26 May 2026
എക്സ്-റേ യൂണിറ്റ് കെട്ടിടം നിർമ്മിക്കുന്നതിന്  അഡ്വ പി. സന്തോഷ്‌കുമാർ  എം. പി. മുപ്പത് ലക്ഷം രൂപ അനുവദിച്ചു.

ആലപ്പുഴ:അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എക്സ്-റേ യൂണിറ്റ് കെട്ടിടം നിർമ്മിക്കുന്നതിന് രാജ്യസഭാ എം. പി.അഡ്വ പി. സന്തോഷ്‌കുമാർ എം. പി. ഫണ്ടിൽ നിന്നും മുപ്പത് ലക്ഷം രൂപ അനുവദിച്ചു.അരൂക്കുറ്റി സാമൂഹ്യരോഗ്യകേന്ദ്രത്തിൽ എക്സ് റേ സൗകര്യം ഏർപ്പെടുത്തണമെന്നത് കാലങ്ങളായുള്ള രോഗികളുടെ ആവശ്യമായിരുന്നു. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് എക്സ് റേ എടുക്കേണ്ടി വന്നാൽ വളരെ ദൂരെ സ്ഥിതി ചെയ്യുന്ന പ്രൈവറ്റ് സ്ഥാപനങ്ങളിൽ പോയി എക്സ്-റേ എടുത്തു കൊണ്ടുവരേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. എക്സ്-റേ മെഷീൻ സ്ഥാപിക്കുവാനുതകുന്ന രീതിയിലുള്ള കെട്ടിടം ആശുപത്രിയിൽ ഇല്ലാത്തത് യൂണിറ്റ് സ്ഥാപിക്കുവാൻ വലിയൊരു തടസ്സമായിരുന്നു. ഇപ്പോൾ ഇതിനൊരു പരിഹാരം ആയിരിക്കുകയാണ്. കെട്ടിട നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് മെഷീനും അനുബന്ധ ഉപകരണങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങി സ്ഥാപിക്കുമെന്ന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് വി ആർ രജിത അറിയിച്ചു.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തനം തുടങ്ങിയിരുന്നു.
മിതമായ നിരക്കിൽ വിദഗ്ധ സേവനം ഇവിടെ ലഭിക്കും. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും മെഡിക്കൽ ഓഫീസർ ഡോ. റൂബി യുടെ നേതൃത്വത്തിലുള്ള പ്രവർത്തനമാണ് യൂണിറ്റിന് സാധ്യത യൊരുക്കിയത്.