തിരുവനന്തപുരം: ഇനി കേരളത്തിൽ ഭൂമി വാങ്ങാനും വിൽക്കാനും പുതിയ നടപടിക്രമങ്ങൾ. ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി.
ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി ഭൂമി വാങ്ങാനും വിൽക്കാനും ‘എന്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കണം. ഭൂമി വിൽക്കുമ്പോൾത്തന്നെ നിലവിലെ ഉടമസ്ഥനിൽനിന്ന് പുതിയ ഉടമയിലേക്ക് ‘പോക്കുവരവ്’ നടത്തുന്ന തരത്തിൽ സംവിധാനവും നിലവിൽവരും. ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്‌കെച്ച് ഉണ്ടെങ്കിലേ ഇനി ഭൂമി വിൽക്കാനാകൂ.
ഉടമസ്ഥത കൈമാറുന്ന ഭൂമിയുടെ വിസ്തീർണ വ്യത്യാസമനുസരിച്ച് സർവേ സ്കെച്ചിലും മാറ്റം വരുന്നതിനാൽ വില്ലേജുകളിലേക്ക് ‘പോക്കുവരവി’നായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.സർവേ സ്കെച്ചിൽ തണ്ടപ്പേർ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ഭൂനികുതി അടച്ച രസീതുകളിൽ ‘കരം അടച്ചതിനുള്ള രേഖ മാത്രം’ എന്നും ഇനിമുതൽ രേഖപ്പെടുത്തും. ഇതുൾപ്പെടെ ഡിജിറ്റൽ സർവേ ചെയ്ത ഭൂമിയിൽ നികുതി അടയ്ക്കാനും ഭൂമി കൈമാറാനും ഉള്ള മാറ്റങ്ങൾ വ്യക്തമാക്കി റവന്യു വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ നികുതി സ്വീകരിക്കുന്നത് ഡിജിറ്റൽ ബേസിക് ടാക്സ് രജിസ്റ്റർ അടിസ്ഥാനമാക്കിയാകും. ഇതിനുമുന്നോടിയായി ‘എന്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ വില്ലേജ് ഓഫിസർ രേഖകളുടെ ഒറ്റത്തവണ പരിശോധന പോർട്ടലിലൂടെ പൂർത്തിയാക്കി നികുതി രസീത് അനുവദിക്കും. ഓൺലൈനായി ലഭിക്കുന്ന നികുതി രസീതിൽ പഴയതും പുതിയതുമായ സർവേ അല്ലെങ്കിൽ റീസർവേ നമ്പറുകൾ ഉണ്ടാകുമെന്നതിനാൽ ഉടമസ്ഥനും ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും മറ്റുകക്ഷികൾക്കും പരിശോധിക്കാനാകും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.