കെ.ജി.ഒ.എഫ് നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ പ്രവര്‍ത്തനോദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവ്വഹിച്ചു.

തിരുവനന്തപുരം: പുത്തന്‍ പ്രവണതകള്‍ ഏതെല്ലാം ഉണ്ടായാലും കെജിഒഎഫിന് ചില മൗലികമായ കടമകളോട് നീതി കാണിക്കേണ്ട ബാധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷന്റെ (കെ.ജി.ഒ.എഫ് ) നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യങ്ങളെയും നിലപാടുകളെയും ചേര്‍ത്തുപിടിച്ചുകൊണ്ടാണ് കെ.ജി.ഒ.എഫ് ഇന്നുണ്ടായ വളര്‍ച്ച കൈവരിച്ചത്. ഭരണവിലാസ സംഘടനയായി മാറാതിരിക്കാന്‍ അവര്‍ ശ്രമിച്ചു. . മൂല്യങ്ങള്‍ എന്നത് പൈസയാണെന്ന് അംഗീകരിക്കാത്ത ഒരു കൊടിയാണ് കെ ജി ഓ എഫ് പിടിക്കുന്നത്. ആ കൊടിക്ക് നിറമുള്ളത് യാദൃശ്ചികമല്ല. ആ നിറം നീതിക്കുവേണ്ടി പോരാടിയ എല്ലാ മനുഷ്യരും ലോകത്ത് പിടിച്ചതാണ്. ആ കൊടി പിടിക്കുമ്പോള്‍ കാണിക്കേണ്ട മൂല്യ ബോധങ്ങൾ മനുഷ്യനും സമൂഹവും സംസ്ക്കാരവുമൊക്കെയാണ്.
ഒരുപാട് പ്രാകൃത ചിന്തകളും തിന്മകളുടെ ആശയവും അടിച്ചേല്‍പ്പിക്കാനാണ് ലോകത്തെവിടെയുമുള്ള ശക്തികള്‍ ശ്രമിക്കുന്നത്. പണം മുടക്കിയാല്‍ എല്ലാം ആയെന്നാണ് കോർപ്പറേറ്റുകൾ ചേര്‍ന്ന് നടത്തുന്ന ലോക വ്യവസ്ഥിതിയുടെ രാഷ്ട്രീയം പറയാന്‍ ശ്രമിക്കുന്നത്. എങ്ങനെയും പണമുണ്ടാക്കാമെന്ന തത്വശാസ്ത്രത്തെ ഇടതു ശാസ്ത്രം അംഗീകരിക്കില്ല. കെ.ജി.ഒ.എഫ് വളരുകയാണെന്നും ആ വളര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. എണ്ണത്തിലെ വളര്‍ച്ച ഗുണത്തിലെ വളര്‍ച്ചയാക്കി മാറ്റാന്‍ പറ്റുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ആ വെല്ലുവിളി കെജിഒഎഫ് ആരംഭിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


സംസ്ഥാന പ്രസിഡന്റ്‌ ഡോ. ജെ ഹരികുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. വി.എം ഹാരിസ് സ്വാഗതം പറഞ്ഞു. സി.പി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എസ് വിമൽ കുമാർ, മുൻ സംസ്ഥാന ഭാരവാഹികളായ ജെ സജീവ്, വിനോദ് മോഹൻ എസ്, സജി കുമാർ കെ എസ്, സുനിൽ കുമാർ എം, ബാലചന്ദ്രൻ, പി ഡി കോശി, റീജ, ഡോ. സോയ കെ എൽ, മനു കെ ജി തുടങ്ങിയവർ സംസാരിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.