“ലഹരി വലകൾ തകർക്കാം ഗോളടിച്ചു തുടങ്ങാം:കോളേജുകളിൽ ബോധവത്കരണ യാത്ര തുടങ്ങി”

ലഹരിക്കെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസുകളിൽ ലഹരി വിരുദ്ധ യാത്രക്കും ബോധവത്കരണ ക്ലാസിനും തുടക്കമായി. എക്സൈസ് വകുപ്പുമായി ചേർന്ന് നടത്തുന്ന പരിപാടി കല്ല്യാശ്ശേരി ആംസ്റ്റക്ക് കോളേജിൽ കണ്ണൂർ സിറ്റി പോലീസ് അസി. കമ്മീഷണർ ടി.കെ. രത്നകുമാർ ഉദ്ഘാടനം ചെയ്തു. ലഹരിയെ അകറ്റി നിർത്താനുള്ള ആർജ്ജവമാണ് യുവത കാണിക്കേണ്ടതെന്നും സമൂഹത്തെക്കുറിച്ച് ബോധമുള്ളവർ ആരും ലഹരി ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ അധ്യക്ഷനായി. റിട്ട. എക്സൈസ് ഓഫീസർ എം രാജീവൻ ബോധവത്കരണ ക്ലാസെടുത്തു. ലഹരിക്കെതിരായ പ്രചാരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലഘുലേഖ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല പ്രകാശനം ചെയ്തു. തുടർന്ന് വിദ്യാർഥികൾക്കായി ഗോളടി മത്സരവും സംഘടിപ്പിച്ചു.
‘ലഹരിക്കെതിരെ ഗോളടിക്കാം ക്യാമ്പസിൽ നിന്ന് തുടങ്ങാം’ എന്ന സന്ദേശവുമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് കോളേജുകളിലാണ് ലഹരിവിരുദ്ധ യാത്രയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നത്. ആദ്യദിവസം കല്ല്യാശ്ശേരി ആംസ്റ്റക് കോളേജ്, കല്യാശ്ശേരി ഇ.കെ നായനാർ മോഡൽ പോളിടെക്നിക്, കണ്ണപുരം കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ ക്യാമ്പസുകളിലാണ് ലഹരി വിരുദ്ധ യാത്ര നടത്തിയത്. വ്യാഴാഴ്ച മാടായി കോളേജ്, നെരുവമ്പ്രം ഐ എച്ച് ആർ ഡി കോളേജ്, പിലാത്തറ സെന്റ് ജോസഫ് കോളേജ്, പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ യാത്ര സംഘടിപ്പിക്കും. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമ സുരേന്ദ്രൻ, സെക്രട്ടറി കെ സുനിൽകുമാർ, ആംസ്റ്റക്ക് കോളേജ് ചെയർമാൻ എം.വി രാജൻ, ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ ഷുക്കൂർ മുണ്ടയാട്ട് കിഴക്കെപുരയിൽ എന്നിവർ സംസാരിച്ചു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading