളിൽ പൊതുവിൽ ക്വിയർ പ്രതിനിധാനം പ്രശ്നവൽക്കരിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിനിധാനത്തെ നോർമലൈസ് ചെയ്യുകയാണ് വേണ്ടതെന്നും ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ ആദ്യ ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു. ‘സിനിമയിലെ ക്വിയര്‍, ട്രാന്‍സ് വിമന്‍ പ്രതിനിധാനം’ എന്ന വിഷയത്തിലാണ് ഓപ്പൺ ഫോറം സംഘടിപ്പിച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ആമുഖഭാഷണം നടത്തി.
“സിനിമകളിലെ ക്വിയർ പ്രതിനിധാനത്തെ മൂന്ന് ഘട്ടങ്ങളായി അടയാളപ്പെടുത്താം. ആദ്യകാലത്ത് ക്വിയർ സിനിമകളിൽ ക്വിയർ ജീവിതങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ സാധിച്ചിരുന്നില്ല. രണ്ടാം ഘട്ടത്തിൽ 1990ത്തിനു ശേഷം ന്യൂ ക്വിയർ സിനിമകളിലാണ് ക്വിയർ കഥാപാത്രങ്ങളുടെ സംഘർഷങ്ങൾ സിനിമകളിലേക്ക് എത്തിയത്. ഇനിയുള്ള മൂന്നാം ഘട്ടത്തിൽ ക്വിയർ ജീവിതം സിനിമയിൽ നോർമലൈസ് ചെയ്യപ്പെടേണ്ടതുണ്ട്”, എഴുത്തുകാരനും സിനിമാ നിരൂപകരമായ ഡോ. കിഷോർ റാം പറഞ്ഞു.
ഗേൾഫ്രണ്ട് എന്ന തൻ്റെ സിനിമ കഥാപാത്രങ്ങളിൽ നിന്നാണ് വികസിച്ചതെന്ന് സംവിധായിക ശോഭന പടിഞ്ഞാറ്റിൽ പറഞ്ഞു. പെഡ്രോ ആൽമദോവറിന്‍റെ സിനിമകളാണ് ട്രാൻസ് വ്യക്തികളെ ആവിഷ്കരിക്കുന്നതിൽ സ്വാധീനിച്ചത്. ട്രാൻസ് കമ്മ്യൂണിറ്റിക്ക് പൊതുവിടങ്ങളില്ല. കമ്മ്യൂണിറ്റി ആയി മാത്രമായാണ് അവർക്ക് ജീവിക്കേണ്ടി വരുന്നത്. തൻ്റെ സിനിമയിലൂടെ ട്രാൻസ് വ്യക്തിയായി അഭിനയിക്കുന്ന റോസയുടെ വീട്ടിലേക്കാണ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും തങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി എത്തുന്നത്. അതിനൊരു രാഷ്ട്രീയം കൂടിയുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
ക്വിയർ സിനിമകളിൽ ലൈറ്റിംഗ്, ക്യാമറ എന്നിവ വ്യത്യസ്തമായ രീതിയിലാണ് ഉപയോഗിക്കാറുള്ളത്. അലിഗർ, വീക്കൻ്റ്, ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ തുടങ്ങിയ സിനിമകളിലെല്ലാം വ്യത്യസ്തമായ ലൈറ്റിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്. അതിലൂടെ വ്യത്യസ്തമായതെന്തോ ഒന്നാണ് ക്വിയർ ജീവിതങ്ങളിൽ സംഭവിക്കുന്നതെന്ന തോന്നലുണ്ടാകുന്നുവെന്ന് ഡോ. കിഷോർ റാം ചൂണ്ടിക്കാട്ടി.
