
തുഗ്ലക്ക് പരിഷ്കാരങ്ങളിലൂടെ പൊതുമരാമത്ത് വകുപ്പിനെ തകർക്കുന്നു – ചവറ ജയകുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട വകുപ്പുകളിൽ ഒന്നായ പൊതുമരാമത്ത് വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരങ്ങൾ നടപ്പിലാക്കി ഇല്ലായ്മ ചെയ്യാനുള്ള നീക്കം നടക്കുന്നതായി കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അഭിപ്രായപ്പെട്ടു.
പൊതുമരാമത്ത് വകുപ്പിനെ ആസൂത്രിതമായി തകർത്ത് കിഫ് ബിയേയും മറ്റ് ഏജൻസി കളേയും കുടിയിരുത്താനുള്ള നീക്കമാണ് നടത്തുന്നത്.
സ്റ്റേറ്റ്, സബോർഡിനേറ്റ് സർവ്വീസ് വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിലാണ് ജീവനക്കാരുടെ വലിയ പ്രതിഷേധം ഉയർന്നിരിക്കുന്നത്.നിലവിലുള്ള വിശേഷാൽ ചട്ടമനുസരിച്ച് തേർഡ് ഗ്രേഡ് ഓവർസിയർ, സെക്കൻഡ് ഗ്രേഡ് ഓവർസിയർ, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, അസിസ്റ്റൻറ്റ് എഞ്ചിനിയർ എന്നീ തസ്തികകളിൽ വരെ സർട്ടിഫിക്കേറ്റ് ഹോൾഡേഴ്സിനും, അസി.എക്സി.എഞ്ചിനിയർ, എക്സിക്യൂട്ടീവ് എഞ്ചിനിയർ എന്നീ തസ്തികകളിൽ ഡിപ്ലോമ ഹോൾഡേഴ്സിനും നിലവിൽ പ്രമോഷൻ ലഭിച്ചു വരികയായിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ച് വകുപ്പിൽ താഴെ തട്ടിൽ ആത്മാർത്ഥതയോടെ ജോലി ചെയത് വരുന്ന പരിചയ സമ്പന്നരായ ജീവനക്കാരുടെ പ്രമോഷൻ അട്ടിമറിക്കാനാണ് ധൃതി പിടിച്ച് വിശേഷാൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത്.
രണ്ടാം ഗ്രേഡ് ഓവർസിയർ 1:1 റേഷ്യോയും ഫസ്റ്റ് ഗ്രേഡിൻ്റെ 3:7 എന്ന റേഷ്യോയും അസി.എഞ്ചിനിയറുടെ 6:3:1 (ആറ് ഡിഗ്രി: 3 ഡിപ്ലോമ:1 സർട്ടിഫിക്കേറ്റ് ) എന്നീ അനുപാതത്തിലുള്ള പ്രമോഷനുകളിലാണ് വൻ വെട്ടിക്കുറവ് വരുത്താൻ നീക്കം നടത്തുന്നത്. അസി.എക്സി.എഞ്ചിനിയർ, എക്സി.എഞ്ചിനിയർ തുടങ്ങിയ തസ്തികളിലും ഡിപ്ലോമക്കാർക്ക് അവസരം ചുരുക്കാനാണ് ശ്രമം നടത്തുന്നത്.
ബൈ ട്രാൻസ്ഫർ പ്രമോഷൻ വഴി ജീവനക്കാർക്ക് ലഭിച്ചിരുന്ന അർഹമായ സ്ഥാന കയറ്റം നാമമാത്രമായ 5% ആക്കി കുറയ്ക്കുന്നതിനാണ് സ്പെഷ്യൽ റൂൾ ഭേദഗതിയിൽ സർക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
സർട്ടിഫിക്കറ്റ് കോഴ്സ് പാസായവർക്കും ഡിപ്ലോമ ഉള്ളവർക്കും അസിസ്റ്റൻറ് എൻജിനീയർ തലത്തിന് മുകളിലേക്ക് ഉയരാനുള്ള അവസരമാണ് ഇപ്പോൾ ഇല്ലാതാക്കുന്നത്.
