തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻറെ ആഭിമുഖ്യത്തിൽ, ‘’ക്ഷേമപെൻഷൻ കൈക്കൂലിയല്ല, അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല, യാഥാർത്ഥ്യമാണ്’’ എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന ആത്മാഭിമാന സംഗമങ്ങൾ ഇന്ന് (സപ്തംബർ 15) തുടക്കമാവും. സെപ്തംബർ 25 വരെ കേരളത്തിലെ 2216 വില്ലേജ് കേന്ദ്രങ്ങളിലായി ക്ഷേമപെൻഷൻ, ലൈഫ് ഗുണഭോക്താക്കൾ ആത്മാഭിമാന സംഗമത്തിൽ അണിചേരും.
1980ൽ നായനാർ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലാണ് ഇന്ത്യയിലാദ്യമായി കേരളത്തിൽ കർഷക തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തിയത്. അന്ന് മുതൽ യു. ഡി.എഫ് നേതൃത്വത്തിൽ വലതുപക്ഷം ക്ഷേമപെൻഷനെതിരെ നിലപാടെടുത്ത് നിൽക്കയാണ്. ക്ഷേമപെൻഷൻ പ്രത്യുൽപ്പാദനപരമല്ല, ധൂർത്താണ് തുടങ്ങിയ വലതുപക്ഷ പ്രചരണങ്ങൾ ഇതിൻറെ ഭാഗമാണ്. യു ഡി എഫ് അധികാരത്തിൽ വന്ന ഘട്ടങ്ങളിലെല്ലാം ക്ഷേമപെൻഷൻ കുടിശ്ശിക വരുത്തി പദ്ധതിയെ തകർക്കാൻ ശ്രമിച്ചു. പെൻഷൻതുക വർധിപ്പിക്കാനും തയ്യാറായില്ല.
തുടക്കത്തിൽ 45 രൂപയായിരുന്ന ക്ഷേമപെൻഷൻ ഇന്ന് 1600 രൂപയാണ്. 11 ഘട്ടങ്ങളിലായി പെൻഷൻ സംഖ്യയിൽ വർദ്ധനവുണ്ടായി. 10 തവണയും വർദ്ധിപ്പിച്ചത് എൽ ഡി എഫ് സർക്കാരാണ്. ഒരു തവണ യു ഡി എഫ് വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും പ്രയോഗത്തിൽ വരുത്തിയില്ല. വർധനവ് വരുത്തിയ തുക വിതരണം ചെയ്തത് തുടർന്ന് വന്ന എൽ ഡി എഫ് സർക്കാരാണ്.
ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് 34 ലക്ഷം പേർക്കാണ് പെൻഷൻ നൽകിയത്. ഇന്ന് 62 ലക്ഷം പേരാണ് ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ. ഇത്രയും പാവപ്പെട്ട കുടുംബങ്ങൾക്ക് കരുതലേകുന്ന ഇടതുപക്ഷ നിലപാട് യു ഡി എഫിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. അതിൻറെ ഭാഗമായാണ് ക്ഷേമപെൻഷൻ കൈക്കൂലിയാണെന്ന് കോൺഗ്രസിൻറെ ദേശീയ നേതാവായ കെ. സി. വേണുഗോപാൽ പ്രസ്താവിച്ചത്. അന്നും ഇന്നും യു ഡി എഫിന് ക്ഷേമപെൻഷൻ വിരുദ്ധ നിലപാടാണുള്ളതെന്ന് ഇത്തരം അഭിപ്രായങ്ങളിൽ നിന്ന് വ്യക്തമാവും. ക്ഷേമപെൻഷൻ വാങ്ങുന്ന ലക്ഷക്കണക്കായ പാവപ്പെട്ടവരുടേയും അവരുടെ കുടുംബങ്ങളുടേയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം വലതുപക്ഷ നിലപാടുകൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
