
ചാലിയാര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച എബിസിഡി ക്യാമ്പില്‍ 814 ആധികാരിക രേഖകള്‍ ലഭ്യമാക്കി.
മലപ്പുറം ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ക്യാമ്പിലൂടെ സമാപനമായി. ക്യാമ്പില്‍ ചാലിയാര്‍ പഞ്ചായത്തിലെ വനമേഖലക്കകത്തുള്ള 39 ഊരുകളില്‍ നിന്നുള്ള 814 ആളുകള്‍ക്ക് ആവശ്യമായ രേഖകള്‍ ഉടനടി ലഭ്യമാക്കാന്‍ സാധിച്ചു.
ചാലിയാര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച എബിസിഡി ക്യാമ്പിന്റെ ഉദ്ഘാടനം ഇടിവണ്ണ എസ്റ്റേറ്റ് ഗവ:എല്‍ പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മനോഹരന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ തോണിയില്‍ സുരേഷ് അധ്യക്ഷനായി. പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍മാരായ പിടി ഉസ്മാന്‍, ഗ്രീഷ്മ പ്രവീണ്‍, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍എന്‍ സിന്ധു, ജില്ലാ അക്ഷയ കോഡിനേറ്റര്‍ ടി എസ് അനീഷ് കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ശ്യാംകുമാര്‍, അകമ്പാടം വില്ലേജ് ഓഫീസര്‍ സാക്കിര്‍ മുഹമ്മദ്, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ ടി അനീഷ്, ഉണ്ണികൃഷ്ണന്‍, എസ് ടി പ്രമോട്ടര്‍ ബ്ലെസ്സി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ന് നടന്ന ക്യാമ്പിലൂടെ ആധാര്‍ കാര്‍ഡ് – 148, ‘റേഷന്‍ കാര്‍ഡ് – 121, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് – 44, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ – 35, ഈ ഡിസ്ട്രിക് – 180, ജനന സര്‍ട്ടിഫിക്കറ്റ് – 130, പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റുകള്‍ – 1, പ്രിന്റഡ് ആധാര്‍ – 10, ഡിജി ലോക്കര്‍ – 57, കാസ്പ്-86, തൊഴില്‍ കാര്‍ഡ് – 2 എന്നിങ്ങനെയാണ് രേഖകള്‍ വിതരണം ചെയ്തതെന്ന് അക്ഷയ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് നിത്യജീവിതത്തില്‍ ആവശ്യമായ ആധികാരിക രേഖകളായ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, തിരഞ്ഞെടുപ്പ് തിരിച്ചറില്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് (കെ.എ.എസ്.പി), ബാങ്ക് അക്കൗണ്ട് എന്നിവ ലഭ്യമാക്കുകയും ഈ രേഖകള്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാനുള്ള സംവിധാനം ചെയ്യുകയുമാണ് എ.ബി.സി.ഡി പദ്ധതിയുടെ ലക്ഷ്യം.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങളില്‍ ഒരു വിഭാഗത്തിന് ആധികാരിക രേഖകളുണ്ടെങ്കിലും അവ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ചിലര്‍ക്ക് ഇത്തരം രേഖകളൊന്നുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കാനും അത് സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള സൗകര്യമൊരുക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പട്ടികവര്‍ഗവിഭാഗക്കാരുടെ അടുക്കല്‍ നേരിട്ടെത്തിയും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചുമാണ് ഇവര്‍ക്ക് രേഖകള്‍ ലഭ്യമാക്കിയത്. വിദൂര ഊരുകളില്‍ നിന്നും ക്യാമ്പുകളിലെത്താന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
ജില്ലാ ഭരണകൂടത്തിന് കീഴില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഐ.ടി. മിഷന്‍, അക്ഷയ കേന്ദ്രങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ്, ഇലക്ഷന്‍ വകുപ്പ്, ആരോഗ്യ വകുപ്പ്, വില്ലേജ് ഓഫീസര്‍മാര്‍, ലീഡ് ബാങ്ക്, മറ്റ് അനുബന്ധ ബാങ്കുകള്‍, ഹരിതകര്‍മ്മസേന തുടങ്ങിയവരും പദ്ധതിയില്‍ പങ്കാളികളായി.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.