എന്നാൽ ഉന്നത തസ്തികകളിൽ കാലഘട്ടത്തിനനുസൃതമായ യാതൊരു പരിഷ്കാരവും നിഷ്കർഷിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ജീവനക്കാരുടെ പരിചയസമ്പന്നതയ്ക്ക് യാതൊരു പ്രാധാന്യവും നൽകാതെ അക്കാദമിക് യോഗ്യത മാത്രം കണക്കിലെടുത്തുകൊണ്ട് ഉയർന്ന തസ്തികകളിൽ നേരിട്ടുള്ള നിയമനം നടത്തുന്നത് വകുപ്പിന് പ്രതിസന്ധിയിലാക്കുമെന്നത് തീർച്ചയാണ്.
ഭരണത്തിന്റെ ഒമ്പതാം വർഷം തിടുക്കത്തിൽ വിശേഷാൽ ചട്ടങ്ങൾ ഭേദഗതി ചെയ്യാനായി ചാടിപ്പുറപ്പെടുന്നതിന്റെ സാംഗത്യം വ്യക്തമല്ല.
തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിൽ നിന്നുള്ള പ്രമോഷനുകളാണ് അട്ടിമറിക്കപ്പെടുന്നതിൽ ഭൂരിഭാഗവും. സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസിൽ പെടുന്ന ജീവനക്കാരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ.
കരാർ ഏജൻസികൾ തയ്യാറാക്കുന്ന എസ്റ്റിമേറ്റുകൾ യാതൊരു പരിശോധനയും കൂടാതെ പാസാക്കി നൽകാൻ ഉദ്യോഗസ്ഥരുടെ മേൽ വലിയ സമ്മർദ്ദം ഉണ്ട്. ഡി എസ് ആർ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനോ പൊതുമരാമത്ത് വകുപ്പിന്റെ മാനുവലിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തുന്നതിനു യാതൊരു നടപടിയും സ്വീകരിക്കാത്തവരാണ് ഇപ്പോൾ ജീവനക്കാരുടെ പ്രമോഷൻ സാധ്യതകളെ തുരങ്കം വയ്ക്കുന്നത്.
കേരളത്തിലെ ഒട്ടുമിക്ക വകുപ്പുകളും ആധുനിക ലോകത്തിന് മുതൽക്കൂട്ടാകുന്ന തരത്തിൽ ഉന്നത തസ്തികകളിലേക്കുള്ള യോഗ്യതകൾ പരിഷ്കരിക്കുന്നുണ്ട്. എന്നാൽ പൊതുമരാമത്ത് വകുപ്പിൽ മാത്രം സാങ്കേതികവിദ്യ പരിജ്ഞാനം ഉള്ളവരെ മുകൾത്തട്ടിലേക്ക് എത്തിക്കാൻ യാതൊരു നീക്കവും ഇല്ല.
വകുപ്പിലെ തസ്തികളുടെ എണ്ണം കുറച്ചുകൊണ്ടുവരാനും അതിനുപകരം കരാർ ജീവനക്കാരെ പിൻവാതിൽ വഴി തിരുകി കയറ്റാനും ആണ് ധൃതിയിൽ നടക്കുന്ന വിശേഷാൽ ചട്ട പരിഷ്കരണ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പകൽ പോലെ വ്യക്തമാണ്.
ചട്ട പരിഷ്കരണത്തിന് ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തിയതായി വിവരം ലഭ്യമല്ല.
അതിനാൽ തന്നെ മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുടെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ സ്പെഷ്യൽ റൂൾ ഭേദഗതിക്കായി നീങ്ങുന്നത് എന്നത് ഉറപ്പാണ്.
താഴെത്തട്ടിലുള്ള ജീവനക്കാർക്ക് ലഭിക്കുന്ന പ്രമോഷനുകൾ അട്ടിമറിക്കാനുള്ള നീക്കം ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.