തിരുവനന്തപുരം: കാടു നശിപ്പിക്കുന്നവർക്കെതിരേയുള്ള നാടകവുമായി കാടിൻ്റെ മകൻ കലോത്സവ വേദിയിലെ താരമായി ചരിത്രം കുറിച്ചു. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ അംഗമായ മലമ്പണ്ടാര ഗോത്രവിഭാഗത്തിൽപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി സുഭീഷാണ് കലോത്സവ ചരിത്രത്തിൻ്റെ ഭാഗമായെത്തിയത്. സർക്കാർ കണക്കനുസരിച്ച് വളരെ കുറച്ച് ആളുകൾ മാത്രമുള്ള ഈ വിഭാഗത്തിൽ നിന്ന് ഒരു വിദ്യാർഥി ആദ്യമായാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തിയത്. പ്രകൃതി സംരക്ഷണത്തിൻ്റെ കഥ പറയുന്ന സൈറൺ എന്ന നാടകമാണ് സുഭീഷും സംഘവും ഇന്ന് ടാഗോർ തിയറ്ററിൽ അവതരിപ്പിച്ചത്. നാടക അവതരണത്തിനു ശേഷം വൈകിട്ട് നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രിമാരായ വി. ശിവൻ കുട്ടിയും ജി.ആർ . അനിലും ചേർന്ന് സുഭീഷിനെയും സംഘത്തെയും ആദരിച്ചു.
പത്തനംതിട്ട വടശേരിക്കര എം. ആർ. എസ്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് സുഭീഷ്.
ഗോത്രാചാരങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ടവർ വനത്തിനുള്ളിൽ അലഞ്ഞുതിരിഞ്ഞാണ് ജീവിക്കുന്നത്. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വനമേഖലകളിലാണ് ഇവർ വസിക്കുന്നത്. നിലവിൽ പത്തനംതിട്ട ജില്ലയിലെ ളാഹ വനമേഖലയിൽ താമസിക്കുന്ന മോഹനൻ്റെയും സുമിത്രയുടേയും ഒൻപതു മക്കളിൽ മൂത്തയാളാണ് സുഭീഷ്. പലപ്പോഴും സ്കൂൾ വിദ്യാഭ്യാസം നിർത്തിപ്പോയ സുഭീഷിനെ ഗോത്രവിഭാഗങ്ങളിൽപ്പെട്ടവർക്കുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻ്റെ തീവ്രശ്രമങ്ങളുടെ ഭാഗമായി തിരികെ എത്തിക്കാനായിട്ടുണ്ട്. ഈ വർഷം ഗോത്രവിഭാഗങ്ങളുടെ തനത് കലകൾ അടക്കമുള്ളവ കലോത്സവത്തിൻ്റെ ഭാഗമാക്കിയ വിദ്യാഭ്യാസ വകുപ്പിന് അഭിമാനകരമായ അരങ്ങേറ്റം കൂടിയായി സുഭീഷിൻ്റെ നാടക അവതരണം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.