ട്രാൻസ് വ്യക്തികളുടെ ലെൻസിലൂടെയുള്ള സിനിമകൾ നമുക്ക് പരിചിതമല്ലെന്നും സിനിമ ഒരു അധികാര കേന്ദ്രമാണെന്നും നടി റോസാ ഫെലിക്സ അഭിപ്രായപ്പെട്ടു. അതിജീവിക്കുക എന്നതിനപ്പുറം ജീവിക്കുക എന്നതാണ് ട്രാൻസ് വ്യക്തികൾ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. ക്വിയർ കമ്യൂണിറ്റി സമൂഹത്തെ പുതുക്കിപ്പണിയാൻ കഴിയുന്ന വലിയൊരു രാഷ്ട്രീയ പ്രതിനിധാനമാണെന്ന് സംവിധായിക ആദിത്യാ ബേബി നിരീക്ഷിച്ചു. അധ്യാപികയായ ഡോ. അനുപമ മോഡറേറ്ററായി.
വനിതാ ചലച്ചിത്രമേള – കൊട്ടാരക്കരയുടെ സിനിമാ പാരമ്പര്യത്തിന് കരുത്തുറ്റ തുടർച്ച : മന്ത്രി കെ.എൻ ബാലഗോപാൽ.
കൊട്ടാരക്കരയുടെ സിനിമാ പാരമ്പര്യത്തിന് കരുത്തുറ്റ ഒരു തുടർച്ചയുണ്ടാക്കാൻ വനിതാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അതിന് അടിത്തറയിട്ട പ്രതിഭകളെ ആദരിക്കുക എന്നത് നാടിൻ്റെ ഉത്തരവാദിത്തമാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ചലച്ചിത്രത്തിന്റെ മേഖലയിൽ മാറ്റങ്ങൾ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക മേഖലയിലെ അത്തരത്തിലുള്ള മാറ്റങ്ങൾക്കൊപ്പം നമുക്കും ചലിക്കാനാവുകയെന്നത് പ്രധാനമാണ്. ചുറ്റുപാടുകളെ ഏറ്റവും റിയലിസ്റ്റിക്കായി ഒപ്പിയെടുക്കുന്ന കലാരൂപമാണ് സിനിമ. കൊട്ടാരക്കരയിൽ പുതിയൊരു ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്താനും ചലച്ചിത്രത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും അന്താരാഷ്ട്രതലത്തിലുള്ള വനിതാ ചലച്ചിത്രമേളയിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്രപ്രവര്‍ത്തകസംഗമവും ആദരവും ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലുമുള്ള 16 ചലച്ചിത്രപ്രവര്‍ത്തകർ മിനർവ തിയേറ്ററിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.
കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ ഉണ്ണികൃഷ്ണന്‍ മേനോന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സ്വാഗതം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ആമുഖഭാഷണം നടത്തി.
ദേശീയ അവാര്‍ഡ് ജേതാവായ ഗായിക നഞ്ചിയമ്മ, നടിമാരായ കെ.പി.എ.സി ലീല, സന്ധ്യാരാജേന്ദ്രന്‍, ധന്യ അനന്യ, കഥകളി കലാകാരിയായ കലാമണ്ഡലം കൊട്ടാരക്കര ഗംഗ, ഗാനരചയിതാവ് എം.ആര്‍. ജയഗീത, ചലച്ചിത്രനിര്‍മ്മാതാക്കളായ അഡ്വ.കെ അനില്‍കുമാര്‍ അമ്പലക്കര, ബൈജു അമ്പലക്കര, സതീഷ് സത്യപാലന്‍, സംവിധായകരായ രാജീവ് അഞ്ചല്‍, എം.എം നിഷാദ്, ഷെരീഫ് കൊട്ടാരക്കര, രഞ്ജിലാല്‍ ദാമോദരന്‍, ഗാനരചയിതാവ് ഡോ.വി.എസ് രാജീവ്, ഛായാഗ്രാഹകന്‍ ജെയിംസ് ക്രിസ്, നിര്‍മ്മാതാവും വിതരണക്കാരനുമായ എം.ജോയ് എന്നിവരെയാണ് മന്ത്രി കെ.എൻ ബാലഗോപാൽ ആദരിച്ചത്.
തുടർന്ന് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച നഞ്ചിയമ്മ നയിക്കുന്ന അമ്മ കലാസംഘം സംഗീതപരിപാടിയും ഇരുളനൃത്തവും അവതരിപ്പിച്ചു.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.