കൊല്ലം :പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ തുടര്‍പ്രവര്‍ത്തനങ്ങളെ വലിയരീതിയില്‍ സഹായിക്കുമെന്നും അത് കേരളത്തിന്റെ ഭാവിവികസനത്തിന് പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ജില്ലാതല യോഗം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാതലയോഗങ്ങള്‍ക്ക് വലിയ ജനപങ്കാളിത്തമുണ്ട്. അതുകൂടി കണക്കിലെടുത്ത് തിരുവന്തപുരത്ത് നടക്കുന്ന എന്റെ കേരളം പരിപാടിയുടെ സമാപനസമ്മേളനത്തില്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. പ്രകടനപത്രികയിലെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ് യാഥാര്‍ഥ്യമാകാനുള്ളത്. വരും നാളുകളില്‍ അവയ്ക്ക് മുന്‍ഗണന നല്‍കി നീങ്ങും. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഓരോവര്‍ഷത്തെയും പുരോഗതി ജനങ്ങളെ അറിയിക്കുന്ന രീതി മറ്റെങ്ങും ഇല്ലാത്തതാണ്. ജനങ്ങളാണ് അന്തിമ വിധികര്‍ത്താക്കള്‍. കാലതാമസമില്ലാതെ കാര്യങ്ങള്‍ നടക്കുന്നതിനാല്‍ ഭരണനിര്‍വഹണത്തിന്റെ സ്വാദ് ജനങ്ങള്‍ അറിയാന്‍ തുടങ്ങി. ഫയല്‍ തീര്‍പ്പാക്കുന്നതിനായി പ്രത്യേക പദ്ധതികള്‍, മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തല അദാലത്തുകള്‍, മന്ത്രിസഭയാകെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നവകേരള സദസ്സുകള്‍, മേഖലാ അവലോകന യോഗങ്ങള്‍ തുടങ്ങി തത്സമയ പരിഹാരങ്ങള്‍ മുതല്‍ തുടര്‍നടപടിക്ക് നിര്‍ദേശംനല്‍കിയുള്ള തീര്‍പാക്കല്‍വരെ നടപ്പിലാക്കി.
പലവിധ പ്രതിസന്ധികളില്‍ സഹായിക്കാന്‍ ബാധ്യതയുള്ളവര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടസപ്പെടുത്തുകയും ചെയ്തു. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ലഭിക്കേണ്ട വിഹിതവും കിട്ടിയില്ല. അര്‍ഹതപ്പെട്ടത് നിഷേധിക്കുന്ന നിലപാടാണ് ഉണ്ടായത്. എങ്കിലും പുറകോട്ട് പോകാന്‍ നാടും നാട്ടുകാരും തയ്യാറായില്ല. പലവിധ പ്രതിസന്ധികള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയവ സംഭവിച്ചിട്ടും വിവിധ മേഖലകളില്‍ പുരോഗതി കൈവരിച്ചു. പ്രശ്‌നങ്ങളെ വിജയകരമായി അതിജീവിച്ചു. അസാധ്യമെന്ന് കരുതിയ പലതും സാധ്യമാക്കി.
കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തില്‍ 2023-2024 വര്‍ഷത്തില്‍ 72.84 ശതമാനത്തിന്റെ അധിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നുവര്‍ഷം മുന്‍പ് തനത് നികുതി വരുമാനം 47000 കോടിയായിരുന്നത് 81000 കോടിയായി വര്‍ധിച്ചു. മൊത്തം തനത് വരുമാനം 55000 കോടിയില്‍ നിന്ന് 104000 കോടിയായി ഉയര്‍ന്നു. പൊതുകടവും ആഭ്യന്തരഉല്‍പാദനവും തമ്മിലുള്ള അന്തരം മുന്‍കാലങ്ങളെക്കാള്‍ കുറഞ്ഞു. ആഭ്യന്തര ഉത്പാദനം വളര്‍ച്ച 2016ലെ 5,60,000 കോടിയില്‍ നിന്ന് 13,11,000 കോടിയായി വര്‍ധിച്ചു. റിസര്‍വ് ബാങ്ക് കണക്ക് പ്രകാരം പ്രതിശീര്‍ഷ വരുമാനം 2016 ല്‍ 1,48,000 കോടിയായിരുന്നത് 2,28,000 കോടിയായി ഉയര്‍ന്നു.
ഐ.ടി. രംഗത്തെ വലിയ പുരോഗതി സംസ്ഥാനത്തെ യുവജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്താദ്യമായി ടെക്‌നോപാര്‍ക്ക് സ്ഥാപിച്ചത് കേരളത്തിലാണെങ്കിലും തുടര്‍ന്ന് പുരോഗതി ഉണ്ടായില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളിലായി വന്‍ നേട്ടമാണുണ്ടായത്. 2016ല്‍ 640 കമ്പനികളുണ്ടായിരുന്നസ്ഥാനത്ത് ഇപ്പോള്‍ 1106 എണ്ണമായി. ഐ.ടി. മേഖലയില്‍ 2016 ല്‍ 78,000 തൊഴിലവസരങ്ങളുണ്ടായിരുന്നത് നിലവില്‍ 1,48,000 ആയി. മൊത്തം ഐ.ടി. കയറ്റുമതി 34,000 കോടി രൂപയില്‍ നിന്ന് ഇപ്പോള്‍ 90000 കോടി രൂപയായി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുട പ്രധാന കേന്ദ്രമായാണ് വിശേഷിപ്പിക്കുന്നത്. 3000 സ്റ്റ്ാര്‍ട്ടപ്പുകളുണ്ടായിരുന്നത് നിലവില്‍ 6300 ആയി വര്‍ധിച്ചു. 5800 കോടി രൂപയാണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം. 2026 ആകുമ്പോള്‍ 15000 സ്റ്റാര്‍ട്ടപ്പുകളിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ആധുനിക വിജ്ഞാനോത്പാദനത്തിന്റെ കേന്ദ്രമായി കേരളം മാറുകയാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റവും ഉന്നതവിദ്യാഭ്യാസ രംഗം കൂടുതല്‍ ശക്തിആര്‍ജിച്ചതും മാതൃകാപരമാണ്. ദേശീയ റാങ്കിങ് പട്ടികയില്‍ രാജ്യത്തെ മികച്ച 100 കോളജുകളില്‍ 16 എണ്ണം കേരളത്തിലേതാണ്. കേരള, കൊച്ചിന്‍, എം.ജി മികച്ച റാങ്കുകള്‍ ലഭിച്ച സര്‍വകലാശാലകളാണ്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ഗ്രാഫീന്‍ ഇന്നവേഷന്‍ സെന്റര്‍, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി തുടങ്ങിയവ മികച്ച സംഭാവനകളാണ്. ആയുര്‍വേദ രംഗത്ത് ഗവേഷണംപ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് സെന്റര്‍ വരുന്നു. മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ നിലവില്‍ വന്നു.