കേന്ദ്രത്തിലെ ബി ജെ പി സർക്കാരും കേരളത്തിലെ ക്ഷേമപെൻഷൻ തകർക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് വെറും 8 ലക്ഷത്തോളം പേർക്കാണ് ക്ഷേമപെൻഷൻ കേന്ദ്രവിഹിതം ലഭിക്കുന്നത്. 200 മുതൽ 500രൂപ വരെയാണ് വിഹിതം. കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്ന വിഹിതം വെറും 48 കോടിയാണ്. അതും കൃത്യമായി നൽകുന്നില്ല. കേന്ദ്രവിഹിതം കൂടി സംസ്ഥാനസർക്കാരിൻറെ പക്കൽ നിന്നും ഈടാക്കിയാണ് 1600 രൂപ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് നൽകുന്നത്. ഇങ്ങിനെ കേന്ദ്ര വിഹിതം കൂടി നൽകിയ വകയിൽ 2025 മാർച്ച് 31 വരെയുള്ള കണക്കിൽ മാത്രം 390 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. കർഷക തൊഴിലാളി പെൻഷന് കേന്ദ്ര വിഹിതം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. ക്ഷേമപെൻഷൻ കൃത്യമായി വിതരണം ചെയ്യാൻ സംസ്ഥാനസർക്കാർ രൂപീകരിച്ച ക്ഷേമപെൻഷൻ കമ്പനി തകർത്ത കേന്ദ്ര നിലപാടും കേരളത്തെ സാമ്പത്തികമായി ഞെരുക്കണമെന്ന ബി ജെ പി അജണ്ട നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ നടപടിയും കേരളജനതയോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരിൻറെ ഈ നിലപാടിനെതിരെ യു ഡി എഫ് പ്രതികരിക്കാത്തത് ക്ഷേമ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ ഇല്ലാതാവണം എന്ന മനോഭാവം കൊണ്ടാണ്.
പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ആശ്വാസമേകുന്ന സംസ്ഥാന സർക്കാരിൻറെ ലൈഫ്മിഷൻ പദ്ധതിയ്ക്കെതിരെയും യു ഡി എഫ് നേതൃത്വത്തിൽ നിലപാടെടുക്കുന്നത് അപലപനീയമാണ്. ലൈഫ് പദ്ധതി വഴി 2016നുശേഷം ഇതുവരെ 5.82 ലക്ഷം ഭവനരഹികർക്കാണ് വീട് അനുവദിച്ചത്. ഇതിൽ 4.57 ലക്ഷം പേരുടെ ഭവന നിർമ്മാണം പൂർത്തിയായി. 1.25 ലക്ഷം വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇന്ത്യയിലൊരിടത്തും പാവപ്പെട്ടവർക്കുള്ള ഇത്തരം സ്വപ്ന പദ്ധതി നടപ്പിലാക്കിയിട്ടില്ല. അപ്പോഴാണ് ലൈഫ് വ്യാമോഹമാണെന്നും തങ്ങൾ അധികാരത്തിൽ വന്നാൽ നിർത്തലാക്കുമെന്നും പ്രഖ്യാപിക്കാൻ യു ഡി എഫ് മുന്നോട്ടുവരുന്നത്. ഇതിലൂടെ അവരുടെ പക്ഷം പാവപ്പെട്ട ജനവിഭാഗങ്ങളുടെ പക്ഷമല്ലെന്ന് തെളിയുന്നു.
ഒരുഭാഗത്ത് യു ഡി എഫും മറുഭാഗത്ത് ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും കേരളത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങളോട് യുദ്ധ പ്രഖ്യാപനം നടത്തുമ്പോൾ, പാവപ്പെട്ടവരുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് കെ എസ് കെ ടി യു സംസ്ഥാന വ്യാപകമായി ആത്മാഭിമാന സംഗമം സംഘടിപ്പിക്കുന്നത്. പാവപ്പെട്ട ജനങ്ങളുടെ നിലനിൽപ്പിനും അഭിമാന സംരക്ഷണത്തിനും വേണ്ടിയുള്ള പ്രക്ഷോഭത്തിൽ അണിചേരാൻ മുഴുവൻ മനുഷ്യസ്നേഹികളും തയ്യാറാവണമെന്ന് കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.
Discover more from News12 India
Subscribe to get the latest posts sent to your email.