
പനമരത്ത് യുഡിഎഫ് മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻ്റ് ആക്കിയെന്ന അധിക്ഷേപ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.
കല്‍പ്പറ്റ: ആദിവാസി വിഭാഗത്തെ അധിക്ഷേപിച്ച് മുതിര്‍ന്ന സിപിഐഎം നേതാവും വയനാട് ജില്ലാകമ്മിറ്റി അംഗവുമായ എ എന്‍ പ്രഭാകരൻ നടത്തിയ പ്രസംഗം വിവാദത്തില്‍. ‘കോണ്‍ഗ്രസുകാര്‍ സമര്‍ത്ഥമായി ലീഗുകാരിയായ ഹസീനയെ പുറത്താക്കി, ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി. അങ്ങനെ ആദ്യമായി പ്രസിഡന്റായ മുസ്ലീം വനിതയെ മറിച്ചിട്ടുവെന്ന ചരിത്രപരമായ തെറ്റാണ് ലീഗ് ചെയ്തിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ കയ്യുംകെട്ടി നിന്ന് മറുപടി പറയേണ്ടി വരും’, പ്രഭാകരന്‍ പറയുന്നു. ഈ പ്രസംഗമാണ് വിവാദമായത്.പനമരത്ത് ഇടത് മുന്നണിയുടെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു ആസ്യ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിലൂടെയാണ് പുറത്തായത്.23 അംഗങ്ങൾ ഉള്ള പഞ്ചായത്തിൽ നേരത്തേ എൽഡിഎഫ് 11, യുഡിഎഫ് 11, ബിജെപി 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫിനും എൽഡിഎഫിനും തുല്യവോട്ട് കിട്ടിയതോടെ നറുക്കെടുപ്പിലൂടെയാണു മുൻപ് എൽഡിഎഫിലെ പി.എം. ആസ്യ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇവരെയാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയത്. യുഡിഎഫിൽ പ്രസിഡൻറ് സ്ഥാനാർത്ഥിയായി ഹസീനയുടെയും ലക്ഷ്മി ആലക്കമുറ്റത്തിന്റെയും പേരുകൾ ചർച്ചയിൽ ഉണ്ടായിരുന്നു. യുഡിഎഫിലെ ഭിന്നതയെ തുടർന്ന് ആദ്യദിവസം തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. പാണക്കാട് സാദിഖ് അലി തങ്ങൾ ഇടപട്ടാണ് ലക്ഷ്മി ആലക്കമുറ്റത്തെ പ്രസിഡൻറ് സ്ഥാനാർഥിയായി തീരുമാനിച്ചത്.യുഡിഎഫിലെ ധാരണപ്രകാരം മുസ്‌ലിം ലീഗിനാണു പനമരം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം. എന്നാൽ, എൽഡിഎഫിനുള്ള പിന്തുണ പിൻവലിച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്ന ബെന്നി ചെറിയാന്റെ വോട്ട് ഉറപ്പാക്കണമെന്നതിനാലാണ് അവിശ്വാസ പ്രമേയത്തിൽനിന്ന് ആദ്യദിവസം യുഡിഎഫ് വിട്ടുനിന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കു ലീഗ് നേതൃത്വം നിശ്ചയിച്ച ലക്ഷ്മിക്കു ബെന്നി ചെറിയാന്റെ പിന്തുണ ഉറപ്പാക്കാൻ പിന്നീട് പലതലങ്ങളിൽ ചർച്ചകൾ നടന്നു. തുടർന്നാണു ലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടത്. 22-ാം വാർഡ് ആയ വെള്ളരിവയലിൽനിന്നു ജയിച്ച അംഗമാണ് ലക്ഷ്മി. എൽഡിഎഫിലെ ജെഡിഎസിൽ നിന്ന് പുറത്താക്കിയ ബെന്നി ചെറിയാൻ തൃണമൂൽ കോൺഗ്രസിൽ ചേർന്ന് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് അവിശ്വാസപ്രമേയത്തിനു അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായത്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.