വ്യവസായസൗഹൃദ അന്തരീക്ഷത്തിലും കേരളം മുന്നിലാണ്. കൊച്ചിയില്‍ സംഘടിപ്പിച്ച വ്യവസായ നിക്ഷേപകസംഗമത്തില്‍ ഒന്നരലക്ഷം കോടിയുടെ നിക്ഷേപ താല്‍പര്യപത്രങ്ങളാണ് ലഭിച്ചത്.
ദാരിദ്ര്യം ഏറ്റവുംകുറഞ്ഞ സംസ്ഥാനമാണ് കേരളം. പൊതുവിതരണ രംഗം ശക്തിപ്പെടുത്തിയതിലൂടെയാണ് നേട്ടം കൈവരിക്കാനായത്. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ളതും ഇവിടെയാണ്. ക്രമസമാധാന നിലയും ഭദ്രം. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നാലര ലക്ഷം വീടുകളാണ് പൂര്‍ത്തിയാക്കിയത്. ബാക്കി വീടുകള്‍കൂടി ഉടന്‍പൂര്‍ത്തിയാകും. 2025 നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും.
ആരോഗ്യമേഖലയില്‍ 73 ലക്ഷം ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കി. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വഴി 2762 കോടിയുടെ സൗജന്യ ചികിത്സ ലഭ്യമാക്കി. 2016ല്‍ ബജറ്റ് വിഹിതം 665 കോടിയില്‍ നിന്നും 2500 കോടിയായി ഉയര്‍ത്താന്‍ സാധിച്ചു.
ക്ഷേമപെന്‍ഷന്‍ 1600 രൂപയാക്കി വര്‍ധിപ്പിച്ചു. കുടിശിക തുക മുഴുവന്‍ കൊടുത്തുതീര്‍ത്തു. ഒന്‍പതു വര്‍ഷത്തിനിടെ നാലുലക്ഷത്തിലധികം പട്ടയങ്ങളാണ് വിതരണം ചെയ്തത്.
അര്‍ഹമായ വിഹിതം തടയുമ്പോഴും ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തുണയായത് സംസ്ഥാനത്തിന്റെ തനതുവരുമാനത്തില്‍ ഉണ്ടായ വലിയ വളര്‍ച്ചയാണ്. 2016ല്‍ 26 ശതമാനമായിരുന്ന തനതുവരുമാനം നിലവില്‍ 70 ശതമാനമായി വളര്‍ന്നു. 2016ല്‍ രണ്ടു ശതമാനം മാത്രമായിരുന്ന കാര്‍ഷികരംഗത്തെ വളര്‍ച്ചാനിരക്ക് ഇപ്പോള്‍ 4.64 ശതമാനമായി. 1,76,000 ഹെക്ടര്‍ കൃഷി നിലവില്‍ 2,23,000 ഹെക്ടറിലായി. നെല്‍ ഉത്പാദനക്ഷമത 4.56 ടണ്ണായി വര്‍ധിപ്പിച്ചു. നാടിന്റെ ഇത്തരം വികസനചിത്രങ്ങളാണ് നാടറിയേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ അധ്യക്ഷനായി. വികസനതുടര്‍ച്ച അതിപ്രധാനം. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനം മറ്റെങ്ങുമില്ലാത്തവിധം മുന്നിലെത്തി. കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി വരികയാണ്. വിഴിഞ്ഞം വന്നുകഴിഞ്ഞു. അതിന്റെ ഗുണം കൊല്ലം തുറമുഖത്തിനും കിട്ടും. നഗരത്തില്‍ ഐ.ടി പാര്‍ക്ക് നിര്‍മാണം തുടങ്ങുകയാണ്. ഇതെല്ലാം ജനങ്ങളുടെകൂടി അഭിലാഷം കണക്കിലെടുത്താണ് നടപ്പിലാക്കുന്നത്-അദ്ദേഹം പറഞ്ഞു.
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍, എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ്, ഡോ. സുജിത്ത് വിജയന്‍ പിള്ള, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, പി എസ് സുപാല്‍, മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാചമന്ദ്രന്‍, ടൂറിസം സെക്രട്ടറി കെ. ബിജു, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍ ഹേമന്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെ ക്ഷേമപദ്ധതി ഗുണഭോക്താക്കള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍, പ്രൊഫഷനലുകളും വിദ്യാര്‍ഥികളുമുള്‍പ്പടെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളുടെ പ്രതിനിധികളായ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.